കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരിനെയും ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനെയും ബന്ധിപ്പിച്ച് ഇരുവഴിഞ്ഞി പുഴക്ക് കുറുകെയുള്ള പുതിയോട്ടില്‍ കടവ് തൂക്കുപാലം അപകടാവസ്ഥയില്‍. ദിനേന നിരവധി വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്ന പാലത്തിന്‍റെ ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
ബസ് സര്‍വീസ് ഇല്ലാത്ത വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശത്തെ യാത്രക്കാര്‍ ബസ് കയറാനായി ആശ്രയിക്കുന്നത് ഈ പാലം കടന്ന് പാഴൂരിലെത്തിയാണ്. പാലത്തിന്‍റെ ഇരുമ്പ് ഷീറ്റ് പലയിടങ്ങളിലായി തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്.കാര്യമായ യാത്രാ സൗകര്യമില്ലാതിരുന്ന ഈ പ്രദേശത്തേക്ക്
നിരവധി കാലത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് തൂക്കുപാലം അനുവദിച്ചിരുന്നത്. 2015 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലം നാടിന് സമര്‍പ്പിച്ചത്. കോണ്‍ഗ്രീറ്റ് പാലമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും തൂക്കുപാലമാണ് അനുവദിച്ചത്. 2018 ലെയും 2019 ലെയും മഹാപ്രളയത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടാവസ്ഥയിലായിരുന്നു.
പ്രളയകാലത്ത് ഇരുവഴിഞ്ഞിപ്പുഴയിലെ അതിശക്തമായ കുത്തൊഴുക്ക് മൂലം പാലത്തിന് സ്ഥാനചലനം സംഭവിക്കുകയും യാത്ര തടസ്സപ്പെടുകയും ചെയ്തിരുന്നു. 2018 അറ്റകുറ്റ പണി നടത്തിയ പാലം 2019 ല്‍ വീണ്ടും തകര്‍ന്നു. പിന്നീട് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ 2019 ഓഗസ്റ്റിലാണ് അവസാനമൊയി നവീകരണ പ്രവൃത്തി നടന്നത്. ഇതിനിടെ
ഇടവഴിക്കടവ് പാലത്തിനും പുതിയോട്ടിൽ കടവ് പാലത്തിനും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ 30 ഓളം സ്ഥലങ്ങളിലാണ് പുഴ തീരം ഇടിഞ്ഞതും ആശങ്കപ്പെടുത്തുന്നുണ്ട്. പുതിയോട്ടിൽ കടവ് പാലത്തിൻ്റെ സുരക്ഷക്കായി വലിച്ചുകെട്ടിയ കമ്പിയുടെ തറയോട് ചേർന്ന ഭാഗവും വലിയ തോതിൽ ഇടിഞ്ഞിരുന്നു.
ഗതാഗത പ്രശ്നം രൂക്ഷമായി തുടരുന്ന വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശത്തെ സമഗ്ര വികസനത്തിന് തൂക്കുപാലത്തിന് പകരം കോണ്‍ഗ്രീറ്റ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
KODIYATHUR

