Flash News

Nattu Media

ബഷീറില്ലാത്ത 29 വർഷങ്ങൾ


ലയാള ഭാഷയുടെ ലാവണ്യവും ചൈതന്യവും ആദ്യമായി പുറത്ത് കൊണ്ടുവന്ന് മലയാളികളുടെ നാവിൻത്തുമ്പിൽ ഭാഷയുടെ മാധുര്യം തൊട്ട് തന്ന മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ.ആഡ്യത്തത്തിൻ്റെ ആവരണം തുടച്ച് നീക്കി ഭാഷയുടെയും ഭാഷാധിഷ്ഠിതമായ സംസ്ക്കാരത്തിന്റെയും സുതാര്യത്തീരങ്ങളിലൂടെ നമ്മെ കൈപിടിച്ച് നടത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.മലയാള ഭാഷയുടെ ലാളിത്യം മലയാളികൾക്ക് ഇന്നും വ്യക്തമാക്കിത്തരുന്ന സാഹിത്യമാണ് ബഷീറിന്റെത്. ഉദാഹരണമായി ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, വെളിച്ചത്തിനെന്ത് വെളിച്ചം, ചള്ക്കോപ്ള്ക്കോ, ലഡ്ക്കോസ്, പുളുങ്കൂസ് ഇങ്ങിനെയുള്ള ലളിതമായ ഭാഷാശൈലി അദ്ദേഹത്തിൻ്റെ കൃതികളിലെല്ലാം നിറഞ്ഞ് നിൽക്കുന്നുണ്ട്.

തലയോലപറമ്പിലെ പുത്തൻകാഞ്ഞൂർ വീട്ടിലാണ് ബഷീർ എന്ന ഇമ്മിണി വല്യ കഥാകാരൻ്റെ ജനനം. 1908 ജനുവരി 19ന് വൈക്കം തലയോലപ്പറമ്പിൽ ഖായി അബ്ദു റഹിമാൻ്റേയും കുഞ്ഞാച്ചി എന്ന് വിളിക്കുന്ന കുഞ്ഞാച്ചുമ്മയുടേയും മൂത്ത പുത്രനായി കഥാകാരൻ ജനിച്ചു.തലയോലപറമ്പിലെ മലയാളം സ്കൂളിൽ അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസം. പിന്നീട് വൈക്കത്തുള്ള ഇംഗ്ലീഷ് സ്കൂളിൽ ഫോർത്ത് ഫോറം വരെ പഠിച്ചു .ഇവിടെ വെച്ചായിരുന്നു ദേശീയബോധത്തിൻ്റെ തീജ്വാലകൾ അദ്ദേഹത്തിൻ്റെ സിരകളിൽ ആളി കത്തിയത്. 1924, കഥാകൃത്തിന് ഏതാണ്ട് 16വയസ് പ്രായം, കേരള ചരിത്രത്തിൽ ഇടം നേടിയ വൈക്കം സത്യാഗ്രഹത്തിൽ പങ്കുകൊണ്ട അദ്ദേഹം വിദേശ വസ്ത്രങ്ങൾ തീ ഇട്ട് നശിപ്പിച്ചു.

AD

ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിച്ചുകൊണ്ടതിന് സ്കൂൾ അധികൃതർ അദ്ദേഹത്തെ സ്കൂളിൽ നിന്നും പുറത്താക്കി.അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീടദ്ദേഹം നാട്ടിൽ നിന്നില്ല. സ്വാതന്ത്ര്യ സമരത്തിലെ കാവൽ ഭടനാവണമെന്ന തീരുമാനം മനസ്സിൽ വല്ലാതെ ഉറച്ചിരുന്നു. ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിച്ച അദ്ദേഹം വീട് വിട്ടു പോകുവാൻ തീരുമാനിച്ചു.അങ്ങിനെ ആരോടും പറയാതെ കാൽനടയായി വൈക്കം വരെ.ഒരു സുഹൃത്തിൻ്റെ പക്കൽ നിന്നും പണം വാങ്ങിയ ബഷീർ വൈക്കത്ത് നിന്നും എറണാകുളത്തിന് യാത്രയായി.അവിടെ നിന്നും കള്ളവണ്ടികയറി കോഴിക്കോട്ടെത്തിയ അദ്ദേഹം അബ്ദുറഹിമാൻ സാഹിബിനോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അവിടെ വെച്ച് നിയമ ലംഘനത്തിൻ്റെ ഭാഗമായി ജയിൽ ശിക്ഷക്ക് വിധേയനായി.

