Flash News

Nattu Media

അര നൂറ്റാണ്ട് മുമ്പുള്ള പാഴൂരിലെ ചെറിയപെരുന്നാളിലേക്ക് ഒരു എത്തിനോട്ടം

 ✒️വി ടി എ റഹ്മാൻ മാസ്റ്റർ പാഴൂർ

റമളാൻ
അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും ശ്രദ്ധ പെരുന്നാളിലേക്കാണ്. സാമ്പത്തിക പ്രയാസം ഉണ്ടായതിനാൽ  പലരും പുതുവസ്ത്രങ്ങൾ അക്കാലത്ത് വാങ്ങാറില്ല.
 ഇന്നത്തെപ്പോലെ റെഡിമെയ്ഡ് വസ്ത്രങ്ങൾ അന്ന് ലഭ്യമായിരുന്നില്ല. പുരുഷന്മാർ തുണിപ്പീടികകളിൽ പോയി ഷീല വാങ്ങി  ടൈലർ ഷോപ്പിൽ കൊടുക്കും. അന്ന് തുണിയാണ് എല്ലാവരും ഉടുക്കാറ്. പാൻസ് മാവൂർ കമ്പനിയിൽ പോകുന്ന ആളുകൾ  ഉപയോഗിക്കും. ടൈലർ ഷോപ്പുകളിൽ എല്ലാം നല്ല തിരക്കായിരിക്കും. പെരുന്നാളിന് രാത്രി ചിലപ്പോൾ ഏറെ വൈകിയായിരിക്കും ഷർട്ട് അടിച്ചു കിട്ടുക. ചിറ്റാരിപ്പിലാക്കലിൽ ഉമ്മർകുട്ടി കാക്കയുടെ മകൻAC മൊയ്തീൻ കുട്ടിയുടെ  ഒരു ചെറിയ തുണിപ്പീടിക ഉണ്ടായിരുന്നു.
 തൊട്ടടുത്ത് ചെറുണ്ണിയുടെ ടൈലർ പീടികയും ഉണ്ടായിരുന്നു.പാഴൂരിൽ രാമൻ,കോപ്പുണ്ണി, കരീം കാക്ക എന്നിവരും ടൈലർ മാരായിരുന്നു  
.
 കുട്ടികൾക്ക് ചുവന്ന കരയുള്ള ഒരു തുണിയാണ് അധികവും. പുരുഷന്മാർക്ക് കരയില്ലാത്ത കോറ,മല്ല് പുരുഷന്മാർക്ക് തലയിൽ കെട്ടാൻ ഒരു നാൽപാമ്പർ മുണ്ട് ഉണ്ടാവും. അതുപോലെ ബനിയൻ അന്ന് അധികമാളുകളിലും ഉണ്ടായിരുന്നില്ല. കഞ്ഞി പ്രാക്ക് എന്നാണ് ബനിയൻ പറയുക. അന്നത്തെ ഏക ബനിയൻ ബ്രാൻഡ് ആയിഷ ബനിയൻ ബ്രാൻഡ് ആയിരുന്നു.ചിലരൊക്കെ അതും വാങ്ങും.ട്രൗസർ അന്ന് ഉപയോഗിക്കുന്നവർ വളരെ വിരളമായിരുന്നു.ചിലരൊക്കെ അതും ഉപയോഗിക്കും. സ്ത്രീകൾക്ക് വെള്ളക്കാച്ചി കറുപ്പ് കാച്ചി എന്നീ തുണികളും അതുപോലെ പ്രത്യേകം തുന്നി ഉണ്ടാക്കിയ ഒരു ഷർട്ട് ഒരു തട്ടം അന്ന് പാവാടകൾ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല പെൺകുട്ടികളും തുണികൾ തന്നെയായിരുന്നു ധരിക്കാറുണ്ടായിരുന്നത് പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷമാണ് പാവാട വിപണിയിൽ വന്നു തുടങ്ങിയത്.
