വന്‍ വിവാദം അലയടിക്കുന്നതിനിടയില്‍ സുപ്രഭാതം ദിനപ്പത്രത്തില്‍ വീണ്ടും എല്‍ഡിഎഫിന്റെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് എല്‍ഡിഎഫ് പരസ്യം വന്നിരിക്കുന്നത്. നേരത്തേ പരസ്യം വന്നതിന് എതിരേ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കണ്ണൂരിലെയും കോഴിക്കേട്ടെയും എഡീഷനുകളില്‍ ഒന്നാം പേജിലും രണ്ടാം പേജിലും പരസ്യമുണ്ട്. കണ്ണൂരില്‍ രണ്ടാം പേജില്‍ എം.വി. ജയരാജന് വോട്ടു ചെയ്യാനും കോഴിക്കോട്ട് കെ.കെ. ശൈലജയ്ക്ക് വോട്ടുചെയ്യാനും ആവശ്യപ്പെട്ടാണ് പരസ്യം വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രത്തോടു കൂടിയ പരസ്യത്തില്‍ ''ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.'' എന്നുമാണ് പരസ്യവാചകം. ഉള്‍പേജില്‍ കോണ്‍ഗ്രസിന്റെ പരസ്യവുമുണ്ട്.
സമസ്ത പത്രത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം വന്നത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു.
ലീഗ് പ്രവര്‍ത്തകര്‍ പത്രം കത്തിക്കുകയും ചെയ്തിരുന്നു. ഈ മാസം 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സുപ്രഭാതം പത്രം കത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എല്‍.ഡി.എഫ് പരസ്യം വന്നിരിക്കുന്നത്.
സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാൾ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം.