തികഞ്ഞ ഗാന്ധിയനായ ബഷീർ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പോലീസിൻ്റെ മർദ്ദനംകാരണം തൻ്റെയുള്ളിലെ അഹിംസാവാദത്തെ തുടച്ച് നീക്കിയിരുന്നു. തുടർന്ന് ഭഗത് സിംഗിന്റെയും രാജ്ഗുരുവിന്റെയും, ചന്ദ്രശേഖർ ആസാദിന്റെയും ആശയങ്ങൾ പിൻതുടർന്ന് തീവ്രവാദ സംഘടനയുണ്ടാക്കി പ്രവർത്തിച്ചു.അതിൻ്റെ മുഖപത്രമായ ഉജ്ജീവനം വാരികയിൽ പ്രഭ എന്ന തൂലികാനാമത്തിൽ വിപ്ളകരമായ തീപ്പൊരി ലേഖനങ്ങളെഴുതി. ഒടുവിൽ നീണ്ട പത്തു വർഷക്കാലത്തെ അലഞ്ഞ്തിരിയലിന്ശേഷം അദ്ദേഹം തൻ്റെ കുടുംബവീട്ടിലേക്ക് തിരിച്ച് വന്നു.

എന്നാൽ തിരികെ വന്നപ്പോൾ ഒരു കാലത്ത് താനനുഭവിച്ച സൗഭാഗ്യങ്ങളൊന്നും തന്നെ വീട്ടിലുണ്ടായിരുന്നില്ല. തടിക്കച്ചവടമായിരുന്നു ബാപ്പക്ക്. സമ്പന്നതയുടെ നടുവിൽ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്ന കാലത്തായിരുന്നു ബഷീറിൻ്റെ ജനനം.എന്നാൽ ആ സൗഭാഗ്യം മറ്റു സഹോദരങ്ങൾക്ക് ലഭ്യമായിരുന്നില്ല. കച്ചവടത്തിനിടയിലെ തർക്കവും വഴക്കും അദേഹത്തെ (വാപ്പയെ ) കോടതി മുറ്റത്തെത്തിച്ചു.കേസുമായി മൂന്നാട്ടു പോയ ബാപ്പക്ക് സമ്പാദ്യം മുഴുവനും നഷ്ടമാകാൻ തുടങ്ങി. ഒടുവിൽ കേസ് തോറ്റു, കച്ചവടം തകർന്നു,തുടർന്നദ്ദേഹം കാലത്തിന് കീഴടങ്ങി. വർഷങ്ങൾക്ക് ശേഷം തിരികെ വന്ന കഥാകാരന് കാണാൻ കഴിഞ്ഞത് കഷ്ടതയിൽ ഉഴറുന്ന കുടുംബത്തെയാണ്. പിന്നീട് ഉമ്മയുടെ അന്തേവാസികളോടൊപ്പം ആരേയും വേദനിപ്പിക്കാതെ ,വേദനപ്പെടാൻ ഇടം വരുത്താതെ കാലങ്ങളോളം അങ്ങനെ.

Ad

അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കി മിനുക്കിയ പൊൻനാമ്പുകളായിരുന്നു ബഷീറിൻ്റെ രചനകൾ.1943ൽ അദ്ദേഹത്തിൻ്റെ ആദ്യ കൃതിയായ പ്രേമലേഖനം എന്ന നോവൽ പുറത്തിറങ്ങി.തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായിരിക്കുമ്പോഴാണ് ബഷീർ ഈ നോവൽ എഴുതിയത്.തിരുവിതാംകൂറിൽ നിരോധിച്ച ഈ നോവലിൽ കരാറടിസ്ഥാനത്തിൽ പ്രേമിക്കുന്നതിന് കാശ് വാങ്ങുന്ന സാറാമ്മയുടെയും കേശവൻ നായരുടെയും ജീവിതം നർമത്തിൻ്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു.

" ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രേമ സുരലിഭവുമാണ്, സാറാമ്മ എൻ്റെ ജീവിതത്തിലേക്ക് കടന്ന് വരൂ :കേശവൻ നായർ. 
" അത് നമ്മുടെ കരാറിൽ പറഞ്ഞിട്ടില്ലല്ലോ " :സാറാമ്മ.
ബഷീറിൻ്റെ ഏറ്റവും മികച്ച കഥാപാത്രമാണ് സാറാമ്മ. സാറാമ്മയുടെ നിലക്കാത്ത കുസൃതികളുടെയും പരിഹാസത്തിന്റെയും ഉറവിടം ഒടുങ്ങാത്ത ജീവിത ദു:ഖമാണ്. അത് കൊണ്ടാണ് കരയുന്നതിനേക്കാൾ നല്ലത് ചിരിക്കുന്നതാണെന്ന് സാറാമ്മ പറയുന്നത്.എന്നാൽ പ്രേമത്തിൻ്റെ മറ്റൊരു മുഖമാണ് ബാല്യകാല സഖിയിൽ നമുക്ക് കാണാൻ കഴിയുക. ഇടത്തരക്കാരൻ്റെ വേദന, നിസ്സംഗത ,ദുരന്തങ്ങളോട് പ്രതികരിക്കൽ, അവസാന നിമിഷത്തിലും ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേഷം, ഇതെല്ലാം ബാല്യകാല സഖിയിലെ മജീദിൽ നമുക്ക് ദർശിക്കാം. ജീവിതത്തിൽ നിന്നും വലിച്ചുചീന്തിയ ആ ഏടിൻ്റെ വക്കിൽ രക്തം പുരണ്ടിരിക്കുന്നത് ഈ നോവലിൽ കാണാം. ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്ത ഒരു തീവ്രസ് നേഹത്തിൻ്റെ കഥകൂടിയാണ് ബാല്യകാല സഖി.

വിമർശകരുടെ നിശിധമായ വിമർശനങ്ങൾ ഏറ്റുവാങ്ങി നിരോധിക്കപ്പെട്ട നോവലാണ് ശബ്ദങ്ങൾ. കപടസദാചാര വാദികളുടെ മുഖംമൂടി ചീന്തിയെറിഞ്ഞ് സൻമാർഗ്ഗ ചിന്തകളെ കുറിച്ചുള്ള മൂർച്ചയേറിയൊരന്വേഷണം ഈ നോവലിൽ കാണാം.1950-60 കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ നോവലുകളാണ് മുച്ചീട്ടുകളിക്കാരൻ്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും. നാട്ടിൻപുറത്തെ ചന്തകളിൽ സജീവമായിരുന്ന കുറേയേറെ ജനങ്ങളുടെ കഥ പറയുന്നവയായിരുന്നു ഈ നോവലുകൾ. ഒറ്റക്കണ്ണൻ പോക്കർ ,സൈനബ ,ആനവാരി രാമൻ നായർ ,പൊൻകുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പ ഇവരെയെല്ലാം നമുക്ക് ഈ നോവലുകളിൽ കാണാം.

