കൂളിമാട് / ചെറുവാടി : ആറു കോടി രൂപ ചിലവിൽ നവീകരണം നടത്തിയ മാവൂർ എരഞ്ഞിമാവ് റോഡ് ഒരാഴ്ചക്കിടെ തകർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും,രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് ഡി വൈ എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അനേഷണം ആരംഭിച്ചു. പ്രധാനമായും റോഡുകൾ തകർന്ന താത്തൂർപൊയിൽ, കൂളിമാട്, ചുള്ളിക്കാപറമ്പ, തെനങ്ങാപറമ്പിൽ തുടങ്ങിയ ഇടങ്ങളിൽ സംഘം സന്ദർശിച്ചു.
നേരത്തെ പൊതുമരാമത്ത് വിജിലൻസ് സംഘം റോഡിൽ പരിശോധന നടത്തുകയും സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിരുന്നു. ലാബിൽ നിന്നും പരിശോധന റിസൾട്ട് കിട്ടിയതിനു ശേഷമായിരിക്കും വകുപ്പ്തല നടപടികൾ സ്വീകരിക്കുക.
കോഴിക്കോട് - ഊട്ടി ഹൃസ്വദൂര പാതയിലെ മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള എട്ട് കിലോമീറ്റർ റോഡ് ആറ് കോടി ചിലവിൽ ദിവസങ്ങൾക്ക് മുൻപാണ് റീടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ദിവസങ്ങൾക്കകം തന്നെ റോഡിൽ പലയിടത്തും വിള്ളൽ വീഴുകയും വശങ്ങൾ ഇടിഞ്ഞു താഴുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് യുവജന സംഘടനകളുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ധൃതിപിടിച്ച് റോഡിൽ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്താൻ ശ്രമിച്ച കാരാറുകാരെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പരിശോധന റിസൾട്ട് വരും മുമ്പേ ധൃതി പിടിച്ച് അറ്റകുറ്റ പണികൾ നടത്താനുള്ള ശ്രമം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് റോഡിൽ റീ ടാറിംഗിന് 8 സെന്റിമീറ്റർ കനം വേണമെന്നിരിക്കെ ഇവിടെ 4 സെന്റിമീറ്റർ കനം മാത്രമാണ് മിക്കയിടത്തും റോഡിനുള്ളത് എന്നും റോഡിന്റെ ഇരുവശങ്ങളും കോൺഗ്രീറ്റ് ചെയ്യണമെന്ന വ്യവസ്ഥയും കരാറുകാർ പാലിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

