Flash News

Nattu Media

കണിക്കൊന്ന പൂത്തപ്പോൾ.


കൈ
വിരലിലൂടെ ഒലിച്ചിറങ്ങുന്ന പറങ്കിമാങ്ങയുടെനീര് നാക്കുകൊണ്ട് നക്കിയെടുത്ത്, ഇലകളിൽ തെന്നി പാറി നടക്കുന്ന അപ്പൂപ്പൻതാടിയുടെ പിറകെചെന്നാൽ പണ്ട് ഞാൻ കപ്പിയേടത്ത് താഴത്തെ ചക്കര മാവിൻ ചുവട്ടിൽ കുഴിച്ചിട്ട കുന്നികുരുവിനടുത്തെത്താം.

അതിപ്പോൾ അവിടെയുണ്ടാകുമോ...? അറിയില്ല...!

ആധുനികതയുടെ കടന്നുകയറ്റം അവശേഷിപ്പിച്ചതിൽ നിന്നെനിക്ക് ആ കുന്നികുരു കണ്ടെത്താനായാൽ അതിലൂടെ എനിക്കെന്റെ ഓർമ്മയിൽ പൂത്തുലഞ്ഞ കൊന്നപൂക്കളിലെത്താം.

ഓരോ ഓർമകളും ലഹരിയാണ്. ഒഴിഞ്ഞ കുപ്പികൾ പോലെ പലതും ചിതറികിടക്കുന്നു,ഒരിക്കൽ അതിലെല്ലാം ഓർമ്മകളുണ്ടായിരുന്നു മനസിനെയും ശരീരത്തിനെയും ഉദീപിപിക്കാൻ ശേഷിയുള്ള ഓർമ്മകൾ.

വിഷുവിന്റെ തലേന്ന് ബിജുവിന്റേയും ശ്രീനുവിന്റെയും അച്ചൻ വാങ്ങി കൊടുത്ത  ഓലപടക്കം പാടവരമ്പത്തിരുന്ന് പൊട്ടിച്ചപ്പോൾ കൈയിൽ നിന്ന് പൊട്ടി ഒരുനിമിഷം ഒന്നും  കേൾക്കാതായതും, കണ്ണുമിഴിക്കുമ്പോൾ പട്ടു പാവാടയുടുത്ത് കയ്യിലൊരു മൊന്ത മോരുമായി കണിക്കൊരുങ്ങി നിൽക്കുന്ന അമ്മുവും അങ്ങനെയങ്ങനെ ഓർമ്മകളുടെ ഓരം ചാരി നടന്നാൽ, പാടവരമ്പിലൂടെ എല്ലാവരുമൊന്നിച്ച് കയ്യും പിടിച്ച് ഞാറ്റുവെട്ടിയിലെ കുളക്കടവിലെത്തും. ഒരുമണിക്കോ രണ്ടുമണിക്കോ കഴിച്ചിരുന്ന ഉച്ചഭക്ഷണം പതിനൊന്ന് മണിക്ക് അവരുടെ വീട്ടീന്ന് കഴിക്കുക എന്ന പുതുമ വിഷുവിനും ഓണത്തിനും മാത്രമേ ഉണ്ടാകാറുള്ളൂ.., വിശക്കുന്നവർ കഴിക്കുക എന്ന പതിവും അന്നിവിടെ തെറ്റാറുണ്ട്.

ഞാനും അവരും വീട്ടുക്കാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും, ആദ്യത്തെ ഉരുള അമ്മയിൽ നിന്ന് വാങ്ങികഴിക്കാൻ അവർ വഴക്കിടുന്നതും മധുരമുള്ള വിഷു ഓർമകളാണ്...!

കണികൊന്ന പൂക്കും പോലെ വല്ലപോഴും അവരേയൊക്കെ ഇപ്പോഴും കാണുബോൾ നിറമിഴികളോടെ അവർ പറയും, നമ്മുടേയൊക്കേ ആ പത്ത് വയസുകാരനെയാണ് അവർക്കും ഇഷ്ടമെന്ന്. 

വിഷുവിനെ ഓർമ്മകളുടെ ആ ഒഴിഞ്ഞ കുപ്പികളിൽ അടച്ചില്ലേൽ ഇനിയൊരിക്കൽ  എനിക്കതിനെ കണ്ടെത്താൻ പണിപെടേണ്ടിവരും. 

ഓർമ്മകളെ തൊട്ടുണർത്തി മറ്റൊരു വിഷുക്കാലം കൂടി കാത്തിരിക്കുന്നവർക്കായി പൂക്കാതിരിക്കാൻ കണിക്കൊന്നകൾക്കാവില്ലല്ലോ...?

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)