കൂളിമാട്: മണാശ്ശേരി - കൊടിയത്തൂർ - കവിലട, മാവൂർ - പന്നിക്കോട് എന്നീ റോഡുകളുടെ പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷരീഫ് അമ്പലക്കണ്ടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരിഷ്ക്കരിക്കുന്ന മണാശ്ശേരി - ചെറുവാടി റോഡിന്റെ പ്രവൃത്തി ഒച്ചിന്റെ വേഗതയിലാണ്. കൊടിയത്തൂർ മുതൽ ചെറുവാടി വരെ ചെളിക്കുണ്ടായി വാഹനാപടങ്ങൾ പതിവാണ്. റോഡ് വീതി കൂട്ടുന്ന പണി മന്ദഗതിയിലാണ്. കരാറുകാരന്റെ അനാസ്ഥ മൂലമാണ് നാട്ടുകാർ ദുരിതം പേറുന്നത്. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി പൊതുജനങ്ങളുടെ ക്ലേശം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.പ്രശ്നപരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പു നൽകി. കൂളിമാട് പാലം ഉൽഘാടനത്തിനെത്തിയ മന്ത്രിയെ കണ്ട വ്യാപാരി സംഘത്തിൽ ചുള്ളിക്കാപറമ്പ് യൂണിറ്റ് പ്രസിഡണ്ട് കെ.വി.അബ്ദുള്ള, കരീം ചെറുവാടി എന്നിവരുമുണ്ടായിരുന്നു.
Tags:
KODIYATHUR

