✍️ ഗിരീഷ് കാരക്കുറ്റി .
വ്യാപാരി വ്യവസായി സമിതിയുടെ
സ്ഥാപകനേതാക്കളിലൊരാളുമായ
കെ എം കുഞ്ഞവറാൻ അന്തരിച്ചു.
നെറികേടുകൾക്കെതിരെയും പണത്തിന്റെ മുമ്പിലും മുട്ടുമടക്കാതെ വ്യാപാരികൾക്കും തൊഴിലാളികൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ധീരനായിരുന്നു സഖാവ്.
മാവൂർ ഗോളിയോർ റയൺസിലെ തൊഴിലാളിയായി നിൽക്കെ സിഐടിയു രൂപീകരിച്ച് എളമരം കരീംക്കയുടെ തോളോട് തോൾ ചേർന്ന് തൊഴിലാളികളുടെ അവകാശ സമര പോരാട്ടത്തിന്റെ മുന്നിൽ നെഞ്ചൂക്കോടെ പൊരുതി നിന്ന് ആനുകൂല്യങ്ങൾ നേടിക്കൊടുത്ത ധീരനായിരുന്നു സഖാവ്.
പിന്നീട് ഗോളിയോർ റയൺസിലെ ജോലി രാജിവച്ചു മാനവ സൗഹൃദത്തിന്റെ ഈറ്റില്ലമായ മുക്കത്തേക്ക് വരികയും, അവിടെ ജോളി സ്റ്റോർ എന്ന സ്ഥാപനം തുടങ്ങുകയും കെട്ടിട ഉടമകളുടെ അമിതമായ വാടക നിരക്കിനെതിരെ വിരലിലെണ്ണാവുന്ന കച്ചവടക്കാരെ അണിനിരത്തി ചെറുകിട മർച്ചന്റ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച്
പോരാട്ടങ്ങൾക്ക് തിരികൊളുത്തി, ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ സമരം ചെയ്ത് വിജയപതാക പാറിപ്പിച്ചു ജൈത്രയാത്ര തുടരുമ്പോൾ , സി പി ഐ എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ സഖാവ് കേളുവേട്ടന്റെ നിർദ്ദേശത്താൽ സംസ്ഥാനതലത്തിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എന്ന സംഘടന രൂപീകരിക്കാൻ നേതൃത്വം കൊടുത്തത് സഖാവ് കെ എം ആയിരുന്നു.
രണ്ടു ദശകങ്ങൾക്കപ്പുറം കൊടിയത്തൂരിൽ ഞാൻ ടൈലറിംഗ് ഷോപ്പ് നടത്തുന്ന കാലത്ത് കൊടിയത്തൂരിൽ വരികയും കച്ചവടക്കാരെ സംഘടിപ്പിച്ചു സംഘടനക്ക് രൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഘടനാ പാഠവം മാതൃകയാക്കേണ്ടതാണ്.
കച്ചവട രംഗമാകെ വിഴുങ്ങാൻ മുക്കത്തെത്തിയ ഭീമാകാരന്മാരെ മുക്കത്തിന്റെ മണ്ണിൽ നിന്ന് കെട്ടുകെട്ടിക്കാൻ സമരത്തിന് നേതൃത്വം കൊടുത്ത പോരാളികളുടെ പോരാളിയായിരുന്നു കെ എം .
എല്ലാവരോടും നിറപുഞ്ചിരിയിൽ സ്നേഹം ചാലിച്ച് സ്നേഹാമൃതം നൽകിയ കെ എം കുഞ്ഞവറാൻ കാക്കയെ മുക്കത്തുകാർക്ക് മറക്കാൻ കഴിയില്ല.
ഈ വ്യാപാരി നേതാവിനെ ചിരസ്മരണയിലേറ്റി മാനവ സൗഹൃദത്തിന്റെ നാട് ആദരസൂചകമായി തലകുനിക്കുന്നു . ദീപ്ത സ്മരണക്കു മുമ്പിൽ ആദരാഞ്ജലികൾ .
Tags:
MUKKAM


