കട്ടാങ്ങൽ: മുസ്ലിം യൂത്ത് ലീഗ് കട്ടാങ്ങൽ അങ്ങാടിയിൽ വെച്ചിരുന്ന യൂത്ത് മാർച്ചുമായി ബന്ധപ്പെട്ട ബോർഡുകൾ എടുത്തു മാറ്റിയ സംഭവത്തിൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് അമർഷം രേഖപ്പെടുത്തി. കട്ടാങ്ങൽ അങ്ങാടിയുടെ സൗന്ദര്യ വൽക്കരണത്തിന്റെ മറവിൽ യൂത്ത് ലീഗ് സ്ഥാപിച്ച ബോർഡുകൾ മാത്രം മാറ്റിയ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സെക്രട്ടറിയോട് സൂചിപ്പിച്ചു. സർക്കാർ ബോർഡുകളായാലും പൊതു സ്ഥലത്തു വെച്ചാൽ നീക്കം ചെയ്യണമെന്ന നിയമം ഇരിക്കെ മൂന്ന് വലിയ ഫ്ളക്സ് ബോർഡുകളാണ് കട്ടാങ്ങൽ അങ്ങാടിയിൽ മാത്രം വെച്ചിട്ടുള്ളത്. നിയമം എല്ലാവർക്കും ഒരുപോലെ ആവണമെന്നും ഇരട്ട നീതി ഇനിയും തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമെന്നും കുന്നമംഗലം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ പറഞ്ഞു. ഫാസിൽ കളൻതോട്, റഹൂഫ് മലയമ്മ, സഫറുള്ള കൂളിമാട്, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, അലി മുണ്ടോട്, അക്ബർ പുള്ളാവൂർ എന്നിവർ സംബന്ധിച്ചു.
Tags:
CHATHAMANGALAM
