Flash News

Nattu Media

പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതക്ക് അധിക ബാച്ചുകള്‍ അനുവദിച്ച് കൊണ്ട് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി


കോഴിക്കോട്
. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും, ആവശ്യമായ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മലബാറില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റം ഉണ്ടാവുകയും, കൂടുതല്‍ കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടുകയും ചെയ്യുന്ന സമയത്ത് ഹയര്‍ സെക്കണ്ടറി തലത്തിലും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തിലും അധിക ബാച്ചുകള്‍ അനുവദിച്ച് ശ്വാശതമായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന പേരില്‍ നിലവിലെ ക്ലാസുകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് ഇരുട്ട് കൊണ്ട് ഓട്ടയടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹയര്‍ സെക്കണ്ടിറി തലത്തില്‍ 1: 40 അനുപാതത്തിലാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഉണ്ടാവേണ്ടത്. എന്നാല്‍ കേരളത്തില്‍ 1:50 അനുപാതത്തിലാണ് ഹയര്‍ സെക്കണ്ടറി ഉണ്ടായിരുന്നത്. പല തവണകളായി മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തി 1:65 അനുപാതത്തിലേക്കും, 1: 70 അനുപാതത്തിലേക്കും ഇത് വര്‍ദ്ധിപ്പിക്കുമ്പോള്‍ അധ്യാപനത്തിന്റെ കാര്യക്ഷമത കുറയുമെന്നും, വിദ്യാര്‍ത്ഥികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനും, ഇടപെടാനും അധ്യാപകര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് കാരണം ഹയര്‍ സെക്കണ്ടറി തലത്തില്‍ വിദ്യാഭ്യാസ നിലവാര തകര്‍ച്ച രൂപപ്പെടുമെന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികളോടുള്ള ഈ സമീപനം അവരുടെ ഭാവി തകര്‍ക്കുമെന്നും, വരാനിരിക്കുന്ന തലമുറയോടുള്ള സര്‍ക്കാര്‍ ചെയ്യുന്ന തെറ്റ് തിരുത്താനുള്ള സമരമാണ് മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യു.ഡി.എഫ് ഭരിച്ച സമയത്ത് വിദഗ്ദരുടെ സമിതിയാണ് സ്‌കൂള്‍ കരിക്കുലവുമായി ബന്ധപ്പെട്ട വിദ്യാഭ്യസ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാറുള്ളത്. സര്‍ക്കാര്‍ അത് പഠിച്ച് നടപ്പാക്കാറുമുണ്ട്. എന്നാല്‍ ഇടതു പക്ഷം ഭരിക്കുന്ന സമയത്ത് പാര്‍ട്ടിക്കാരായ ആളുകള്‍ നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ട് വവന്ന് വിദ്യാഭ്യാസ സമ്പ്രദായത്തെയാകെ താറുമാറാക്കുന്ന സമീപനങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വളര്‍ന്നു വരുന്ന കുട്ടികള്‍ നമ്മുടെ സമ്പാദ്യങ്ങളാണെന്നും, ആ സമ്പാദ്യങ്ങളെ കൊല്ലുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് മുസ് ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ് ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മലബാര്‍ ജില്ലകളിലേക്കുള്ള പ്ലസ് ടു അപര്യാപ്തത സൂചിക്കുമ്പോള്‍ അത് മലപ്പുറം വികാരമായും മുസ്ലിം വിഭാഗത്തിന്റെ ആവശ്യമായും ചുരുക്കുന്നത് അംഗികരിക്കാന്‍ ആവില്ലെന്നും, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍ സെക്കണ്ടറിയില്‍ തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പ്രഭാഷണം നിര്‍വഹിച്ചു, പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രിക്കും, മറ്റു ഉപരി പഠനങ്ങള്‍ക്കും കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തും അനവധി അവസരങ്ങള്‍ ഉണ്ട്. എ്ന്നാല്‍ എസ്.എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് ഈ രീതിയില്‍ വിപുലമായ അവസരങ്ങളില്ല. അവര്‍ക്ക് കേരളത്തില്‍ തന്നെ ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട് ഇതിന് അവസരം കൊടുക്കാതിരിക്കുന്നത് ഇടതു പക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണെന്നും, ഭാവി തലമുറയോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.. എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എല്‍.എ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഹമ്മദ് പുന്നക്കല്‍, അഡ്വ. നൂര്‍ബിന റഷീദ്, ഇ.പി ബാബു, ആഷിക്ക് ചെലവൂര്‍, അഫ്‌നാസ് ചോറോട് എന്നിവര്‍ പ്രസംഗിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി,എ അസീസ് മാസ്റ്റര്‍ സ്വഗതവും, സെക്രട്ടറി ഒ.പി നസീര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)