കൊടിയത്തൂർ
ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴആവശ്യപ്പെട്ട സംഭവത്തിൽ 2 പേർക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് ഡി സി സി പ്രസി: അഡ്വ. കെ. പ്രവീൺ കുമാർ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
പാർട്ടിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയ പ്രവർത്തനം നടത്തിയതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കരീം പഴങ്കലിനെതിരെ നടപടി.
പാർട്ടിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയ പ്രവർത്തനം നടത്തിയതായി ബോധ്യപ്പെട്ടതിൻ്റെയും പാർട്ടി അച്ചടക്കം ലംഘിച്ചതിൻ്റെയും പേരിലാണ് സണ്ണി കിഴക്കരക്കാട്ടിലിനെതിരായ നടപടി.
കരീം പഴങ്കലും സണ്ണി കിഴക്കരക്കാട്ടും നടത്തിയ ഫോൺ സംഭാഷണം പുറത്തായതിൻ്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി നിർദേശ പ്രകാരം കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹിമാനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇരുപതോളം പേരിൽ നിന്ന് മൊഴിയെടുത്താണ് എൻ.കെ അബ്ദുറഹിമാൻ റിപ്പോർട്ട് സമർപ്പിച്ചത്.
കൊടിയത്തൂർ കോട്ടമ്മലിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം കരീം പഴങ്കലിൻ്റെ ഫോൺ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അൻപതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
