Flash News

Nattu Media

എ പ്ലസ് കിട്ടുന്നവരിലും അക്ഷരം ഉറക്കാത്തവരുണ്ടാവാം

🖊️എ ആർ. കൊടിയത്തൂർ




കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ എസ്. ഷാനവാസ് പറയുന്നു: "അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത കുട്ടികൾക്ക് വരെ എസ്. എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ലഭിക്കുന്നു. ഇത്തരക്കാർക്ക് പരീക്ഷാ രജിസ്റ്റർ നമ്പർ അക്കത്തിൽ എഴുതാൻ അറിയുമെങ്കിലും അക്ഷരത്തിൽ എഴുതാൻ അറിയില്ല".
 ഈ കാര്യത്തോട് പ്രതികരിക്കവേ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത് ഇങ്ങനെയാണ്: "ശില്പശാലകളിൽ ഒരുപാട് അഭിപ്രായങ്ങൾ വരും. അതെല്ലാം സർക്കാർ നിലപാടായി കാണേണ്ടതില്ല. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് സർക്കാർ നയം. കുട്ടികളെ തോൽപ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുന്നത് സർക്കാർ നിയമമല്ല. എല്ലാ കുട്ടികളെയും ഉൾക്കൊണ്ട് ഗുണമേന്മ വർദ്ധിപ്പിക്കുകയാണ് വേണ്ടത്.അതിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല.കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണെന്നും മന്ത്രി കൂട്ടി ചേർത്തു.
 കൊറോണ കാലത്ത് നമ്മുടെ വിദ്യാലയങ്ങൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. എല്ലാ കോഴ്സുകളും ഓൺലൈനിൽ നൽകിയിരുന്നു. രക്ഷിതാക്കൾ സ്വന്തം മൊബൈൽ ഫോൺ നൽകിയും,മറ്റു രൂപത്തിൽ സംഘടിപ്പിച്ചും കുറെ പേർ ഈ ഓൺലൈൻ ക്ലാസിൽ സജീവമായിരുന്നു. എന്നാൽ ചില വിദ്യാർത്ഥികളും രക്ഷിതാക്കളും ഫോണിലൂടെ ഉള്ള  ക്ലാസുകൾ ഗൗനിച്ചിരുന്നില്ല. ചില കുട്ടികൾ ഓൺലൈൻ ക്ലാസിൽ വന്ന് ഹാജർ പറഞ്ഞു മുങ്ങും. രക്ഷിതാക്കളുടെ കണ്ണ് തെറ്റുമ്പോൾ ചില കുട്ടികൾ ഗെയിം കളിക്കും
.അങ്ങനെ കുറെ സമയം നമ്മുടെ മക്കൾ തള്ളി നീക്കി.ഞാൻ ഒരു സ്ഥാപനത്തിൽ ഈയിടെ അധ്യാപനം നടത്തിയിരുന്നു. അവിടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആറു വിദ്യാർത്ഥികൾ അക്ഷരം അറിയാത്തവരാണ്. ഏഴാം ക്ലാസിൽ മൂന്നുപേരും ഉണ്ട്. മറ്റു ക്ലാസുകളിലും അക്ഷരം ഉറക്കാത്തവർ കുറെയുണ്ട്.
 ഞാൻ വയനാട്ടിലെ ഒരു എയ്ഡഡ്  യു.പി സ്കൂളിൽ 22 വർഷം ജോലി ചെയ്തിട്ടുണ്ട്.