Ad

മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് " എൻറുപ്പൂപ്പാക്കൊരാന ണ്ടാർന്ന് " എന്ന നോവൽ.ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങളായ കുഞ്ഞി പാത്തുമ്മയും നിസാർ അഹമ്മദും ആദ്യമായി കാണുന്നതും പ്രണയിക്കുന്നതും വളരെ രസകരമായി ഈ നോവലിൽ ബഷീർ ചിത്രീകരിച്ചിരിക്കുന്നു. സമുദായത്തിലെ വേലി പടർപ്പിനുള്ളിൽ നിന്നും യാഥാർത്ഥ്യ ലോകത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് കുഞ്ഞു പാത്തുമ്മയെ നയിക്കുകയാണ് നിസാർ അഹമ്മദ്. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയും സംഭവ വികാസങ്ങളും വിവരിക്കാൻ ഗ്രന്ഥകാരൻ ഉപയോഗിച്ച ഭാഷ അദ്ദേഹത്തിൻ്റെ കഥകളിലെ കഥാപാത്രങ്ങൾക്ക് യോജിച്ച ഭാഷ തന്നെയായിരുന്നു. ഈ നോവലിലെ കുഞ്ഞു പാത്തുമ്മയുടെ ഭാഷ കണ്ണട്ട കടിച്ചും, കുളിച്ചല്ലേയെന്ന് പറഞ്ഞാലെന്താ, മുണ്ങ്ങാൻ പാടില്ല, മെഷമം, എന്നിങ്ങനെ രസാവഹമായ എഴുത്ത് മറ്റാരുടേയും കൃതികളിൽ നമുക്ക് കാണാൻ സാധിക്കില്ല. ആർക്കും അനുഗരിക്കാൻ സാധിക്കാത്ത ശൈലി ആയിരുന്നു അദ്ദേഹത്തിൻ്റേത്.സ്വന്തം സമുദായത്തിൻ്റെ ജീർണതകളെ നർമത്തിൻ മേമ്പൊടി ചേർത്ത് അവതരിപ്പിച്ച നോവലാണ് എൻ്റുപ്പൂപ്പാക്ക് ഒരാനണ്ടാർന്ന്. 

സ്വന്തം കുടുംബത്തിലെ ചെറിയ ചെറിയ ഭൂകമ്പങ്ങളും ഓരോ കുടുംബാഗത്തിൻ്റേയും സ്വഭാവവും സംഭാഷണങ്ങളും ജീവിത രീതികളുമൊക്കെ നർമത്തിൻ്റെ മേമ്പൊടിയോടെ ' പാത്തുമ്മയുടെ ആടിൽ '' അവതരിപ്പിച്ചിരിക്കുന്നു. എറിഞ്ഞില് പോലെ കാപിടിച്ച് കിടക്കുന്ന ചാമ്പ മരം, ഉമ്മായുടെ വകയായ പത്ത് നൂറ് കോഴികൾ, അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങൾ, അഭയാർത്ഥികളായ പൂച്ചകൾ ,അവയെ പേടിച്ച് മച്ചുംപുറത്ത് സദാഓടി നടക്കുന്ന കാക്കത്തൊള്ളായിരം എലികളും, കൂടാതെ അബ്ദുൽ ഖാദർ , ഹനീഫ, അബൂബക്കർ ,പാത്തുമ്മ, ആനുമ്മ, ആരിഫ, ഈ പറയപ്പെട്ട ബഹളങ്ങളിൽ നോക്കുമ്പോൾ വന്നിരിക്കുന്നു ഒരാട്. അദ്ദേഹത്തിൻ്റെ മറ്റെല്ലാ രചനകളിലും ഏറിയോ കുറഞ്ഞോ ആത്മഭാഗങ്ങൾ കാണാൻ കഴിയും. പക്ഷേ പാത്തുമ്മായുടെ ആട് പൂർണമായും ബഷീറിൻ്റെ ആത്മകഥയാണ്.

ജയിൽ അനുഭവങ്ങളെ നർമഭാവേന അവതരിപ്പിക്കുന്ന മറ്റൊരു മനോഹരമായ നോവലാണ് '' മതിലുകൾ ". കാലങ്ങൾ കഴിഞ്ഞപ്പോൾ മതിലുകൾ ചലചിത്രമായി.നായികയില്ലാത്ത എന്നാൽ ശബ്ദ താളിലൂടെ നായികയെ പ്രേക്ഷക മനസ്സിൽ കൊണ്ടുവന്ന ഏകസിനിമ കൂടിയാണ് മതിലുകൾ. ഒരു നഷ്ട പ്രണയത്തിൻ്റെ നൊമ്പരം ഈ നോവലിൽ നിറഞ്ഞ് നിൽക്കുന്നു.

