കൂളിമാട് : മാസങ്ങൾക്ക് മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത കൂളിമാട് പാലത്തിൻ്റെ സമീപന റോഡ് നവീകരണം പൂർണ്ണമായി. കൂളിമാട് ജംഗ്ഷനിലെത്താതിരുന്ന സമീപന റോഡ് നവീകരണ പ്രവൃത്തിയാണ് ഒടുവിൽ യാഥാർത്ഥ്യമായത്. പാലം കടന്ന് മലപ്പുറം ജില്ലയിൽ നിന്ന് വേഗത്തിലെത്തുന്ന വാഹനങ്ങൾ ടാറിട്ട സ്ഥലത്ത് നിന്ന് പൊടുന്നനവെ സോളിംഗ് നടത്തിയ ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ വലിയ ശബ്ദമുണ്ടാകലും ചക്രങ്ങൾക്ക് തേയ്മാനം സംഭവിക്കലും അപകടം രൂപപ്പെടലും പതിവായിരുന്നു. പൊടിശല്യം വേറെയും. കളൻതോട് കൂളിമാട് റോഡിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമാക്കി മാറ്റിവെച്ചതാണ് പ്രവൃത്തി വൈകാൻ കാരണം. സമീപനറോഡിൻ്റെ അവശേഷിച്ച നവീകരണം നീണ്ടുപോകുന്നതിൽ നാട്ടുകാരും മറ്റും പ്രതിഷേധിക്കുകയും അധികൃതരെ സമീപിക്കുകയും മീഡിയകൾ ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നവീകരണം പൂർണമായതോടെ അഞ്ച് റോഡുകളിൽനിന്നും കുതിച്ചെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ കൂളിമാട് ജംഗ്ഷനിൽ ആധുനിക സുരക്ഷാ സംവിധാനമൊരുക്കണമെന്നും ദിശാസൂചകം സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പി ടി എസ് കരാർ കമ്പനിക്കാണ് റോഡ് നവീകരണ പ്രവൃത്തിയുടെ ചുമതല.
Tags:
KOOLIMAD
