✒️ ജാഫർ -കൈക്കലാടൻ
മാസം കണ്ട വിവരം പള്ളികളിലെ മൈക്കിലൂടെ വിളിച്ചറിയുമ്പോളായിരുന്നു മിക്കവരും അറിഞ്ഞിരുന്നത്. ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പിലൂടെ അറിയുന്നവരുമുണ്ടായിരുന്നു. മിക്കപ്പോഴും കാപ്പാട് ഭാഗത്തായിരുന്നു ഷവ്വാലമ്പിളിക്കീറ് പ്രത്യക്ഷപ്പെട്ടിരുന്നത്.
ചെത്യാൻ തൊടിക തറട്ട കാഞ്ഞിരത്തിങ്ങൽ ഉമ്മറാക്ക തഖ്ബീർ ചൊല്ലിയിരുന്നത് ഏറെ ആകർഷണീയമായി തോന്നിയിരുന്നു. മനോഹരശബ്ദത്തിലും വേറിട്ട ശൈലിയിലും തഖ്ബീർ ചൊല്ലുന്ന അദ്ദേഹത്തോടൊപ്പം തഖ്ബീർ ചൊല്ലാൻ കുട്ടികൾക്കെല്ലാം ഉൽസാഹമായിരുന്നു.
"അല്ലാഹു അക്ബർ കബീറാ ..... വൽഹംദുലില്ലാഹി കസീറാ.... സുബ്ഹാനള്ളാഹി ബുഖ്റത്തൻ വസീലാ....... " എന്ന് ഇടക്കിടെ ഉമ്മറാക്ക ചൊല്ലുമ്പോൾ അതിന് മാധുര്യമേറുമായിരുന്നു. അദ്ദേഹം ബാങ്ക് വിളിച്ചിരുന്നതും പ്രത്യേക ശൈലിയിലും അതിനേക്കാളുപരി മനോഹമായിട്ടുമായിരുന്നു.
മുതിർന്നവർ പുൽപ്പറമ്പിലെയോ ചേന്ദമംഗല്ലൂരിലെയോ മരക്കാർട്ട്യാക്ക , കുഞ്ഞോയി കാക്ക, മുഹമ്മദ് കുട്ട്യാക്ക ,അബ്ദുള്ളാക്ക എന്നിവരുടെ കടകളിൽ നിന്നും പോത്തിറച്ചി വാങ്ങാൻ തിരക്കുണ്ടാക്കുകയായിരിക്കും അന്നേരം. പത്ത് രൂപക്ക് ഒരു കിലോ ലഭിക്കുമായിരുന്ന പോത്തിറച്ചി പൊതിഞ്ഞു നൽകിയിരുന്നത് തേക്കിലയിലായിരുന്നു. അതിനും മുൻപേ പാളയിയിലായിരുന്നു നൽകിയിരുന്നതെന്ന് മുതിർവർ പറഞ്ഞറിയുകയുണ്ടായി.
അക്കാലത്ത് റെഡിമെയ്ഡ് മൈലാഞ്ചി ട്യൂബുകളിൽ കടകളിൽ നിന്നും ലഭ്യമായിരുന്നില്ല. തൊടിയിലെ അതിരിൽ തഴച്ച് വളരുന്ന മൈലാഞ്ചി ചെടിയിൽ നിന്നും നുള്ളിയെടുക്കുന്ന ഇലകൾ അമ്മിയിൽ വെച്ചരച്ചിട്ടായിരുന്നു മൈലാഞ്ചി ഇട്ടിരുന്നത്. പൊട്ടിയ ചട്ടിയിലിട്ട് ചൂടാക്കി ഉരുക്കിയെടുക്കുന്ന ചക്ക വെളഞ്ഞിയിൽ ഈർക്കിൾ കുത്തി കൈവെള്ളയിൽ നിറയെ പുള്ളികളിടും. ശേഷം കൈനിറയെ മൈലാഞ്ചിയിടും. മണിക്കൂറുകൾ കഴിഞ്ഞ് കഴുകി കളയുമ്പോൾ ചുവന്ന നിറത്തിനുള്ളിൽ നിറയെ വെളുത്തപുള്ളികളുള്ള കൈ കാണാൻ നല്ല ചന്തമായിരിക്കും. ആൺകുട്ടികൾ മൈലാഞ്ചിയിട്ടിരുന്നത് തഖ്ബീർ ചൊല്ലാൻ കൂടി ഏറെ വൈകി പള്ളികളിൽ നിന്നും മടങ്ങിവന്നതിന് ശേഷമായിരുന്നു.
