Flash News

Nattu Media

9 കുട്ടികളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു


എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.  പ്രൈമറി ക്ലാസിലെ 19 വിദ്യാ‍ർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാന്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂളിലെ പ്രൈമറി ക്ലാസുകൾ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള  ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്. ഇവരിൽ ചിലരുടെ  മാതാപിതാക്കളിലും സമാന ലക്ഷണങ്ങൾ കണ്ടിരുന്നു. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്. 

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.
വയറിളക്കം്ഛർദ്ദി

രോഗ ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാൽ എന്ത് ചെയ്യണം

വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.

രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്.

കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)