അസറു നിസ്ക്കാരം കഴിഞ്ഞു വലിയപ്പള്ളിയുടെ ചവിട്ടുപടിയിൽ അഴിച്ചിട്ട ചെരുപ്പുകൾ ധരിച്ചു പുറത്തേക്കിറങ്ങി, മഴക്കാലം കാത്തിരിക്കുന്ന പള്ളിയങ്കണത്തിലെ കുളപ്പടവിലേക്ക് നോക്കി നിൽക്കെ തൊട്ടപ്പുറത്തെ കബറിടത്തിലെ മൈലാഞ്ചി ചെടിയെ തഴുകി വന്ന ഒരു കാറ്റ് എന്റെ മുഖത്തെ കുളിരണിയിച്ചു കൊണ്ട് കടന്നുപോയി...
ഖബറസ്ഥാന്റെ ഓരത്തുകൂടി റോഡിലേക്കിറങ്ങുന്ന വഴി തുടങ്ങുന്നിടത്ത് പള്ളിക്ക് മുന്നിലായി ഇഎൻ ഉസ്ദാത് ഉറങ്ങുന്നു. ചുറ്റും മൈലാഞ്ചി ചെടികൾ വളർന്നു നിൽക്കുന്ന കബറിടത്തിലെ മീസാൻ കല്ലിൽ കൊത്തിവെച്ച പേര് വായിക്കെ കാലത്തിന്റെ ഏതോ തുരുത്തിൽ വെച്ച് കണ്ടു മുട്ടിയ ഒരു മുഖം എന്റെ മനസിൽ തെളിഞ്ഞു, ചിന്തകൾ വർഷങ്ങൾക്കപ്പുറത്തേക്ക് പോയി.
ചെറുവാടി മദ്രസയിൽ നിന്നും ദൈവത്തിന് സ്തുതി പറഞ്ഞു കൊണ്ട് ക്ലാസരംഭിക്കുന്ന മധുരമായ ആ ശബ്ദത്തിനുടമ.
"ഇൻ മഹമൂദ് മുസ്ലിയാർ"
എത്ര മനോഹരമായിരുന്നു ആ പാരായണം. ഇന്നും എല്ലാ വെള്ളിയാഴ്ച്ചയും, മറ്റു പല ശബ്ദങ്ങളിലൂടെയും ഖുതുബ കേൾക്കുമ്പോഴും അറിയാതെ ഉസ്താദിനെ ഓർക്കും.
വർഷങ്ങൾക്ക് മുൻപ് ഉപ്പയുടെ കയ്യും പിടിച്ച് മദ്രസയിൽ ചേരാനായി ചെല്ലുമ്പോഴാണ് ഞാനാദ്യമായി ഉസ്ദാതിനെ കാണുന്നത്. കണ്ണിൽ കാരുണ്യം നിറച്ച നോട്ടവും ചുണ്ടിൽ ചിരിയുമായി എന്നെ അടുത്തു വിളിച്ച ഉസ്താദ് എനിക്ക് മേശപുറത്ത് ഇരിന്നിരുന്ന പ്ലാസ്റ്റിക്ക് പൊതിയിൽ നിന്നും മഞ്ഞ കവറിൽ പൊതിഞ്ഞ രണ്ട് കുക്കീസ് മിട്ടായികൾ എടുത്തു തന്നു.എന്നിട്ട് ദിക്ക്റ് ചൊല്ലി എന്റെ തലയിൽ ഊതി നന്നായി പഠിക്കണമെന്നു പറഞ്ഞു, വായിൽ നുണഞ്ഞ മിട്ടായിയുടെ അതേ മധുരവുമായി ഞാൻ "അലിഫ് " ചൊല്ലി പഠിച്ചു തുടങ്ങി.
മദ്രസയിലെ എല്ലാക്കുട്ടികളോടും അദേഹം ഇതു പോലെ തന്നെയായിരുന്നു, വളരെ കുറച്ചു മാത്രം ദേഷ്യപെടുന്ന പ്രകൃതം. എപ്പോഴും പുഞ്ചിരി തൂകുന്ന മുഖഭാവം പള്ളിയിലും പുറത്തും വെച്ചു കണ്ടാൽ പ്രായഭേദമനേ സലാം പറഞ്ഞുകൊണ്ടുള്ള കുശലാന്വേഷണം.
വർഷങ്ങളോളം ചെറുവാടി മദ്രസയിലെ സദറുസ്താദായി പ്രവർത്തിച്ച ഇഎൻ ഉസ്താദ് മരണപെട്ടിട്ട് വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും ആ മുഖംമനസിൽ നിന്നും മാഞ്ഞിട്ടില്ല.
അവസാന ഇഴയും നരച്ചു കഴിഞ്ഞ തിളങ്ങുന്ന വെള്ളി താടിയും കണ്ണുകളിൽ ലാളിത്യവും വെള്ളഷർട്ടും മുണ്ടും വട്ട തൊപ്പിയും കയ്യിലെ സ്റ്റീൽവാച്ചും ഒരു കയ്യിൽ ടോർച്ചും പിടിച്ചു കൊണ്ട് നാട്ടുവഴിയിലൂടെ പുഞ്ചിരി തൂകികൊണ്ടുള്ള നടത്തവും മധുര ശബ്ദത്തിലുള്ള പാരായണവും ഇഎൻ ഉസ്താദ് ഉള്ളിലിന്നും നിത്യവസന്തമായി നിൽപ്പുണ്ട്.
Tags:
CHERUVADI
