കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സ്മിതയെ അപമാനിച്ച എൽഡിഎഫിന്റെ കിരാത നടപടിയിൽ രാജീവ് ഗാന്ധി ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യരീതിയിൽ ജനങ്ങൾ തിരഞ്ഞെടുത്ത കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി നടത്തുന്ന വികസന വിപ്ലവത്തിൽ കലിപൂണ്ട എൽഡിഎഫ് മെമ്പർമാർ അൺപാർലമെൻററി പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മവിശ്വാസത്തെ തകർക്കുവാനും അതിലൂടെ യുഡിഎഫ് ഭരണസമിതിയുടെ വികസന തേരോട്ടത്തിന് തടയിടവാനുമുള്ളഎൽഡിഎഫ് മെമ്പർമാരുടെ തരംതാണ പെരുമാറ്റത്തിൽ രാജീവ് ഗാന്ധി പഞ്ചായത്ത് അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ ജനാധിപത്യ സംവാദങ്ങൾക്ക് അവസരങ്ങൾ ഉണ്ടായിരിക്കെ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ പ്രസിഡണ്ട് ആയിരിക്കുന്ന വ്യക്തിയെ വ്യക്തിഹത്യ നടത്തുന്ന തലത്തിലേക്ക് എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ തരംതാണുപോകുന്നത് കണ്ടില്ലെന്ന് നടിക്കുന്ന എൽഡിഎഫ് നേതാക്കന്മാർക്ക് വരും തെരഞ്ഞെടുപ്പുകളിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും അസോസിയേഷൻ വിലയിരുത്തി.
അപമാനിച്ച മെമ്പർമാർക്കെതിരെ തക്കതായ നിയമ നടപടികൾ പോലീസിൻറെ ഭാഗമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി പഞ്ചായത്ത് അസോസിയേഷൻ നിയോജകമണ്ഡലം നേതാക്കളായ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബോസ് ജേക്കബ്, മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ വേണു കല്ലുരുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ മേഴ്സി പുളിക്കാട്ടിൽ, ബീന തങ്കച്ചൻ, അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് ഗാലക്സി, കുഞ്ഞാലി മമ്പാട്ട്, ജോണി വാളിപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.
Tags:
KARASSERY
