Flash News

Nattu Media

അധ്യാപക ദിന ചിന്തകൾ


ഒരു
വ്യക്തിയുടെ വളർച്ചയിൽ മാതാപിതാക്കൾക്കൊപ്പം ഗുരുവിനും ഏറെ പ്രാധാന്യമുണ്ട്.
വ്യക്തിത്വ വളർച്ചയുടെ ആദ്യ സ്ഥാനം മാതാപിതാക്കൾക്കാണ് എന്നത് വാസ്തവമാണ് എന്നാൽ പലരെയും നേരായ പാതയിലേക്ക് നയിക്കുന്നതിൽ ഗുരുക്കന്മാരുടെ പങ്ക് മഹനീയമാണ്. 
നമ്മുടെ പുരാണങ്ങൾ ആയാലും ചരിത്രമായാലും ഗുരുക്കന്മാരുടെ മഹത്വത്തെക്കുറിച്ച് ഏറെ വാചാലമാകുന്നുണ്ട്.

          "ഗുരുർ ബ്രാഹ്മ ഗുരുർ വിഷ്ണു ഗുരുർ മഹേശ്വര " എന്ന സ്കന്ദപുരാണത്തിലെ വാക്യം ഓർക്കുക.പരമശിവനും പാർവതിയും തമ്മിലുള്ള സംവാദത്തിനിടയിൽ ഗുരു മഹത്വത്തെക്കുറിച്ച് പരമശിവൻ പരാമർശിക്കുന്ന ഭാഗമാണിത്.
 ലോക നന്മയ്ക്കായി ഭഗവത്ഗീത ഉപദേശിച്ച ശ്രീകൃഷ്ണനെ ശരിയായ മാർഗത്തിലേക്ക് നയിച്ചത് സന്ദീപനി മുനിയാണ്.
ആയുധ കലയിലെ ചക്രവർത്തിയായ ഭീഷ്മാചാര്യനെ രൂപപ്പെടുത്തിയത് അദ്ദേഹത്തിൻറെ ഗുരുവായ പരശുരാമൻ ആണല്ലോ... 
ഗുരുവിൻറെ ഹിതമറിഞ്ഞു സ്വന്തം വിരൽ നൽകിയ ഏകലവ്യനെ കുറിച്ചും നാം കേട്ടിട്ടുണ്ട്.മഹാ കള്ളനായ രത്നാകരനെ ആദികവി വാത്മീകി ആക്കിയത് സപ്തർഷികളുടെ ഉപദേശമാണ്.


മന്ദബുദ്ധിയായ രാജകുമാരനെ മിടുക്കനാക്കാൻ വേണ്ടിയാണ് വിഷ്ണു ശർമ പഞ്ചതന്ത്രം രചിച്ചതെന്ന് കേട്ടിട്ടുണ്ട്. കൗടില്യന്റെ തന്ത്രങ്ങളാണ് ഗുപ്ത സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തനെ സഹായിച്ചത്.അർദ്ധശാസ്ത്രം അതിൻറെ പ്രമാണമാണ്

ശിവജിയെ ചക്രവർത്തി ശിവജി ആക്കിയത് ഗുരു രാമദാസ്  സ്വാമിയുടെ ഉപദേശങ്ങൾ ആണെന്ന് കേട്ടിട്ടുണ്ട്. ദാരിദ്രം മാറ്റാൻ വഴി നോക്കി നടന്ന നരേന്ദ്രനെ സ്വാമി വിവേകാനന്ദനിലേക്ക് എത്തിച്ചത് ശ്രീരാമകൃഷ്ണ പരമഹംസരാണ്.

പ്ലേറ്റോയുടെ ശിഷ്യനായിരുന്ന അരിസ്റ്റോട്ടിലിന്റെ മാർഗ്ഗനിർദേശങ്ങൾ അലക്സാണ്ടർ ചക്രവർത്തിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നാം പഠിച്ചിട്ടുണ്ട്.

ആധുനിക ചരിത്രം പറയുമ്പോൾ മഹാദേവ റാനഡയും ഗോപാലകൃഷ്ണ ഗോകുലയും, ഗോകുലയും ഗാന്ധിജിയും തമ്മിലുള്ള ഗുരുശിഷ്യ ബന്ധവും നാം പഠിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ മാർഗ്ഗനിർദ്ദേശകനായി കണ്ടിരുന്നുവെന്ന് നാം പലയിടത്തും വായിച്ചിട്ടുണ്ട്.

