ബാല്യകാലങ്ങളിൽ ഓർമ്മവച്ച നാൾ മുതൽ അച്ഛനും അമ്മയും സഹോദരി സഹോദരന്മാരും പറഞ്ഞു കേട്ടാണ് വിഷുവിന്റെ ഐതിഹ്യങ്ങളും ആഘോഷങ്ങളും അറിയുന്നത്. വറുതിയുടെ അക്കാലങ്ങളിൽ വിഷുവെന്നാൽ വയറുനിറച്ച് ചോറ് തിന്നാം എന്നും മറ്റുള്ളവർക്കാർക്കും വാങ്ങിയില്ലെങ്കിലും എനിക്ക് വിഷു കോടി കിട്ടും എന്നുള്ള സന്തോഷവും കൂടാതെ ബന്ധുവീടുകളിലേക്ക് വിരുന്നിന് പോകാനും അവസരങ്ങൾ കിട്ടും എന്നുള്ളത് ഏറെ സന്തോഷകരമായിരുന്നു. ഗ്രാമത്തിന്റെ ഏതു മുക്കിലും മൂലയിലും കത്തുന്ന വെയിലിന്റൊപ്പം കണിക്കൊന്ന പൂത്തുലഞ്ഞു മഞ്ഞപ്പട്ടണിഞ്ഞ് വിരുന്നെത്തുന്ന മന്ദമാരുതന്റെ തലോടലിൽ ആടിയുലയുന്നത് കാണാൻ എന്തൊരു ചേലാണ്.
വിഷുവിന് ഒരാഴ്ച മുമ്പ് കെ.പ്യാക്കയുടെ റേഷൻ കടയിൽ പോയപ്പോൾ "പുലിക്കോടൻ " അരിയും , കൂടാതെ എനിക്കും സഹോദരിമാർക്കും ട്രൗസറിനും ഷർട്ടിനും പാവാടക്കും ബ്ലൗസിനുമെല്ലാമുള്ള കൺട്രോൾ തുണിയും (ഷാപ്പിലെ കോറ ) കൂടാതെ മണ്ണെണ്ണയും.സ്പെഷ്യൽ പഞ്ചസാരയും എല്ലാം വാങ്ങി ധൃതിയിൽ വീട്ടിലേക്ക് നടക്കുംനേരം, എന്റെ കയ്യിൽ മണ്ണെണ്ണ കന്നാസും ഏല്പിക്കും. കൊടിയത്തുരങ്ങാടിയിൽ നിന്ന് വീട്ടിലെത്തുമ്പോഴേക്കും നിരവധി തവണ ഞാനാ കന്നാസ് റോഡിന്റെ സൈഡിൽ വച്ചു ക്ഷീണം മാറ്റി. കൈകൾ മാറിമാറി പിടിച്ചുനോക്കി ഒരുവിധം വീട്ടിലെത്തിച്ചു.അപ്പോഴേക്കും ഓളം തള്ളി ചെമ്മൺ പാതയിലുടെനീളം മണ്ണെണ്ണ ഇറ്റിറ്റ് വീണു കൊണ്ടെയിരുന്നു.
ടൈലർ അബ്ദുറഹിമാൻ കാക്കയുടെ തയ്യൽ കടയിൽ ട്രൗസർ അടിക്കാൻ കൊടുത്തു.അത് വാങ്ങാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം "വിഷുവിന് കയ്യും കാലും ഉണ്ടോയെന്ന് " എന്ന് തമാശരൂപേണ ചോദിക്കും എന്തു പറയണമെന്ന് അറിയാതെ ഞാനും .
വീട്ടിലെ കിണറിന്റടുത്ത് നട്ടുവളർത്തിയ വെള്ളരിക്കയെടുത്ത് മൂത്ത ചേച്ചി പറഞ്ഞു ഇത് നമുക്ക് കണി വെക്കാനാണെന്ന് .തെക്കേപറമ്പിലെ പഞ്ചാര മാവിന്റെ ചുവട്ടിൽ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരത്തിൽ കയറി വലിയ ജേഷ്ഠൻ പൊട്ടിച്ചെടുത്ത കൊന്നപ്പൂവും വെള്ളരിക്കയിൽ കൂട്ടിക്കെട്ടി, വീടിന്റെ കോലായിലെ കൈക്കോലിൽ കെട്ടിത്തൂക്കി ചുവടെ നിലവിളക്ക് കത്തിച്ചു വെച്ച് കദളിപ്പഴം , മാമ്പഴം, കറുമൂസ, വീട്ടുമുറ്റത്തെ പഴവർഗങ്ങൾ എല്ലാം കണി വെക്കുന്നതിനു വേണ്ടി ഒരുക്കിവെക്കും. എന്നിട്ട് മൂടിപ്പുതച്ചുറങ്ങുന്ന എന്നെ അതിരാവിലെ കണ്ണു പൊത്തിപ്പിടിച്ചു കൊണ്ടുവന്നു കണി കാണിക്കും. പിന്നെ മണ്ണെണ്ണ വിളക്കിൽ കൊളുത്തി ഓലപ്പടക്കത്തിന് തീ കൊളുത്തും.അന്നൊക്കെ പടക്കം പൊട്ടിക്കുക എന്ന് പറയുമ്പോൾ ഭയങ്കര പേടിയായിരുന്നു.ആ പരിസരത്തൊന്നും നിൽക്കാതെ നടുവിലകത്തെ മഞ്ചക്കരികെ ഒളിച്ചിരിക്കും ഞാൻ . എന്റെ പേടിയകറ്റാൻ ഓലപ്പടക്കം വലിയ ഈർക്കിളിയിൽ കുത്തിപ്പിടിച്ച് എൻ്റെ കയ്യിൽ തന്ന് ചെറിയ ജേഷ്ഠൻ തീ കൊളുത്തിക്കും .ഓലപ്പടക്കം ശക്തിയിൽ പൊട്ടിത്തെറിച്ചപ്പോൾ മണ്ണെണ്ണ വിളക്ക് തെറിച്ചുപോയതും അച്ഛന്റെ ശകാരവും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓർ ക്കുന്നു.
ഉച്ചയ്ക്ക് അയൽവാസികളും സുഹൃത്തുക്കളും എല്ലാം ചേർന്ന് സദ്യ കഴിക്കും. വിഷു കഴിഞ്ഞ് പിറ്റേദിവസം സ്കൂളിലേക്ക് പോകുമ്പോൾ റേഷൻ ഷാപ്പിൽ നിന്ന് കിട്ടിയ കൺട്രോൾ തുണിയിൽ (ഷാപ്പിലെ കോറ തുണി ) കൊണ്ട് തയ്ച്ച ട്രൗസറും കുപ്പായവും ധരിച്ചു കുളൂസിലൊരു നടത്തം .ചിലര് വന്ന് തൊട്ടുനോക്കൂ.അപ്പോൾ ബീരാൻകുട്ടിയും ഗഫൂറും പറയും പെരുന്നാള് വരട്ടെ ഞങ്ങളും മേങ്ങും ഇതുപോലെ ....
ഇങ്ങനെയെല്ലാം സന്തോഷത്തിന്റെയും പ്രതീക്ഷകളുടെയും സമാധാനത്തിന്റെയും പേരാണ് വിഷു .
ഏവർക്കും ഐശ്വര്യസമ്പൂർണ്ണമായ വിഷു ആശംസകൾ .
