Flash News

Nattu Media

ക്വുർആനിന്റെ മാനവിക സൗഹാർദ്ദ ദർശനങ്ങൾ നിത്യ പ്രസക്തം : വിസ്‌ഡം ക്വുർആൻ സമ്മേളനം

കോഴിക്കോട്: സൗഹൃദാന്തരീക്ഷം തകർക്കുന്ന വിഭാഗീയ ചിന്തകൾ വളർത്താൻ മന:പൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് അവയെ പ്രതിരോധിക്കാൻ മാനവിക സൗഹാർദ്ദങ്ങൾക്ക് വിലകൽപിക്കുന്ന ഖുർആനികാശയങ്ങൾക്ക് സാധിക്കുമെന്ന് വിസ്‌ഡം ക്വുർആൻ സമ്മേളനം വിലയിരുത്തി.

വർഗീയ വാദികൾ സ്വാസ്ഥ്യം കെടുത്തുകയും, ലിബറൽ സ്വതന്ത്ര ചിന്താ വാദികൾ കുടുംബ, സാമൂഹ്യ വ്യവസ്ഥകൾ തകർത്തെറിയാൻ പരിശ്രമിക്കുകയും ചെയ്യുന്ന വാർത്തമാന സാഹചര്യത്തിൽ വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന മാനവിക ദർശനത്തിന്റെയും കുടുംബ, സാമൂഹ്യ വ്യവസ്ഥയുടെയും മൗലികതയും നിത്യ പ്രസക്തമാണെന്നും വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കൊടിയത്തൂരിൽ സംഘടിപ്പിച്ച ക്വുർആൻ സമ്മേളനം ആവർത്തിച്ചു. വിശുദ്ധ ഖുർആൻ പഠനത്തിന്റെ അനിവാര്യതയും, പുതിയ കാലത്തെ പഠന സാധ്യതകളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

മണിപ്പൂർ കലാപത്തിൽ സ്ത്രീകളെ  നഗ്നരാക്കി നടത്തിച്ച് ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കി ക്രൂരമായ പീഢനങ്ങൾ നടത്തുന്നവർക്കും അതിന് നേതൃത്വം നൽകുന്നവർക്കുമെതിരെ രാജ്യം ഉണർന്ന് പ്രവർത്തിക്കുകയും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, അതിർത്തി സംസ്ഥാനങ്ങളിലേക്ക് കലാപം പടരാതിരിക്കാനുള്ള ജാഗ്രത അതത് സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രമുഖ പണ്ഡിതനും വിശുദ്ധ ക്വുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാഥിതിയായി. സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് കല്ലായി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ക്വു.എച്ച്.എൽ.എസ് പരീക്ഷാ വിജയികൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, കുവൈറ്റ് ഇസ്‌ലാഹി സെന്റർ സെക്രട്ടറി സി.പി അബ്ദുൽ അസീസ്, വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് വി.ടി അബ്ദുൽ ബഷീർ, വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സുഹൈൽ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

പ്രമുഖ പണ്ഡിതനും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രൊഫ. ഹാരിസ് ബിൻ സലിം, അബ്ദുൽ റഷീദ് കുട്ടമ്പൂർ, മുജാഹിദ് ബാലുശ്ശേരി, ത്വൽഹത് സ്വലാഹി, മുസ്തഫ മദനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി എ.എം ജംഷീർ, പ്രസിഡന്റ് അമീർ അത്തോളി, ഭാരവാഹികളായ സി.വി അസീൽ, മുഫീദ് നന്മണ്ട, ജാബിർ, ജുബൈർ, അസ്ഹർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)