അമാനുഷിക ശക്തികളെക്കുറിച്ച് ഭാരതീയർക്കുള്ള വീമ്പു പറച്ചിലിനെ തുറന്ന് കാണിക്കുന്ന നോവലാണ് മാന്ത്രിക പൂച്ച. കൊല്ലത്ത് നിന്നും അച്ചടിച്ച ഒരു വാരികയിൽ തുടർക്കഥയായി ഈ നോവൽ പ്രസിധീകരിച്ചു. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ മറ്റ് നോവലുകളാണ് താരാ സ്പെഷ്യൽസ്, അനുരാഗത്തിൻ്റെ ദിനങ്ങൾ എന്നിവ. ജീവിതത്തിൻ്റെ അവസാന യാത്രയിൽ പൂർത്തിയാക്കിയ നോവലാണ് പ്രേം പാറ്റ.മനുഷ്യൻ്റെ വേദനകളിൽ നൊമ്പരപ്പെടുന്നൊരു ഹൃദയത്തിൻ്റെ ഉടമയായിരുന്നു ബഷീർ.ആരും തന്നെ വേദനിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ജീവിതത്തിൻ്റെ കൈപ്പുനിറഞ്ഞ അനുഭവങ്ങളാണ് ജൻമദിനം ,വിശപ്പ് തുടങ്ങിയ കഥകൾ. വിശപ്പിൻ്റെ ആധിക്യം അനുഭവിക്കുന്നവൻ്റെ തീവ്ര അനുഭവങ്ങൾ ഈ കഥകളിലൂടെ അദ്ദേഹം വരച്ച് കാട്ടുന്നു.

ജീവിതം തന്നെ കച്ചവടവൽക്കരണത്തിൻ്റെ ഭാഗമായി മാറിയ ഈ യുഗത്തിൽ മനുഷ്യൻ പണമുണ്ടാക്കാൻ വേണ്ടി സ്വന്തം വൈകല്യങ്ങളെ വരെ കാഴ്ചവസ്തുക്കളാക്കി നിരത്തുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. അത്തരം വൈകല്യങ്ങളെ കച്ചവടവൽക്കരിക്കുകയും അത് സമൂഹവും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്യുന്നത് വർഷങ്ങൾക്ക് മുമ്പ് ബഷീർ തൻ്റെ "വിശ്വവിഖ്യാതമായ മൂക്ക് " എന്ന കഥയിലൂടെ കാട്ടി തരുന്നു. അനുജൻ്റെ അസുഖത്തിന് മരുന്ന് വാങ്ങാൻ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന ഒരു പാവം സ്ത്രീയുടെ കഥയാണ് "പാവപ്പെട്ടവരുടെ വേശ്യ". കാലത്തിൻ്റെ ഒഴുക്കിൽപ്പെട്ട് ഇരുൾ നിറഞ്ഞ ഏതോലോകത്തെത്തിപ്പെട്ടൊരു ജീവിതാനുഭവം കഥാകൃത്തിനുണ്ടായിരുന്നു. ആ ദിനങ്ങളിലെ ഭ്രമാത്മക നിമിഷത്തിൻ്റെ ഓർമയായിരുന്നു നീല വെളിച്ചം എന്ന മഹത്തായ സൃഷ്ടി.

