എന്റെ ഗ്രാമത്തിലെ ഞാനുൾപ്പെടെയുള്ള സുഹൃത്തുക്കൾ നേതൃത്വം കൊടുക്കുന്ന "നാട്ടൊരുമ" സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഇപ്രാവശ്യവും നെൽകൃഷി നടത്തിയിരുന്നു.
കാരക്കുറ്റി എന്ന കൊച്ചു ഗ്രാമത്തെ അതിരിടുന്ന കുറ്റിപ്പൊയിൽ പാടശേഖരങ്ങളിൽ നാലേക്കർ
നിലമൊരുക്കി കൃഷി ചെയ്തിരുന്നു.
കെ കെ സി നാസർ, ചെറുകുന്നത്ത് അബൂബക്കർ , കുഞ്ഞോയി കാരക്കുറ്റി,രാജു ,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൃഷി ഒരുക്കിയിരുന്നത്.
കുറ്റിപ്പൊയിൽ പാടശേഖരങ്ങൾ കതിരണിഞ്ഞ് സ്വർണ്ണം വിളഞ്ഞപ്പോൾ നഷ്ടപ്പെട്ട ഭൂതകാലങ്ങൾ തിരിച്ചു പിടിക്കാനായി .
അന്ന് ഗ്രാമത്തിന്റെ
പട്ടിണി മാറ്റിയതിവിടമായിരുന്നു
കുറ്റിപ്പൊയിൽ പാടശേഖരം മുതൽ
അങ്ങ് കിഴക്ക് നെല്ലിക്കാപ്പറമ്പ് കാളപ്പുറം പാടശേഖരം വരെ അനന്തമായി കിടക്കുന്ന വയലേലകൾ പച്ചപ്പട്ടണിഞ്ഞ് കിടക്കും നേരം മന്ദമാരുതനെ തലയാട്ടി സ്വീകരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ കുളിർകാറ്റ് വീശും. ഞാറ്റടി മുതൽ കൊയ്ത്തും മെതിയു മെല്ലാം ഉത്സവലഹരിയിലാവുമവിടം.
ആധുനികതയുടെ പുതുലോകം പിറന്നപ്പോൾ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു , പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയവർ.ജീവിതശൈലി രോഗങ്ങളുടെ ദുരിതം പേറുകയാണിന്ന്.
ഇവിടെ നിന്നും തുടങ്ങുകയാണ് നാട്ടൊരുമയും നാട്ടുകാരും കാർഷികത്തനിമ വീണ്ടെടുക്കാൻ .
അതിൽ ഒരു പങ്ക് എനിക്കും കിട്ടി രണ്ട് ചാക്ക് നെല്ല് .ഞാനത് മില്ലിൽ കൊണ്ടുപോയി. തൊലി മാത്രം കളഞ്ഞു. തവിടു നിലനിർത്തി ചോറ് വെച്ചപ്പോൾ ബാല്യകാല സ്മരണകളുടെ സുഗന്ധം ഉച്ച വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ ഇടയ്ക്കിടെ വീശുന്ന ഇളങ്കാറ്റിനൊപ്പം ഒഴുകിവരുന്നത് മനസ്സിൽ കുളിർമയേകി.
ഇന്ന് ഉച്ചയൂണിന് എൻപാതി തയ്യാറാക്കിയത് ആ പുന്നെല്ലിൻ ചോറും ,മുറ്റത്തെ പ്ലാവിലെ ചക്കയും, പച്ച തേങ്ങയും, പച്ചമുളകും കൂട്ടി കറിവെച്ചതും. അടുക്കള തോട്ടത്തിലെ പച്ചമുളക്, കൈപ്പങ്ങ കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കിയത് ,കൂടാതെ പപ്പായയുടെ അച്ചാറും വീട്ടിൽ ഉണ്ടാക്കിയ തൈരും എല്ലാം കൂടിച്ചേർന്നപ്പോൾ ബാല്യകാല സ്മരണകൾ ഓർത്തോർത്തു പോയി ഞാൻ .
ഓർമ്മകളിലെ ഉച്ചയൂണിന് വിയർപ്പിന്റെ ഗന്ധവും,പട്ടിണിയുടെ കൈപ്പുനീരിന്റെ രുചിയുമായിരുന്നു.
ആരെങ്കിലും കല്യാണം വിളിക്കുന്നതും കാത്ത് നോമ്പ് നോറ്റിരുന്ന കാലം, അല്ലെങ്കിൽ ഓണവും വിഷുവും വരുന്നത് കാത്തുനിന്ന കാലം , അന്നായിരുന്നു ചോറ് തിന്നാറ് .
ഉച്ചയ്ക്ക് വലിയ മൺചട്ടിയിൽ ഞങ്ങളെല്ലാവർക്കും കൂടി , കുറച്ചു വറ്റും കൂടുതൽ കഞ്ഞിവെള്ളവും വിളമ്പി തരും അമ്മ .
എല്ലാവരുടെ കയ്യിലും പ്ലാവിലകുമ്പിൾ ഉണ്ടാവും.
അതെടുത്തെല്ലാവരും ആ ഒരേയൊരു പാത്രത്തിൽ നിന്നും ആർത്തിയോടെ കോരി കുടിക്കുന്ന കാഴ്ചയും ആ സ്നേഹബന്ധവും മനസ്സിലിന്നും മരുപ്പ ച്ചയായി നിൽക്കുന്നു.
കഞ്ഞി കുമ്പിളിൽ കോരി വായിലേക്കൊഴിക്കുമ്പോൾ , മേലോട്ട് നോക്കുന്നേരം ഓട്ടയായ ഓലപ്പുരയുടെ വിടവിലൂടെ നീലാകാശം എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
തൊട്ടുകൂട്ടാൻ പച്ചമുളക് ചമ്മന്തിയും .ചിലപ്പോൾ ചക്കപ്പുഴുക്ക് കിട്ടിയാൽ പിന്നെ പറയേണ്ടതില്ലല്ലോ.
രാവിലെ പൂളയും ചായയും .വിശപ്പിന്റെ ഉൾവിളിയിൽ പൂളയുടെ കൈപ്പ് മറന്നുപോകും.
രാത്രിയിൽ വാട്ട പൂളയും കഞ്ഞിവെള്ളവും കുടിച്ചു കിടന്നാൽ .രാത്രിയിൽ ഒരുപക്ഷേ മൂത്രം അറിയാതെ ഒഴിച്ചുപോകും. നേരം വെളുത്താൽ അമ്മയുടെ ശകാരവും ,സഹോദരിമാരുടെ കളിയാക്കലും അടക്കം പറിച്ചിലുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
അന്ന് സ്നേഹത്തിന് വിലയുണ്ടായിരുന്നു.
പരാതി പറയാനും വിധി നടപ്പിലാക്കാനും അച്ഛനമ്മമാരുണ്ടായിരുന്നു. ആ കൂട്ടുകുടുംബം എന്നും കളിവീടായിരുന്നു.
ഏതായാലും ബാല്യകാല സ്മരണകൾ കാലത്തിന്റെ രഥചക്ര മുരുളുമ്പോൾ അതിനടിയിൽപ്പെടാതെ
ചിരസ്മരണയായി ഇന്നത്തെ ഉച്ചയൂണിലൂടെ ഒഴുകിയെത്തിയത് സ്വാദ് വർധിപ്പിച്ചു.
Tags:
KODIYATHUR
