Flash News

Nattu Media

അരുണോദയം കുനിയിലിനെ തകർത്ത് റഷീദ എഫ്.സി എടവണ്ണപ്പാറ സെമിയിൽ

ചെറുവാടി : കാൽപ്പന്ത് കളിയിലെ മലപ്പുറം വീറും സാംസ്കാരിക പൈതൃകവും ഒത്തുചേർന്ന അസുലഭ രാവിൽ, നിഷാദ്‌മോൻ & സുൽഫിക്കർബാവ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി റഷീദ എഫ്.സി എടവണ്ണപ്പാറ. ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ക്വാർട്ടർ ഫൈനലിലെ 'മലപ്പുറം ഡാർബി'യിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് (4-0) എടവണ്ണപ്പാറ അരുണോദയം കുനിയിലിനെ തകർത്തെറിഞ്ഞത്.

ഇന്നലെ രാത്രി ചെറുവാടി, പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം അരങ്ങേറിയത്. ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ സ്വന്തം ടീമുകൾ നേർക്കുനേർ വന്നപ്പോൾ, ജില്ലയുടെ തനതായ വേഗതയും അറ്റാക്കിംഗ് ഫുട്ബോളുമാണ് മൈതാനത്ത് കണ്ടത്. എന്നാൽ മത്സരത്തിന്റെ തുടക്കം മുതൽ റഷീദ എഫ്.സി എടവണ്ണപ്പാറ വ്യക്തമായ ആധിപത്യം പുലർത്തി. അരുണോദയം കുനിയിലിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റങ്ങൾ പുറത്തെടുത്ത എടവണ്ണപ്പാറ ആധികാരികമായ വിജയത്തോടെ കിരീട സാധ്യതകൾ കൂടുതൽ സജീവമാക്കി.

കളിയാവേശത്തിന് മാറ്റുകൂട്ടാൻ മലപ്പുറത്തിന്റെ സാംസ്കാരിക അടയാളങ്ങളായ പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാക്കൾ അതിഥികളായി എത്തിയത് ഗാലറിക്ക് ഇരട്ടി മധുരമായി.


പ്രമുഖ മാപ്പിളപ്പാട്ട് രചയിതാക്കളായ സി. വി. എ. കുട്ടി ചെറുവാടിയും ടി. പി. അബ്ദുള്ളയുമായിരുന്നു മത്സരത്തിലെ മുഖ്യാതിഥികൾ. മലപ്പുറത്തിന്റെ സിരകളിലോടുന്ന ഫുട്ബോൾ ലഹരിയും മാപ്പിളപ്പാട്ട് പെരുമയും ഒത്തുചേർന്ന വേദി കാണികൾക്ക് വേറിട്ടൊരനുഭവമാണ് സമ്മാനിച്ചത്. ഇവരെക്കൂടാതെ അശോകൻ, സുധീർ പരവരിയിൽ, ബീരാൻകുട്ടി എന്നിവരും ആവേശകരമായ ഈ കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ വിശിഷ്ടാതിഥികളായി ഗ്രൗണ്ടിലെത്തിയിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)