മലപ്പുറം: പുതുവത്സരാഘോഷ ദിനത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിച്ചു. മേഖലയിൽ ആഘോഷമാകാമെന്നു വ്യക്തമാക്കിയ പൊലീസ് വിചിത്രമായ വിവാദ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
ഹോട്ടലുകൾ, കൂൾബാർ, ടർഫ് ഗ്രൗണ്ടുകൾ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ എന്നിവ രാത്രി 10 വരെ പ്രവർത്തിക്കാമെന്നു പൊലീസ് പറഞ്ഞു. ഇവയെല്ലാം രാത്രി 8ന് അടയ്ക്കണം എന്നായിരുന്നു ആദ്യ ഉത്തരവിൽ പൊലീസ് നിർദേശിച്ചത്. ഡിജെ പരിപാടികൾ, ക്യാംപ് ഫയർ തുടങ്ങിയവ അനുവദിക്കില്ലെന്നും ബോട്ട് സർവീസ് വൈകിട്ട് 5ന് നിർത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും പരിഹാസവും ഉയർതോടെയാണു തിരുത്തൽ നടപടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണു വിവാദ ഉത്തരവ് പിൻവലിച്ചത്.
