വീട്ടിലെ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും അടിച്ചു തെളിച്ചു വൃത്തിയാക്കുകയാണ് ഉമ്മയും പെങ്ങൻമാരും, തട്ടിൻ പുറത്തെ കാലൊടിഞ്ഞ കസേരക്ക് പോലും വെള്ളം തട്ടിയിരിക്കുന്നു. വീടിന്റെ അകവും പുറവും വൃത്തിയായി ഉരസി കഴുകി മനോഹരമാക്കും, വീട്ടിലെ സ്ഥിരം ഉപയോഗ വസ്തുക്കളായ മേശ, കസേര, ചിരവ, ഭരണികള്‍ വാതിൽ കട്ടില, ജനൽ പൊളികൾ അങ്ങിനെയെല്ലാമെല്ലാം പെറുക്കി കൂട്ടി, പാറോത്തിന്റെയില കൊണ്ട് തേച്ച് കഴുകി പുതിയത് പോലെ നിറം വെപ്പിക്കും.
അതിനൊക്കെയും അയൽപക്കത്തെ വീടുകളിലെ കൂട്ടുകാരും ഉത്സാഹത്തോടെ കൂടെ കൂടുന്നു,അങ്ങനെ എല്ലാവരും കൂടി കഴുകുന്നത് ചെറുപ്പത്തിൽ വലിയൊരാവേശമായിരുന്നു,
അരിയും മുളകും മഞ്ഞളും മല്ലിയും ഗോതമ്പും മൊക്കെയായി മില്ലില്‍ കൊണ്ട് പോയി ആഴ്ചകൾക്ക് മുമ്പ് തന്നെ തയ്യാറാക്കി വെക്കും.
റമദാനിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സജ്ജരാകുകയാണവർ.മാനസിക ശുദ്ധീകരണത്തിന് മുന്നോടിയായി ഭൗതിക ശുദ്ധി പ്രകടനം നടത്തുക കൂടിയാണത്. അങ്ങിനെയുള്ള തയാറെടുപ്പുകള്‍ നോമ്പിന്റെ വിശുദ്ധിയെ എടുത്തു കാണിക്കുന്നു, ശാരീരികമായും മാനസീകമായും എല്ലാവരും നോമ്പിനെ വരവേല്‍ക്കുന്നു.
ഇന്ന് അവയെല്ലാം അപൂര്‍വ്വമായേ കാണുന്നുവെങ്കിലും,
മുൻ തലമുറകൾ റമദാനിന്റെ വരവിനെ ഈറ്റെടുക്കുന്നവരായിരുന്നു.
പാറോത്തിലയും ചകിരി നാരും കൊണ്ട് ആവർത്തിച്ചുരസി ഒരാണ്ടിലെ ചേറിൻ കറകൾ കഴുകി കളയുന്നു. വിശുദ്ധ മാസത്തെ വരവേൽക്കാൻ വിശ്വാസി മനസ്സുകൾ ഒരുങ്ങുകയാണ്. കൂടെ വീടും പരിസരവും ചുറ്റുപാടുകളും വൃത്തിയാക്കാനും വിശ്വാസികൾ ഒരുങ്ങുകയാണ്. നനച്ചു കുളി എന്ന പേരിൽ അറിയപ്പെടുന്ന ശുചീകരണ പ്രവർത്തനങ്ങളിലൂടെ..
"നനച്ചു കുളി കഴിഞ്ഞ വീടിന് നോമ്പിന്റെ മണമാണ്, ആവർത്തിച്ചുരസി മിനുക്കിയ സ്ഫടിക തിളക്കവും"
Tags:
My Pen