 മുൻ മന്ത്രിയായിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ അധ്യാപനം നടത്തിയ സ്കൂൾ ആണത്.പൂതാടി അധികാരിയുടെ മകന്റെ മാനേജ്മെന്റിൽ നടക്കുന്ന സ്കൂളിൽ കഴിവുള്ള അധ്യാപകരെ മാത്രമേ നിയമിക്കാറുള്ളൂ. രാമചന്ദ്രൻ മാസ്റ്ററുടെ അനിയൻ കെ കെ വിശ്വനാഥൻ മാസ്റ്റർ ഡിസിസി ജനറൽ സെക്രട്ടറിയും പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൂതാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ഒക്കെയായിരുന്നു. അദ്ദേഹം ആയിരുന്നു വളരെ കാലം സ്കൂളിലെ ഹെഡ്മാസ്റ്റർ. കോൺഗ്രസ് നേതാവ് എൻ.ആർ.സോമൻ മാസ്റ്ററും ഹെഡ്മാസ്റ്ററായിരുന്നു
. ആർ എസ് എസ്. നേതാവ്  ആയിരുന്ന ദാമോദരൻ മാസ്റ്റർ ആയിരുന്നു സംസ്കൃത അധ്യാപകൻ.
.കൊടിയത്തൂർക്കാരനായ പി പി മജീദ് മാസ്റ്റർ അവിടുത്തെ ഉറുദു അധ്യാപകനാണ്
. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ സ്കൂൾ സംബന്ധമായ കാര്യങ്ങളിൽ മാത്രമേ എല്ലാവരും ഒഴുകുകയുള്ളൂ.
SSA വരുന്നതിനുമുമ്പ് MLL (മിനിമം ലെവൽ ഓഫ് ലേർണിംഗ്) എന്ന പേരിൽ ഒരു വർഷക്കാലം മാത്രം ആയുസ്സ് ഉണ്ടായിരുന്ന ഒരു പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയിരുന്നു. കൊച്ചുകുട്ടികളിൽ അക്ഷരം ഉറക്കാനും തെറ്റ് കൂടാതെ പരിശീലിക്കാനും വളരെയേറെ പ്രയോജനപ്പെട്ട മലയാളം പുസ്തകങ്ങൾ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നത്. ഒരു വർഷം പൂർത്തിയായപ്പോൾ സർക്കാർ ആ പഠന പദ്ധതി നിർത്തി.
എന്റെ മക്കളെ ഞാൻ പരിശീലിപ്പിച്ചിരുന്നത് ആ പാഠപുസ്തകങ്ങൾ വച്ചായിരുന്നു.
 പിന്നീട് സർവ്വശിക്ഷാ അഭിയാൻ വന്നു
.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരായിരുന്നു എസ് എസ് എ നിയന്ത്രിച്ചിരുന്നത്.
. ( ഒരു കാര്യം സൂചിപ്പിക്കട്ടെ,ശാസ്ത്ര സാഹിത്യ പരിഷത്ത് ഉപകാരപ്രദമായ പല പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതിൽ പലതും ഞാനും സ്വന്തമാക്കിയിട്ടുണ്ട്)
 എസ് എസ് എ വന്നപ്പോൾ പാഠപുസ്തകങ്ങൾ മാറി.അക്ഷരങ്ങൾ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല. വാക്കുകളിലൂടെയും വചനങ്ങളിലൂടെയും കുട്ടികൾ സ്വായത്തമാക്കും എന്നാണ് എസ് എസ് എ ട്രെയിനർമാർ സ്കൂളുകളിൽ വന്നു പറഞ്ഞിരുന്നത്.
ഞങ്ങളുടെ സ്കൂളിലേക്ക് വന്ന ഒരു ബി ആർ സി ട്രെയിനറോട് ഹെഡ്മാസ്റ്റർ കുറേസമയം സംവദിച്ചു. ഒന്നാം ക്ലാസ് മുതൽ അക്ഷരം പഠിപ്പിക്കാത്ത രീതിക്ക് ഞങ്ങളുടെ വിദ്യാലയം ആനുകൂലിക്കില്ലെന്നും, പഴയ രീതിയും പുതിയ രീതിയും സമന്വയിപ്പിച്ചു മാത്രമേ ഞങ്ങൾ കൊണ്ടുപോകുകയുള്ളൂ എന്നും സാർ ട്രെയിനറോട് വ്യക്തമാക്കി.