പുത്തൻ വസ്ത്രങ്ങൾക്ക് വാശി പിടിച്ച് കരയാൻ പറ്റിയ സാഹചര്യമല്ലായിരുന്നു മികവർക്കും അക്കാലം. ഗ്രാമങ്ങളിലെ കടകളിൽ റെഡിമെയ്ഡ് വസ്ത്രങ്ങളെത്തി തുടങ്ങിയിട്ടില്ലാത്ത കാലത്ത് തയ്യൽക്കടകൾനടത്തിയിരുന്ന ചെമ്പക്കോട്ടുമ്മൽ ഗംഗാധരേട്ടൻ, പനങ്ങോട്ടുമ്മൽ മൂസ മൂത്താപ്പ , വള്ളിക്കാട്ടിൽ ജോസേട്ടൻ, അക്കരേടത്തിൽ പീതാംബരേട്ടൻ, ചോലയിൽ കബീർക്ക തുടങ്ങിയവർക്കെല്ലാം ടൈലർ മെഷീനിൽ നിന്നും കാലെടുക്കാൻ നേരമുണ്ടാകാറില്ല. ആളുകൾ കടകളിൽ നിന്നും മുറിച്ച് വാങ്ങിക്കൊണ്ടു വരുന്ന തുണിത്തരങ്ങൾ അളവെടുത്ത് സമയത്തിന് തയ്ച്ച് കൊടുക്കാൻ പറ്റിയില്ലെങ്കിൽ വലിയ നാണക്കേടായണവർ കരുതിയിരുന്നത്. രണ്ടോ മൂന്നോ രൂപയാണ് അക്കാലത്ത് കുപ്പായം തയ്ക്കാനുള്ള കൂലി. അയഞ്ഞതും ഇറക്കമുള്ളതുമായ ഷേർട്ടുകളാണ് ഭൂരിഭാഗം പേരും ധരിച്ചിരുന്നത്. പേൻ്റിടുന്നവർ ചുരുക്കം ആളുകളേ ഉണ്ടായിരുന്നുള്ളൂ. കോട്ടൺമുണ്ടുകളെ കൂടാതെ പോളീസ്റ്റർ മുണ്ടുകളും ധരിക്കുന്നവരുണ്ടായിരുന്നു. പെൺകുട്ടികളുടെ വേഷം പാവാടയും ബ്ലൗസും തട്ടവുമായിരുന്നു. ചിലർ മൊക്കനയും ധരിക്കാറുണ്ട്. മുതിർന്ന സ്ത്രീകൾ ധരിച്ചിരുന്നത് കാച്ചിത്തുണി, പോളീസ്റ്ററിൻ്റെ വിവിധ നിറങ്ങളിലുള്ള പുള്ളിത്തുണി, നീളൻ കയ്യുള്ള കുപ്പായം, തട്ടം മുതലായവയായിരുന്നു. സാരി ധരിക്കുന്നവരുണ്ടായിരുന്നെങ്കിലും പർദ്ദയണിയുന്നവർ നന്നേ കുറവായിരുന്നു.
പെരുന്നാൾ പുലരിയിൽ നേരത്തേ എഴുന്നേറ്റ് ദേഹമാസകലം എണ്ണ തേച്ച് സോപ്പുമെടുത്ത് തോട്ടിലേക്കോടും. തോട്ടിൽ വെള്ളമില്ലാത്ത സമയത്ത് പഞ്ചായത്ത് കിണറ്റിൽ നിന്നോ കുഞ്ഞോറാജിയുടെ പറമ്പിലുള്ള ആഴം കുറഞ്ഞ കിണറ്റിൽ നിന്നോ വെള്ളംക്കോരിയിട്ടായിരുന്നു കുളി. കുളി കഴിഞ്ഞ് വീട്ടിലെത്തി ചായ കഴിച്ചതിന് ശേഷം ഉടുത്തൊരുങ്ങി പള്ളിയിലേക്ക്.പുത്തൻ വസ്ത്രങ്ങളണിഞ്ഞും അത്തറ് പൂശിയും പോകുന്നവരെ കാണുമ്പോൾ ഏറെ പഴക്കമില്ലാത്തവയണിഞ്ഞ് പോകുന്നവരുടെ ഉള്ളിൽ ദു:ഖത്തിൻ്റെ ഉറവ പൊട്ടിയൊലിക്കാനാരംഭിക്കും. എങ്കിലും അതിനെ ഉള്ളിൽ തന്നെ തടഞ്ഞു നിറുത്തി മുഖത്ത് മന്ദസ്മിതം തൂകിയവർ പള്ളികളിലേക്ക് നടക്കും.
നിസ്കാരം കഴിഞ്ഞ് ഖബർസ്ഥാനിൽ ചെന്ന് പൂർവികരുടെ ഖബറിനരികിൽ നിന്നും പ്രാർത്ഥന നടത്തിയതിന് ശേഷമായിരുന്നു മിക്കവരും മറ്റുകാര്യങ്ങളിലേക്ക് തിരിഞ്ഞിരുന്നത്. ബന്ധുവീടുകളിൽ സന്ദർഷനം നടത്തി തിരിച്ചെത്തിയതിന് ശേഷമായിരുന്നു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. പിന്നെ കൂട്ടുകാരൊപ്പം കൂടി കൊയ്തൊഴിഞ്ഞ വയലിലും പറമ്പിലുമൊക്കെയായി വിവിധങ്ങളായ കളികളിലേർപ്പെടും. പിന്നീട് സന്ധ്യ മയങ്ങുന്നതോടെയായിരിക്കും വീടണയൽ.അതോടെ പെരുന്നാൾ ദിനം പൂർണമായി.