Ad

വളരെ വൈകിയാണ് ബഷീർ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. കോഴിക്കോട് ഫറൂഖിൽ നിന്നും ഫാത്തിമാ ബീവിയാണ് ഭാര്യ. വിവാഹ ശേഷം ബഷീർ ഭാര്യയുടെ പേര് ഫാബി എന്ന് ചുരുക്കി വിളിച്ചു. അദ്ദേഹത്തോടുള്ള സ്നേഹാർത്ഥം ഫാബി അദ്ദേഹത്തെ വിളിച്ചിരുന്നത് "റ്റാ " എന്നായിരുന്നു. ജാതി മത ഭേദമന്യേ സർവരേയും സ്നേഹിച്ച റ്റാക്കും ഫാബിക്കും പിൻതലമുറക്കാരായി രണ്ട്പേർ, ഷാഹിനയും അനീസും.വിവാഹശേഷം കഥാകൃത്ത് ഭാര്യ ഫാബിയോടൊപ്പം തലയോലപറമ്പിലെ സ്വന്തമായി വാങ്ങിയ സ്ഥലത്ത് താമസം തുടങ്ങി. ഇവിടെ വെച്ചായിരുന്നു ഭാർഗ്ഗവീ നിലയം എന്ന ചിത്രത്തിൻ്റെ തിരക്കഥ അദ്ദേഹം പൂർത്തിയാക്കിയത്. ആറ് വർഷത്തിന് ശേഷം കഥാകാരൻ കോഴിക്കോട് സ്ഥിരതാമസമാക്കിയപ്പോൾ ഈ സ്ഥലവും വീടും ഫെഡറൽ ബേങ്കിന് വിൽപ്പന നടത്തി.അദ്ദേഹത്തിൻ്റെ ഓർമക്കായി ബേങ്കധികൃതർ ബേങ്കിൻ്റെ പേര് ഫെഡറൽ നിലയം എന്ന് തിരുത്തി.കൂടാതെ അന്നദ്ദേഹം ഉപയോഗിച്ചിരുന്ന കിണറും കസേരയും ഇന്നും ഒരമൂല്യ നിധിയായി, ഐശ്വര്യത്തിൻ്റെ പ്രതീകമായി ബേങ്കിൽ കാത്ത് സൂക്ഷിക്കുന്നു.

അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളോടൊപ്പം ഭാവന കൂടി കലർത്തിയെഴുതിയ മനോഹരങ്ങളായ കഥകളാണ് പൂവൻപഴം, സ്വാതന്ത്ര്യ സമര കഥകൾ, മരപ്പാവ, ശിങ്കിടി മുങ്കൻ തുടങ്ങിയവ. ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ എല്ലാ ജീവജാലങ്ങളും ഈശ്വരൻ്റെ സൃഷ്ടിയാണെന്നും യാതൊന്നിനേയും ഉപദ്രവിക്കരുതെന്നും അവർക്കും ഈ ഭൂമിയിൻമേൽ അവകാശമുണ്ടെന്നുമുള്ള സമത്വസുന്ദരമായ ഏകലോകവാദം കഥയിൽ നിറഞ്ഞ് നിൽക്കുന്നു, ഒപ്പം അദ്ദേഹത്തിൻ്റെ ജീവിതത്തിലും. ഇവക്കെല്ലാം പുറമെ കുട്ടികൾക്കായി എഴുതിയ കഥകളാണ് ആനപ്പൂട, സർപ്പയഞ്ജം, നെയ് മോക്ഷണം തുടങ്ങിയവ. സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ പതിനാറാം സമ്മേളനത്തിൽ അവതരിപ്പിക്കുവാൻ കേവലം രണ്ടാഴ്ച്ച കൊണ്ടെഴുതിയ ഏക നാടകമാണ് കഥാബീജം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ച് കൊണ്ട് ബഷീർ ചെയ്ത പ്രസംഗമാണ് "ചെവിയോർക്കുക അന്തിമ കാഹളം ". 

കഥകൾക്കും നോവലുകൾക്കും പുറമേ ലേഖനങ്ങളും കത്തുകളും ചോദ്യോത്തരങ്ങളും അദ്ദേഹത്തിൻ്റെ രചനകളായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയും നാഷണൽ ബുക്കും കൂടി ചേർന്ന് ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, എൻ്റുപ്പൂപ്പാക്കൊരാന ണ്ടാർന്ന് എന്നീ നോവലുകൾ തർജ്ജമ ചെയ്തു.കൂടാതെ ഇംഗ്ലീഷ് ഫ്രെഞ്ച് മലയ് ചൈനീസ് ജാപ്പാനീസ് ഭാഷകളിലും പരിഭാഷചെയ്തിട്ടുണ്ട്. ഓറിയൻ ലോങ്ങ്മാൻ മതിലുകൾ , ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും പൂവൻപഴം ഉൾപ്പെടെ പതിനാറ് കഥകളും ഒറ്റ സമാഹാരമാക്കി ഇംഗ്ലീഷിൽ പ്രസിധീകരിച്ചിട്ടുണ്ട്.

