രചന : അനിൽ മണ്ണത്തൂർ
എൻ എൻ കക്കാടിന്റെ വരികളിൽ പറഞ്ഞതുപോലെ ഓണവും, വിഷുവും, തിരുവാതിരയും പാശ്ചാത്യരുടെ പ്രണയദിനവും വിഡ്ഢി ദിനവും മാറി മാറി വരും. എന്റെയൊക്കെ കുട്ടിക്കാലം മുതൽ വിഡ്ഢി ദിനത്തെ ഏറെ സന്തോഷത്തോടെയാ ണ് സ്വീകരിക്കുന്നത്.മറ്റുള്ളവരെ വിഡ്ഢികളാക്കാൻ ശ്രമിച്ച് സ്വയം വിഡ്ഢികളായ എത്രയോ ഓർമ്മകൾ മനസ്സിലുണ്ട്. ദിനങ്ങൾക്ക് മുന്നേ വിഡ്ഢിദിനത്തിലേക്ക് വേണ്ട പദ്ധതികൾ ഒരുക്കും എന്നിട്ടോ, പലപ്പോഴും മറക്കും, ചങ്ങാതിമാരുടെ കെണിയിൽപ്പെട്ട് ഇപ്പോഴത്തെ കുട്ടികൾ പറയുന്ന 'ശശിയാകുന്ന' നിമിഷങ്ങൾ അതു പറഞ്ഞു അവർ ചിരിക്കുമ്പോൾ വരുന്ന ചമ്മൽ ഇപ്പോഴും തെളിഞ്ഞു വരുന്നു.
ഏപ്രിൽ ഫൂളിന്റ ഉത്ഭവം അജ്ഞാതമാണെങ്കിലും നിരവധി സിദ്ധാന്തങ്ങളുണ്ട്.ഏപ്രിൽ ഒന്ന് വിഡ്ഢി ദിനവുമായുള്ള ബന്ധത്തെ കുറിച്ച് പല കഥകളും ഉണ്ടെങ്കിലും ഒന്നും വ്യക്തമല്ല.
കൊച്ചുകുട്ടികളാണ് ഇതിൽ ഏറെ ആവേശം കൊള്ളുന്നത് .ഏപ്രിൽ ഒന്നിന് കള്ളം പറഞ്ഞാൽ കുറ്റം ഇല്ലെന്നും ശിക്ഷ കിട്ടുകയില്ലെന്നും ഒക്കെയാണ് വിശ്വാസം.കുട്ടിക്കാലത്ത് വീടിന്റെ അടുത്തുള്ള തറവാടിലേക്ക് ഓടി പോയി മാമന്മാരെ പറ്റിക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടു തിരിച്ചുവരുമ്പോൾ വരമ്പിൽ നിന്ന് വയലിലേക്ക് വീണതും ശരീരം മുഴുവൻ ചിത്രങ്ങൾ ഉണ്ടായതും ശരീരത്തിൽ വന്ന നീറ്റലും ഒരുപാട് കാലം ഓർമ്മയിലുണ്ട്.
പിന്നീടൊരിക്കൽ അതിരാവിലെ കിണറ്റിൽ ബക്കറ്റ് വീണെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോൾ അച്ഛന്‍ ഓടിവന്ന് കിണറ്റിലേക്ക് ടോർച്ച് അടിച്ചു നോക്കുമ്പോൾ ടോർച്ച് കിണറ്റിലേക്ക് വീണതും തുടർന്ന് അച്ഛനോട് ശകാരവും അടിയും കിട്ടിയതോടെ ഏപ്രിൽ ഫൂൾ ദിനം എന്റെ ശത്രുവായി മാറി.
കോളേജ് പഠനകാലത്ത് ദേവഗിരി കോളേജിലെ ഹോസ്റ്റലിൽ താമസിക്കുമ്പോൾ പുലർകാലത്ത് ഏതോ വികൃതി കൂട്ടുകാരൻ കോണിചുവട്ടിൽ ഗുണ്ട് പൊട്ടിച്ചതും ശബ്ദം കേട്ട് റൂമിൽ നിന്ന് പേടിച്ചോടിയതും പിറ്റേന്ന് വാർഡന്റെ അടുത്ത് പരാതി പറഞ്ഞപ്പോൾ 'അതൊരു ഏപ്രിൽ ഫൂൾ വിനോദം അല്ലേ' എന്ന കാണ്ണാട്ടച്ചന്റെ ചോദ്യം കേട്ടപ്പോഴാണ് അന്ന് ഏപ്രിൽ ഒന്നാണ് എന്ന് ഓർമ്മ വന്നത്.
അനുഭവ കഥകൾ നിർത്തി ഇനിയൊരു കേട്ടകഥ പറയട്ടെ, ഞാൻ കൂത്താട്ടുകുളത്ത് ശ്രീധരീയം നേത്രാലയത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ് മത്തായി സാറെ പരിചയപ്പെടുന്നത്. പ്രമേഹവും രക്തസമ്മർദ്ദവും കൂടെപ്പിറപ്പുകൾ ആയ സാറിന് ഒരു ദിനം രാവിലെ ഉണർന്നപ്പോൾ ഒന്നും കാണാൻ കഴിയുന്നില്ല. ഭാര്യയോടും മകനോടും കാര്യം പറഞ്ഞപ്പോൾ ഉടനെ മകന്റെ മറുപടി 'ഇത്രയും കാലം കണ്ടില്ലേ അതൊക്കെ തന്നെ ധാരാളം ' ഭാര്യയാണെങ്കിൽ ശ്രദ്ധിച്ചതേയില്ല. കുറേ കഴിഞ്ഞപ്പോൾ സാറിന്റെ പ്രയാസം കൂടി വന്നപ്പോഴാണ് ഭാര്യയും മകനും ആകുലപ്പെടുന്നത്. അതുവരെ ഏപ്രിൽ ഒന്ന് പ്രമാണിച്ചുള്ള സാറിന്റെ അഭിനയമാണ് എന്നാണ് അവർ കരുതിയത്. ഏപ്രിൽ ഒന്നിന് ആർക്കും നെഞ്ചുവേദന വരുത്തല്ലേ എന്നു പറഞ്ഞ് മാഷ് കുലുങ്ങി കുലുങ്ങി ചിരിക്കുന്നത് ഇന്നും ഓർമ്മ വരുന്നു.
ഇനിയും അധികം പറഞ്ഞ് നിങ്ങളെ ഈ വിഡ്ഢി ദിനത്തിൽ ചിന്തിപ്പിക്കുന്നില്ല......