 അന്ന് ഒന്നാം ക്ലാസിൽ പഠിപ്പിച്ചിരുന്ന അധ്യാപകരിൽ ഒരാളാണ് പൂർണിമ ടീച്ചർ.സ്കൂളിൽ നിന്നും വിരമിക്കുന്നതുവരെ അക്ഷരം പഠിപ്പിച്ചു കൊണ്ടാണ് അവർ അദ്ധ്യാപനം നടത്തിയിരുന്നത് എന്ന് ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നു.
 എന്റെ അനുഭവം തന്നെ പറയട്ടെ യു പി സ്കൂളിൽ നിന്നും പി. എസ് സി മുഖേന ഞാൻ ഹയർ സെക്കൻഡറിയിൽ എത്തി.പ്ലസ് വൺ,പ്ലസ് ടു ക്ലാസ്സുകളിലെ പരീക്ഷ നടത്തിപ്പിന്നായി ഞാൻ പല ഹയർ സെക്കൻഡറി സ്കൂളിലും പോയിട്ടുണ്ട്.
 പരീക്ഷയുടെ രജിസ്റ്റർ നമ്പർ അക്കത്തിലും അക്ഷരത്തിലും എഴുതണം. അക്ഷരത്തിൽ എഴുതുമ്പോൾ പലരും തെറ്റായിട്ടാണ് എഴുതിയിരുന്നത്. തെറ്റിച്ച കുട്ടികളുടെ ചോദ്യപേപ്പറുകളിൽ പലപ്പോഴും ശരിയാക്കി എഴുതി കൊടുത്തിട്ടുണ്ട്.
 പൊതു വിദ്യാഭ്യാസ ഡയറക്ടർ സത്യമാണ് പറഞ്ഞത് പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ വരെ പല വിദ്യാർത്ഥികളും മലയാളവും ഇംഗ്ലീഷും എഴുതുന്നത് തെറ്റിച്ചാണ്.
 ഇതിന് പരിഹാരം കണ്ടെത്തുകയെ നിർവാഹമുള്ളൂ
.അക്ഷരം തെറ്റിക്കുന്ന വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ കുറെ വിദ്യാഭ്യാസ ഏജൻസികൾ ഇപ്പോൾ ഉണ്ട്.പ്രത്യേകം പരിശീലനം നേടിയ അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നത്.INLIGHT INDIA എന്ന പേരിൽ ഒരു പരിശീലന സംവിധാനമുണ്ട്. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും അതിന്റെ കൂടെ നടത്തുന്നു
. സൗത്ത് കൊടിയത്തൂർ യു പി സ്കൂളിലെ അധ്യാപകൻ ഒഴുപാറക്കൽ മുഹമ്മദിന്റെ ഭാര്യ മുർശിദ ഇത്തരം കുട്ടികളെ അക്ഷരാഭ്യാസമുള്ളവരാക്കി മാറ്റുന്നുണ്ട്.
 മൂന്നാം ക്ലാസ് കഴിഞ്ഞിട്ടും അക്ഷരമറിയാതെ മുന്നോട്ടുപോകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനം നൽകാൻ മാത്രം സമയം സ്കൂളിലെയും മദ്രസകളിലെയും അധ്യാപകർക്ക് കിട്ടിയെന്ന്  വരില്ല. ഓരോ ക്ലാസിൽ വെച്ചും പഠിക്കേണ്ടത് അതാത് ക്ലാസുകളിൽ വെച്ചുതന്നെ പഠിക്കണം.നാട്ടിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സംഘടനകൾക്കും പ്രവർത്തകർക്കും ഇത്തരം കുട്ടികളെ കണ്ടെത്തി പരിഹാരബോധനം (റെമഡിയൽ ടീച്ചിംഗ്) നടത്താവുന്നതാണ്. ഏതെങ്കിലും രൂപത്തിൽ നമ്മുടെ മക്കൾ അക്ഷരാഭ്യാസം ഉള്ളവരായി തീരാൻ  ഓരോരുത്തരും ശ്രമിക്കുക.
  

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)