കോഴിക്കോട്: മറന്നുപോകുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് ഭരണകൂടങ്ങളെ ഓര്‍മ്മപ്പെടുത്തേണ്ട കാലമാണിതെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ജോയ് കൈതാരം പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച അക്രമങ്ങള്‍ക്കെതിരെ മന:സാക്ഷിയുണര്‍ത്തല്‍ വായ് മൂടിക്കെട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മറന്ന് മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന രൂപത്തില്‍ പച്ച മനുഷ്യനെ അരിഞ്ഞ് തള്ളുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്ന് പുറത്തു വരുന്നത്. മതത്തിന്റെയും ജാതിയുടെയും, സ്വത്ത് കയ്യടക്കലിന്റെയും അക്രമങ്ങളാണ് നടക്കുന്നത്. ഭരണകൂടം കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ മനുഷ്യര്‍ വെടിയേറ്റ് മരിക്കുകയാണ്. ഭാരത സംസ്‌കാരത്തെക്കുറിച്ച് ഘോഷിക്കുന്ന ഋഷി വര്യന്‍മാരുടെ നാട്ടിലാണ് സ്ത്രീകളെ ദ്രോഹിക്കുന്നത്. ഗുജറാത്തില്‍ മുസ്ലിംകള്‍ക്കെതിരായി കലാപം നടന്നപ്പോള്‍ അന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി ഉറക്കത്തിലായിരുന്നു. ഇന്ന് മണിപ്പൂരിലും, ഹരിയാനയിലും കലാപം നടക്കുമ്പോള്‍ പ്രധാന മന്ത്രി മൗനം പാലിക്കുകയാണ്. ഗുജറാത്തില്‍ നടന്ന കലാപത്തന്റെ തുടര്‍ച്ചയായി രാജ്യത്ത് പലയിടത്തും നടത്താന്‍ ആസൂത്രണം നടക്കുകയാണ്. മനുഷ്യത്വമുള്ള, മാനവികമായി ചിന്തിക്കുന്നവര്‍ ചോദിക്കുകയാണ് ഇന്ത്യക്കെന്ത്പറ്റിയെന്ന്. കേരളത്തിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് സി.ടി.ടോം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസ്മാന്‍ ചാത്തംചിറ സ്വാഗതവും, സുനില്‍.കെ.മണ്ണൂര്‍ നന്ദിയും പറഞ്ഞു. ടി.പി.സാഹിര്‍, മോഹനന്‍.കെ, സുലൈഖ രാമനാട്ടുകര, ഷാഹുല്‍ ഹമീദ്.എം.പി.വൈദ്യരങ്ങാടി, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, പി.ടി.സി ഗഫൂര്‍, ജോമോന്‍ കോടഞ്ചേരി, ബാബു പീറ്റര്‍, പ്രഭാകരന്‍ എളേറ്റില്‍, സേവ്യര്‍.കെ.പി, അഹമ്മദലി കൊയിലാണ്ടി, കെ.സി.മുഹമ്മദ്, ലില്ലിക്കുട്ടി കല്ലറയ്ക്കല്‍, സൗദ വൈദ്യരങ്ങാടി പ്രസംഗിച്ചു.
Tags:
KOZHIKODE