സാഹിത്യത്തിനും സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ടതിനും നാല് താമ്രപത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.1982ൽ കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചു, ഒപ്പം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചു .1987 ൽ സംസ്ക്കാര ദീപം അവാർഡിനും 1992 ൽ പ്രേം നസീർ അവാർഡിനും ലളിതാംബിക അന്തർജനം അവാർഡിനും 1993 ൽ മുട്ടത്തു വർക്കി അവാർഡിനും ജിദ്ദ അരങ്ങ് അവാർഡിനും അർഹനായി.ഇതിനെല്ലാം പുറമെ തപാൽ വകുപ്പ് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും പുറത്തിറക്കി. സ്വന്തം ജീവിതത്തിൻ്റെ ഏറിയ പങ്കും യാത്രകൾക്കായി നീക്കിവെച്ചൊരു കഥാകാരനായിരുന്നു ബഷീർ.വിദേശ രാജ്യങ്ങളായ അറേബ്യ ഈജിപ്ത് ആഫ്രിക്ക എന്നിവടങ്ങളിലും കൂടാതെ ഇന്ത്യ മുഴുവനും സഞ്ചരിച്ച ഈ പ്രതിഭാധനൻ ഹിമാലയസാനുക്കളിലും ഗംഗാ തീരത്തിലും  സന്യാസിയായും സൂഫിയായും കഴിഞ്ഞു. ആഖ്യാത്മകയുടെ ശ്രേഷ്ഠതയും കപടതയുടെ മൂടുപടവും തുറന്ന് കാട്ടാൻ സ്വന്തം രചനകളിലൂടെ അദ്ദേഹത്തിന് സാധിച്ചു.

ബഷീറിനെ ഘോര ഘോരം വിമർശിച്ച വിമർശകർക്കുള്ള ചുട്ട മറുപടിയായിരുന്നു എം എൻ വിജയൻ്റെ മരുഭൂമികൾ പൂക്കുമ്പോൾ .എന്നാൽ ബഷേറിയൻ സാഹിത്യത്തിന് ഒരു ചെറുചലനം പോലും സൃഷ്ടിക്കാൻ വിമർശകരുടെ വിമർശനങ്ങൾക്ക് കഴിയാതെ പോയി.തൻ്റെ കഥാപാത്രങ്ങളിലൂടെ ജനലക്ഷങ്ങളെ ആസ്വാദന തലത്തിൻ്റെ പരമ കോടിയിലെത്തിച്ചിട്ട് 1994 ജൂലൈ അഞ്ചിന് ആ ഇമ്മിണി ബല്യ കഥാകാരൻ യാത്രയായി ചക്രവാളത്തിൻ്റെ അങ്ങേ കരയിലുള്ള സ്വപ്നലോകത്തിൻ്റെ സുൽത്താനാകാൻ.രാജാക്കൻമാരുടെയും നമ്പൂതിരിമാരുടെയും ജൻമിമാരുടെയും കഥകൾ മാത്രം കേട്ടു രസിച്ച മലയാളികൾക്ക് മലയാളത്തിൽ അന്നുവരെ നിലനിന്നിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ അപ്പാടെ തകിടം മറിച്ച് നവോഥാനത്തിൻ്റെ അലകൾ നമ്മളിൽ കൊണ്ടെത്തിച്ച ബഷീർ എന്ന ഇമ്മിണി ബല്യ കഥാകാരൻ്റെ മരിക്കാത്ത ഓർമകൾ മങ്ങാതെ മായാതെ ഓരോ മലയാളിയുടെയും ഹൃദയ കവലങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു.
(കടപ്പാട്: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടോഫ് എജ്യുക്കേഷനൽ ടെക്നോളജി ). ജാഫർ -കൈക്കലാടൻ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)