നമ്മുടെ പല കായികതാരങ്ങളേയും കണ്ടെത്തിയതിൽ അവരുടെ പരിശീലകർക്ക് വലിയ   പങ്കുണ്ട്.സ്കൂൾതലത്തിൽ നിന്ന് പല കുട്ടികളെയും കായിക  മേഖലയിലേക്ക് കണ്ടെത്തി വേണ്ട പ്രോത്സാഹനങ്ങൾ നൽകിയത് നാം കേട്ടിട്ടുണ്ട്. പി.ടി ഉഷയുടെ പല അഭിമുഖങ്ങളിലും അവരുടെ സ്കൂൾ അധ്യാപകനായിരുന്ന ബാലകൃഷ്ണൻ സാറേ കുറിച്ചും പിന്നീട് അവരുടെ പരിശീലകൻ  ആയിരുന്നു ഒ.എം നമ്പ്യാരെക്കുറിച്ചും ഏറെ പറഞ്ഞു കേട്ടിട്ടുണ്ട്. ഒട്ടനവധി സ്കൂൾ കുട്ടികളെ കണ്ടെത്തി ഉയർന്ന നിലയിലേക്ക് എത്തിച്ച തോമസ് സാറിനെ നാം മറന്നിട്ടില്ല. പല ഓട്ടിസം ബാധിച്ച കുട്ടികളെയും ഭിന്നശേഷിക്കാരായ ആളുകളെയും അവരുടെ കഴിവുകൾ കണ്ടെത്തി സമൂഹത്തിന്റെ മുന്നിലേക്ക് എത്തിച്ച അധ്യാപകരെ കുറിച്ചും ഈ അധ്യാപകദിനത്തിൽ നമുക്ക് ഓർക്കാം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി തൻ്റെ മാജിക് എന്ന കലയെ പോലും മാറ്റിനിർത്തി പ്രവർത്തിക്കുന്ന ഗോപിനാഥ് മുതുകാടിന് ഒരു ബിഗ് സല്യൂട്ട് നൽകാൻ ഈ അധ്യാപകദിനം ഞാൻ ഉപയോഗിക്കട്ടെ.

ഗുരുശിഷ്യ ബന്ധത്തെ കുറിച്ച് പറയുമ്പോൾ ഭാരതത്തിൽ ജീവിച്ചിരുന്ന നമ്മുടെ മുൻ രാഷ്ട്രപതി സർവ്വേപ്പള്ളി രാധാകൃഷ്ണനെ ഓർക്കണം.ഒട്ടനവധി ശിഷ്യന്മാർ ഉണ്ടായിരുന്ന രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആഘോഷിക്കുവാൻ അവരെല്ലാം ചേർന്ന് തീരുമാനിച്ചു.തന്റെ പിറന്നാളാഘോഷിക്കാൻ രാധാകൃഷ്ണൻ സമ്മതിച്ചില്ല, എന്നാൽ ശിഷ്യന്മാർ പിന്മാറാനും തയ്യാറായിരുന്നില്ല. അവരുടെ നിർബന്ധത്തിനു വഴങ്ങി തന്റെ പിറന്നാൾ എല്ലാ അധ്യാപകരുടെയും ദിനമായി ആഘോഷിക്കാൻ അദ്ദേഹം അനുവദിച്ചു. അങ്ങനെയാണ് 1961 മുതൽ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.


1994 മുതൽ ഒക്ടോബർ 5 ലോകാധ്യാപക ദിനമായി ആചരിച്ചുവരുന്നു. 

           നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും അധ്യാപകദിനം കേമമായി ആചരിക്കുന്നു.ഈ സന്ദർഭത്തിൽ നമ്മുടെ അധ്യാപകരെ ഓർക്കുന്നതും അവരെ നേരിൽ ചെന്ന് ആദരിക്കുന്നതും സാധാരണമാണ്.

        ഒരു അധ്യാപക കുടുംബത്തിലാണ് എൻറെ ജനനം.അച്ഛനും ,അമ്മയും , വലിയച്ഛന്മാരും , മാമന്മാരും ഒക്കെ  അധ്യാപകരായിരുന്നു. അതുകൊണ്ടുതന്നെ ഒരധ്യാപകൻ ആകണമെന്നായിരുന്നു എൻറെ ആഗ്രഹം എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് അധ്യാപകൻ ആകാൻ സാധിച്ചില്ല. അത് ഇന്നും എൻ്റെ സ്വകാര്യ ദുഃഖമാണ്.ഈ അടുത്തകാലത്തായി ഗുരുശിഷ്യ ബന്ധത്തിൽ വിള്ളൽ അനുഭവപ്പെടുന്നുണ്ട്. പല സ്ഥലങ്ങളിലും അധ്യാപകർക്ക് വേണ്ടത്ര ബഹുമാനം ലഭിക്കാതെ പോകുന്നുണ്ട്.അതുപോലെ ചില അധ്യാപകരെങ്കിലും ഇത് വെറും ഒരു ജോലിയായി കാണുന്നുണ്ട്. അധ്യാപനം ഒരു കകലയാണെന്ന് കരുതിയിരുന്ന പഴയ തലമുറയിൽ നിന്ന് ചെറിയ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് .ഈ വിഷയത്തിലേക്കൊന്നും ഞാനേറെ കടക്കുന്നില്ല എൻ്റെ എല്ലാ ഗുരുക്കന്മാരെയും വന്ദിക്കുവാൻ ഈ വേള ഞാൻ ഉപയോഗിക്കട്ടെ, ഒരിക്കൽക്കൂടെ അധ്യാപകദിനാശംസകൾ അറിയിക്കട്ടെ.

അനിൽ മണ്ണത്തൂർ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)