കാരശ്ശേരി : കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ മുഴുവൻ തുകയും സർക്കാർ അനുവദിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി 34 ലക്ഷം രൂപ ചെലവ് വരുന്ന ആദ്യഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് പോരായ്ക വരുന്ന ഒരു കോടി 64 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന ആവശ്യം തീർച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കക്കാട് ഗവ. എൽ.പി സ്‌കൂൾ യു.പി സ്‌കൂളാക്കണമെന്ന ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. സ്‌കൂൾ യു.പി ആക്കുന്നതിൽ സർക്കാർ സംസ്ഥാനാടിസ്ഥാനത്തിൽ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും അത്തരമൊരു തീരുമാനം എടുക്കുമ്പോൾ സ്‌കൂളിനെ യു.പി ആക്കാൻ മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കക്കാട് സ്‌കൂളിന്റെ പ്രവർത്തനത്തിൽ നാട്ടുകാർ കാണിച്ച താൽപര്യവും ഐക്യവും മാതൃകയാണ്. ഈ ഗ്രാമത്തെക്കുറിച്ച് ഞാൻ കേരളത്തിലെ വിവിധ വേദികളിൽ സംസാരിക്കും. തിരുവനന്തപുരം നഗരത്തിൽ ജീവിച്ചുവരുന്ന എനിക്ക് ഗ്രാമപ്രദേശത്തെ ജനങ്ങളുടെ മനസ്സും അവരിലെ നന്മയും നിങ്ങളുടെ ഈ ഗ്രാമത്തിൽ എത്തിയപ്പോൾ നേരിട്ട് ബോധ്യമായി. ഒരു പൊതുവിദ്യാലയത്തിനായി ഒരു ഗ്രാമം മുഴുവൻ ഒന്നാകുന്ന അപൂർവ്വ കാഴ്ച കേരളത്തിന് തന്നെ അഭിമാനകരമാണ്. മാതൃകാപരമാണിതെന്നും കരഘോഷങ്ങൾക്കിടെ മന്ത്രി അറിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം പ്രാപ്യമാണെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ സംരംഭങ്ങളും നയങ്ങളും നടപ്പാക്കിയിട്ടുണ്ട്. പ്ലസ് വൺ പ്രവേശവുമായി ബന്ധപ്പെട്ട് മലബാറിൽ പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാർത്ഥികളുടെ തുടർ പഠന പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിലും സർക്കാർ നല്ല ശ്രദ്ധയും പരിഗണനയും നൽകുന്നുണ്ട്. കേന്ദ്രസർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പ് നിർത്തലാക്കിക്കഴിഞ്ഞു. പൗരത്വത്തിന്റെയും ഏകസിവിൽ കോഡിന്റെയും മറപിടിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ബോധപൂർവ്വ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതൊന്നും അനുവദിക്കില്ല.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കേരളത്തിന്റെ വിജയത്തിന്റെ മറ്റൊരു പ്രധാന വശമാണ്. സമഗ്രമായ വികസനം, വിമർശനാത്മക ചിന്ത, പ്രായോഗിക പഠനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ശക്തമായ ഒരു പാഠ്യപദ്ധതിയാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളും കഴിവുകളും മികവുറ്റതാക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അധ്യാപക പരിശീലനത്തിനും വികസനത്തിനും അത് ശക്തമായ ഊന്നൽ നൽകുന്നു. വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും അധ്യാപകർക്ക് ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ കെ അനീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി ജമീല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്താദേവി മൂത്തേടത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എടത്തിൽ ആമിന, കെ.പി ഷാജി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ്, മുക്കം എ.ഇ.ഒ വി ദീപ്തി ടീച്ചർ, കുന്ദമംഗലം ബി.പി.സി പി.എൻ അജയൻ, വിവിധ സംഘടനാ പ്രതിനിധികളായി കെ.പി വിനു, സമാൻ ചാലൂളി, സി.കെ ഷാനു, ടപി സാദിഖലി മാസ്റ്റർ, എ.പി മോയിൻ, പി.കെ ഷംസുദ്ദീൻ, സംഘാടക സമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, സ്‌കൂൾ കമ്മിറ്റി പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുക്മാൻ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ മൂലയിൽ, സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും സർഗവിരുന്നും അരങ്ങേറി. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം സ്‌കൂളിലെ കൂട്ടി റിപ്പോർട്ടർമാർ തയ്യാറാക്കിയതും മന്ത്രിയുടെയും എം.എൽ.എയുടെയും മനസ്സ് നിറച്ചു. പരിപാടി കഴിഞ്ഞ് വേദി വിട്ടിറങ്ങിയ വിദ്യാഭ്യാസമന്ത്രി 'കുട്ടി റിപ്പോർട്ടർമാരെ' നേരിൽ കൈകൊടുത്ത് അഭിനന്ദിച്ചു. ഒപ്പം അവരുടെ റിപ്പോർട്ടിൽ പ്രത്യേകം ഒപ്പും രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിലും ജനങ്ങൾക്ക് പരിപാടി വീക്ഷിക്കാൻ കക്കാട് അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ വലിയ പന്തലിൽ വച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങിന് കൊഴുപ്പേകാൻ ബാന്റ് സംഘവും ഉണ്ടായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻജനക്കൂട്ടമാണ് ഒഴുകി എത്തിയത്.
പണിയാനിരിക്കുന്ന ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറിൽ 186 ചതുരശ്ര മീറ്ററിൽ കിച്ചൻ, ഡൈനിങ്ങ് എന്നിവയും ഗ്രൗണ്ട് ഫ്‌ലോറിൽ 367 ചതുരശ്ര മീറ്ററിൽ രണ്ട് ക്ലാസ് റൂമുകൾ, ലൈബ്രറി, സ്റ്റാഫ് റൂം ഓഫീസ്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും, ഒന്നാം നിലയിൽ 367 ചതുരശ്രമീറ്ററിൽ റൂമുകളും, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം സ്‌പെഷ്യൽ റൂം, ടാലെന്റ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും, രണ്ടാം നിലയിൽ 265 ചതുരശ്ര മീറ്ററിൽ രണ്ടു ക്ലാസ്, ഓഡിറ്റോറിയം എന്നിവയും, 30 ചതുരശ്ര മീറ്ററിൽ സ്റ്റെയർകേസ് റൂം ഉൾപ്പെടെ 1215 ചതുരശ്ര മീറ്ററിൽ പ്രബിത കോൺക്രീറ്റ് ചട്ടക്കൂടായിട്ടാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഒന്നാം ഘട്ടത്തിൽ ബേസ്‌മെന്റ് ഫ്‌ളോറിൽ കിച്ചനും, ഡൈനിങ്ങ് ഏരിയയും ഗ്രൗണ്ട് ഫ്‌ളോറിൽ രണ്ടു ക്ലാസ് റൂമുകളും, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടുത്തി 424 ചതുരശ്ര മീറ്ററിൽ കെട്ടിടം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി 34 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കുക. യു.എൽ.സി.എസ് ആണ് പദ്ധതിയുടെ ടെണ്ടർ ഏറ്റെടുത്തിട്ടുള്ളത്.
Tags:
KARASSERY




