✒️ ടി.പി.ശരീഫ് ഹുസൈൻ ഹുദവി മാവൂർ( ഖത്വീബ്, കൂളിമാട് ജുമുഅ മസ്ജിദ് )
മുസ്‌ലിം സമൂഹത്തിന്റെ രണ്ട് ആഘോഷദിനങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്‌ർ. നിർബന്ധ ദാനത്തിന്റെ (ഫിത്ർ സക്കാത്ത്) ദിനമായതു കൊണ്ടാണ് ഈദുൽ ഫിത്ർ എന്ന നാമകരണം. ഈ ദിനത്തിലെ പ്രധാന കർമവും ഫിത്ർ സക്കാത്ത് തന്നെ. പെരുന്നാൾ ദിവസത്തിലെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ആവശ്യമായ ധനത്തിനു പുറമേ മറ്റെന്തെങ്കിലും ബാക്കിയുള്ള എല്ലാവർക്കും ഫിത്ർ സക്കാത്ത് നിർബന്ധമാണ്.
ഇസ്‌ലാമിന്റെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന കർമമാണിത്. ആഘോഷദിനമായ പെരുന്നാളിൽ ഒരാളും പട്ടിണികിടക്കരുതെന്ന സന്ദേശമാണത്. ദരിദ്രരും ധനികരും തമ്മിലുള്ള സ്നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനുമാവും.
മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങളും സുശക്തമാവുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. അതിലുപരി മനുഷ്യമനസ്സിനെ സംസ്കരിക്കാനും സക്കാത്ത് കാരണമാവും. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘പ്രവാചകരേ, അവരുടെ ധനങ്ങളിൽനിന്ന് നിർബന്ധ ദാനം തങ്ങൾ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതാണ്’ (തൗബ: 103 )
പെരുന്നാൾ ആഘോഷം ധാർമികമൂല്യങ്ങൾ നിരസിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതുമാവരുതെന്ന് പ്രവാചകൻ (സ) കർശനനിർദേശം നൽകിയിട്ടുണ്ട്. ബന്ധുവീടുകൾ സന്ദർശിക്കാനും കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ശ്രമിക്കണം. സമൂഹത്തിനുതകുന്ന നല്ല പ്രവൃത്തികൾ നിർവഹിച്ചുകൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരസന്ദേശങ്ങൾ പകർന്നുനൽകുന്നതാവണം ഓരോ പെരുന്നാളും.
ഈ ആഘോഷ വേളയിൽ നമ്മുടെ പാവപ്പെട്ട ഫലസ്തീൻ ജനതയെ നമ്മുടെ ഹൃദയത്തിലേക്ക് ചേർത്തുപിടിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.
എവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫ്ത്ർ ആശംസകൾ.
