വാഴക്കാട്: സി.എച്ച്. അക്കാദമി ഈ. അഹമ്മദ് സാഹിബ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ നാലാം സീസണിന്റെ കലാശക്കളിയില്‍ ടൈബ്രേക്കറിലൂടെ സിസ്‌കോ ചീനിബസാര്‍ ജേതാക്കളായി. ഡി വണ്‍ എഫ്‌സിയെയാണ് സിസ്‌കോ പരാജയപ്പെടുത്തിയത്.
അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരം തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം അന്വര്‍ത്ഥമാക്കുന്നതായിരുന്നു. ആദ്യ പകുതിയില്‍ ഒരു ജോഡി ഗോളുകള്‍ വീതിച്ചെടുത്ത് സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകളൊേന്നും പിറന്നില്ല.ഇരു ടീമുകളുടേയും ഗോള്‍മുഖങ്ങള്‍ ആക്രമങ്ങള്‍ പ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായിരുന്നു.
നൈജിരിയന്‍ താരങ്ങളുടെ മനോഹരമായ ഷോട്ടുകളും ഡ്രിബ്‌ളുകളും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. മത്സരത്തിന്റെ മുഴുവന്‍ സമയവും പിന്നിട്ടിട്ടും തുല്യശക്തികളില്‍ നിന്ന് ഒരു ടീമിനെ മാത്രം തെരഞ്ഞെടുക്കല്‍ ക്ലേശകരമായിരുന്നു. ഒടുവില്‍ ടൈബ്രേക്കറിലും സമനില.
സഡന്‍ ഡത്തിലാണ് ഡി വണ്‍ എഫ്‌സിയുടെ താരത്തിന്റെ ഗോള്‍ സിസ്‌കോയുടെ കാവല്‍ക്കാരന്‍ തടുത്തതിനാല്‍ സിസ്‌കോക്ക് കിരീടം സ്വന്തമാക്കാനായി.
മുഖ്യാതിഥി അഹമ്മദ് സാഹിബിന്റെ സഹപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുല്‍ അലി മാസ്റ്റര്‍, കെ.എം.എ.റഹ്്മാന്‍,സ്പോൺസർമാർ ടൂർണമെന്റ് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
മീഡിയവണ്‍ സീനിയര്‍ ഡെപ്യുട്ടി ന്യൂസ് എഡിറ്റര്‍ പി.സി. സൈഫുദ്ദീന്‍, എസ് ബി. ടി ബഷീർ, സുബൈർ വാഴക്കാട് കെ ഒ നൗഷാദ് സമ്മാനദാന വിതരണം നടത്തി.
