Flash News

Nattu Media

കൊച്ചു കളിക്കാര്‍ക്ക് പന്തുകള്‍ സമ്മാനിച്ച് 'ഗോതമ്പറോട്ടുകാരു'ടെ വേറിട്ട മാതൃക.

മുക്കം
: കളിക്കാന്‍ സ്വന്തമായൊരു ഗ്രൗണ്ട് പോലുമില്ലാതെ തെങ്ങിന്‍തോട്ടങ്ങളിലും പറമ്പുകളിലുമായി ഫുട്ബോൾ ആവേശം തീര്‍ക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് 'ഗോതമ്പറോട്ടുകാര്‍' ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വക പന്തുകള്‍ സമ്മാനിച്ചു.

പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ പാടത്തും പറമ്പിലുമായി കാല്‍പന്തു തട്ടിക്കളിക്കുന്ന പന്ത്രണ്ടുവയസ്സിന് താഴെയുള്ള എട്ടോളം ചെറുസംഘങ്ങള്‍ക്കാണ് പുതിയ പന്തുകള്‍ സമ്മാനമായി നല്‍കിയത്. പൊട്ടിപ്പൊളിഞ്ഞ പന്തുകൊണ്ട് കളിച്ചിരുന്ന കുട്ടികള്‍ക്ക് അപ്രതീക്ഷിതമായി പന്ത് സമ്മാനം ലഭിച്ചതിലുള്ള  സന്തോഷത്തിലാണ്. കുരുന്നു മനസ്സുകളില്‍ നന്മയുടെയും കൂട്ടായ്മയുടെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കാനും, കലാ കായികവിനോദങ്ങള്‍ പ്രോത്സാഹിപ്പിച്ച് കുട്ടികളെ ലഹരിയുടെയും മയക്കുമരുന്നിന്റെയും വഴിയില്‍ നിന്നു രക്ഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് സല്‍മാന്‍ ഹുസൈന്‍ പറഞ്ഞു.

ഏകദേശം പതിനായിരം രൂപയാണ് ഫുട്ബാള്‍ വാങ്ങാന്‍ ചെലവ് വന്നത്. ഗോതമ്പറോട്ടുകാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലൂടെയാണ് പണം സമാഹരിച്ചത്. മാവായി, കുന്നത്ത്, ചേലോട്ട്പറമ്പ്, തോണിച്ചാല്‍ തുടങ്ങി എട്ട് കളിസ്ഥലങ്ങളിലായി നൂറോളം കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാടിന് സ്വന്തമായൊരു പൊതു കളിസ്ഥലമില്ലെന്ന തലമുറകളായി നാട്ടുകാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ആവലാതിക്ക് എന്ന് പരിഹാരമുണ്ടാവുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ഫിറോസ് പി.എം, ഷമീം എലിയങ്ങോടന്‍, അന്‍ഷാദ് നാസര്‍, ഷഫീര്‍ വി, അഭിലാഷ് പി, അബ്ദുല്ല സാബിത്ത്, നാദില്‍ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)