മാവൂർ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ബന്ധങ്ങൾക്കൊപ്പം നിലപാട് സൂക്ഷിച്ച നായകനായിരുന്നുവെന്ന് SKSSF സ്ഥാപകദിനത്തിൽ എൻ.ഐ.ടി മേഖല കമ്മിറ്റി സംഘടിപ്പിച്ച മേഖല മുഖദ്ദസ് ഹാപ്പിനസ് മീറ്റ് അഭിപ്രായപ്പെട്ടു. പാണക്കാടിന്റെ പാരമ്പര്യമായ ആത്മീയതയിലൂന്നി ആദർശ കാര്യങ്ങളിൽ അണുവിട വ്യതിചലിക്കാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാടുകൾക്കൊപ്പം ഉറച്ചുനിൽക്കുകയും, അതേസമയം ഇതര വിഭാഗങ്ങളെ അർഹിക്കുന്ന പരിഗണന നൽകി കൂടെ നിർത്തുന്നതിൽ വിജയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മതേതര സമൂഹത്തിൽ ഒരു മുസ്ലിം എങ്ങനെ ജീവിക്കണം എന്നതിന്റെ മകുടോദാഹരണമായിരുന്നു തങ്ങൾ. രാഷ്ട്രീയ രംഗത്ത് എല്ലാവരെയും ചേർത്തുനിർത്തുന്നതിൽ വിജയിച്ച തങ്ങൾ എന്നാൽ തന്റെ വിശ്വാസ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആരെയും അനുവദിച്ചിരുന്നില്ല. സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെ മറ്റുള്ളവരെ ചേർത്ത് നിർത്താൻ ഹൈദരലി തങ്ങൾക്കുണ്ടായിരുന്ന കഴിവ് അസാമാന്യമായിരുന്നുവെന്നും, തങ്ങളുടെ വിയോഗം സമുദായത്തിലും സമൂഹത്തിലും ഉണ്ടാക്കിയ വിടവ് പരിഹരിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി.
പി.എച്ച്.ഇ.ഡി റൗളത്തുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫ് മൗലവി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. മേഖല പ്രസിഡന്റ് റഊഫ് പാറമ്മൽ അധ്യക്ഷനായി. സയ്യിദ് മുസമ്മിൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ട്രഷറർ റഊഫ് മലയമ്മ, ജോയിന്റ് സെക്രട്ടറി സഫറുള്ള കൂളിമാട്, അൻവർ പി.എച്ച്.ഇ.ഡി, മജീദ് താത്തൂർ, ജാഫർ താത്തൂർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം സ്വാഗതവും വൈസ് പ്രസിഡന്റ് ഇസ്സുദ്ദീൻ പാഴൂർ നന്ദിയും പറഞ്ഞു.

