✍️ ഗിരീഷ് കാരക്കുറ്റി
സമുദ്ര ഗവേഷകനും , പരിസ്ഥിതി ശാസ്ത്രത്തിലും , പ്രപഞ്ചശാസ്ത്രത്തിലും പ്രാവീണ്യം നേടിയ കപ്പൽ നിർമ്മാതാവും , ബഹുഭാഷാ പണ്ഡിതനും, മുസ്ലിം പണ്ഡിതനുമായ രാജ്യം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ ഇനിമുതൽ കൊടിയത്തൂരുകാരൻ .
എന്റെ അയൽവാസിയും സുഹൃത്തുമായ പ്രവാസി വ്യവസായി
വി കെ അബ്ദുള്ളയാണ് അദ്ദേഹത്തിന് കൊടിയത്തൂർ വില്ലേജ് ഓഫീസിനു മുൻവശത്ത് വീടൊരുക്കിയത്.
1938 മാർച്ച് 16ന് ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലൊരു രാജകുടുംബത്തിൽ ജനിച്ച അലി മണിക്ഫാനെ മാതാപിതാക്കൾ ഔപചാരിക വിദ്യാഭ്യാസത്തിന് വേണ്ടി കണ്ണൂരിലേക്കയച്ചു. ഔപചാരിക വിദ്യാഭ്യാസത്തിൽ താല്പര്യമില്ലാത്തതിനാൽ അലി മണിക്ഫാൻ പഠനം ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഔപചാരിക വിദ്യാഭ്യാസം കൃത്രിമവും അർത്ഥശൂന്യവുമാണെന്നാണ്.
അറിവ് നേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മുടെ പരിസ്ഥിതിയെ നിരീക്ഷിച്ച് ജ്ഞാനം നേടുക എന്നതാണ്. ആ യാത്രയിൽ, മാതൃഭാഷയെ മഹലിനു പുറമേ ഇംഗ്ലീഷ് , ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ , ഫ്രഞ്ച്, റഷ്യൻ, ജർമൻ , സംസ്കൃതം, തമിഴ്, ഉറുദു തുടങ്ങിയ ബഹുഭാഷാ പണ്ഡിതനായി പിന്നീടദ്ദേഹം അറിയപ്പെട്ടു.
1981 ൽ ഐറിഷ് സാഹസികനായ ടീം സെവെറിൻ
"സോഹാർ " എന്ന പുരാതന അറബ് വ്യാപാര കപ്പലിന്റെ പുനർ നിർമ്മാണത്തിന്റെ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു .മരപ്പണിക്കാരുടെ സംഘത്തെ നയിക്കാൻ ഒമാനിലേക്ക് പോയി. ഒമാനിലെ സോഹാർ നഗരത്തിന്റെ പേരിലുള്ള കപ്പൽ പരമ്പരാഗത ബോട്ട് നിർമ്മാണ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ്.ഇതിന്റെ നിർമ്മാണത്തിന് ലോഹം ഉപയോഗിച്ചിട്ടില്ല. 27 മീറ്റർ നീളമുള്ള ഈ കപ്പൽ നിർമ്മിക്കാൻ ഒരു വർഷമെടുത്തു. അതിൻെറ പുറംചട്ടയുടെ പലകകൾ തുന്നാൻ നാല് ടൺ കയർ ആവശ്യമായിട്ടുണ്ടായിരുന്നു. ഒമാനിൽ നിന്ന് ചൈനയിലേക്ക് 9600 കിലോമീറ്റർ ഈ കപ്പലിലാണദ്ദേഹം സഞ്ചരിച്ചത്.
ജീൻ മിയൂസിന്റെ ജ്യോതിശാസ്ത്ര അൽഗോരിതം അടിസ്ഥാനമാക്കി അമാവാസി സമയം കണക്കാക്കി ഒരു ചാന്ദ്ര കലണ്ടർ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഇത് പിന്തുടരണമെന്ന് ലോക മുസ്ലിങ്ങളോടദ്ദേഹം ആവശ്യപ്പെട്ടു .ഈ ചാന്ദ്ര കലണ്ടർ പ്രകാരം അദ്ദേഹത്തിൻ്റെ പാത പിന്തുടരുന്നവർ നമ്മുടെ നാട്ടിലും ഉണ്ട് .
1991ലാണ് ഒരുപക്ഷേ അദ്ദേഹം ആദ്യമായി കൊടിയത്തൂരിൽ വന്നത് എന്നാണ് എൻെറ ഓർമ്മ. ഞാൻ കൊടിയത്തൂർ അങ്ങാടിയിൽ ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്ന അക്കാലത്ത് നാട്ടിലെ കുറച്ചു സുഹൃത്തുക്കൾ അന്നദ്ദേഹത്തെ കൊടിയത്തൂരിൽ കൊണ്ടുവരികയും, അദ്ദേഹത്തിന്റെ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കുറച്ചുസമയം ഞാനും ആ ക്ലാസ്സിൽ ഇരുന്നു കാര്യമായി ഒന്നും എനിക്ക് മനസ്സിലായിട്ടില്ല. എന്നാലും ചന്ദ്രമാസത്തെ കുറിച്ചാണ് കാര്യമായ ചർച്ച എന്ന് ഞാൻ മനസ്സിലാക്കി .പിന്നീട് എൻറ സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് നോമ്പ് നോൽക്കുകയും പെരുന്നാളാഘോഷിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.
മാനവ സൗഹൃദത്തിന്റെ നെടുംകോട്ടയായ കൊടിയത്തൂരിൽ ആ അറിവിന്റെ വിജ്ഞാന കോശത്തെ കൈ നീട്ടി സ്വീകരിച്ച് നമ്മളിൽ ഒരുവനായി കൂടെ ചേർക്കാം നമുക്ക് , അദ്ദേഹത്തിൻെറ സാന്നിധ്യം എന്തുകൊണ്ടും ഉചിതം തന്നെ.
അത്രയും വലിയ ആ മഹാ മനുഷ്യന്റെ മുമ്പിൽ 10 മിനിറ്റോളം ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആ എളിമ സ്നേഹം ബഹുമാനം എല്ലാം കണ്ടുപഠിക്കണം.
പത്മശ്രീ അലി മണിക്ഫാന് കൊടിയത്തൂരിലേക്ക് സ്വാഗതം .

