കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബയുടെ മൃതദേഹം ലഭിച്ചു. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കസബ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.പ്രതിയായ സമദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കും. സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
നവംബർ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ മലപ്പുറം സ്വദേശിയായ സമദ് എന്നയാളെ തിരിച്ചറിഞ്ഞത്. സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് ഇയാൾ മൊഴി നല്‍കി.
ഏഴാം തീയതി ഉച്ചയോടെ സൈനബയെ സുഹൃത്ത് സമദും സമദിന്റെ സുഹൃത്ത് സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്. മുക്കം ഭാഗത്ത് വെച്ച് കാറില്‍ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ഇടുകയായിരുന്നെന്നാണ് മൊഴി.
Tags:
KOZHIKODE

