എളിമയാലും കരുതലാലും ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. എന്നും ജനക്കൂട്ടത്തിനിടയിൽ കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. ജനസമ്പർക്ക പരിപാടിയിലൂടെ അവശത അനുഭവിക്കുന്ന ധാരാളം പേരുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിനായി . ഇടവേളകളില്ലാതെ വെള്ളം മാത്രം കുടിച്ച്കൊണ്ടായിരുന്നു മണിക്കൂറുകളോളം അന്നദ്ദേഹം ജനങ്ങളുടെ പരാതികൾ കേട്ടതും പരിഹാരമാർഗങ്ങൾ ചെയ്തു കൊടുത്തതും . കേരളജനതക്ക് അതൊരു വിസ്മയ കാഴ്ച തന്നെയായിരുന്നു. അന്നേവരെ ഒരു മുഖ്യമന്ത്രിയും ജനങ്ങളുടെ ഇടയിലേക്ക് ചെന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി കൊടുത്തിരുന്നില്ല.ഇതൊക്കെ തന്നെയാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.
ആരോപണങ്ങൾ മലവെള്ളപാച്ചിൽ പോലെ വന്നപ്പോഴും അതിനെയെല്ലാം അദ്ദേഹം ചെറു പുഞ്ചിരിയോടെ നേരിട്ടു. തനിക്കെതിരെ വലിയ വായിൽ ഇല്ലാക്കഥകൾ പാടി നടക്കുന്നവരോടു പോലും ഉമ്മൻ ചാണ്ടി സ്നേഹത്തോടെ പെരുമാറി. ചോദ്യം ചെയ്യാനായി ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്ര നേരമിരിക്കാനും മുഖ്യമന്ത്രി പദവിയുള്ളപ്പോഴും അദ്ദേഹം തയാറായിരുന്നു. ആരോപണങ്ങളെല്ലാം രാഷ്ട്രീയ നേട്ടത്തിനായുള്ള ആയുധങ്ങൾ മാത്രമായിരുന്നൂവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
പൊതു പ്രവർത്തകർ സത്യസന്ധത പുലർത്തുന്നവരായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്ധമായ രാഷ്ട്രീയ വിരോധം ആരുമായും വച്ചുപുലർത്താത്ത നേതാവ്. അതിനാൽ തന്നെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വൃത്തികെട്ട ആരോപണങ്ങൾ ആരെ കുറിച്ചും ഉമ്മൻ ചാണ്ടി പറഞ്ഞതായി കേട്ടിട്ടില്ല.
ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന് തീരാ നഷ്ടം തന്നെയാണ്. കരുണാകരൻ, നായനാർ, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയവരെ പോലെ ഉമ്മൻ ചാണ്ടിയും മരിക്കാത്ത ഓർമയായി ജനഹൃദയങ്ങളിൽ കുടികൊള്ളും.
(ജാഫർ - കൈക്കലാടൻ ) .
Tags:
KERALA