      50 ശതമാനം പേർക്കും പുതുവസ്ത്രങ്ങൾ ഉണ്ടാവുകയില്ല. അത്രക്കും ദാരിദ്ര്യം ആയിരുന്നു അന്ന്. അവരിൽ ചിലരൊക്കെ പഴയ വസ്ത്രങ്ങൾ ഇസ്തിരിയിടും. കരണ്ട് നാട്ടിൽ എവിടെയും ഇല്ലാത്തതിനാൽ ചിരട്ട കത്തിച്ച് ഇടുന്ന ഒരു ഇസ്തിരിപ്പെട്ടിയാണ് ഉപയോഗിക്കാർ. അതുതന്നെ നമ്മുടെ നാടുകളിൽ കുറഞ്ഞ വീടുകളിൽ ആയിരുന്നു ഇസ്തിരിപ്പെട്ടി ഉണ്ടായിരുന്നത്. ചിലരൊക്കെ നേരത്തെ ഇസ്തിരിപ്പെട്ടി ബുക്ക് ചെയ്തു വീട്ടിലേക്ക് കൊണ്ടുപോയി  തിരിച്ചുകൊടുക്കും. അന്ന് പശുക്കളെയും മൂരികളെയും ആണ് അറുക്കുക. ഇറച്ചി നേരത്തെ ബുക്ക് ചെയ്യണം. അവരുടെ ലിസ്റ്റുമായിട്ട് നടക്കും. അറുക്കുന്ന മൃഗങ്ങളെ അങ്ങാടിയിൽ കൊണ്ടുവന്ന് ഒന്ന് കെട്ടിയിടുകയും ചെയ്യും. മരക്കാര് കുട്ടി കാക്ക, ഊരാളി മുഹമ്മദ് കാക്ക, കുഞ്ഞൻ മൊയ്തീൻ കാക്ക ഇവരൊക്കെയായിരുന്നു അന്നത്തെ അറവുകാർ. ഒരാൾ ഒരു വീട്ടിൽ ഒരു കിലോ ഇറച്ചിയോ അല്ലെങ്കിൽ രണ്ട് കിലോ ഇറച്ചിയോ ആയിരിക്കും വാങ്ങുക. അതിനെക്കാൾ കൂടുതൽ അങ്ങനെയൊന്നും ആരും വാങ്ങാറില്ല. അതിന് പാള കൊണ്ടു പോകണം. അന്ന് തേക്കിന്റെ ഇലയിൽ ഒന്നും ഇറച്ചി പൊതിഞ്ഞ് തരികയില്ല. പെൺകുട്ടികൾ മൈലാഞ്ചി ഉള്ള വീടുകളിൽ പോയി  മൈലാഞ്ചി ഇലകൾ ഊരി സ്റ്റോക്ക് ചെയ്യും. നേരത്തെ പോയിട്ടില്ലെങ്കിൽ പിന്നീട് അത് കിട്ടുകയില്ല. നേരത്തെ തയ്യാറാക്കി വെച്ച ചക്കയുടെ വിളഞ്ഞി ചൂടാക്കിയാണ് പെരുന്നാളിന്റെ തലേദിവസം രാത്രി മൈലാഞ്ചി ഇടുന്നത്. അന്ന് മിക്ക വീടുകളിലും മൈലാഞ്ചി മരങ്ങൾ ഉണ്ടായിരുന്നു.
     ഇരുപത്തിയേഴാം രാവിന്റെ അന്ന് എല്ലാ പുരുഷന്മാരും പള്ളിയിലേക്ക് പോകും. രാത്രി എല്ലാം വളരെ വൈകിയായിരിക്കും പള്ളിയിൽ നിന്ന് പുറപ്പെടുക. ചിലരൊക്കെ മുൻപ് പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവർ നോമ്പ് 21ന് ഇഅ്തികാഫ് ഇരുന്നാൽ പിന്നെ അവർ പുറത്തുവരിക പെരുന്നാള് ആയതിനുശേഷം ആണ്. 29 നോമ്പിന് ശേഷം എല്ലാവരും ശവ്വാൽ പിറവി നോക്കും. ശവ്വാൽ പിറവി നോക്കണം എന്ന് ഖാളിമാരുടെ അറിയിപ്പ് പത്രങ്ങളിൽ ഉണ്ടാകും. കൽപ്പള്ളിയിൽ മൂസാക്ക എന്നൊരാൾ അദ്ദേഹം എല്ലാ മാസവും ഇങ്ങനെ കൽപള്ളിയിൽ ചാലിയാറിന്റെ തീരത്ത്പോയി അദ്ദേഹം മാസം നോക്കാറുണ്ട്. റമദാനിലും പെരുന്നാളിനും അല്ലാതെ മറ്റു മാസങ്ങളിലും അദ്ദേഹം മാസം നോക്കാറുണ്ട്. മിക്കവാറും അദ്ദേഹം തന്നെയാണ് ആദ്യമായി മാസം കാണുക. മാസം കണ്ടാൽ ഉടനെ അദ്ദേഹം കോഴിക്കോട് ഖാളിയുടെ അടുത്തേക്ക് പോകും. അന്ന് ഇന്നത്തെപ്പോലെ ഹിലാൽ കമ്മിറ്റിയോ ജില്ലാ ഖാളിമാരോ ഉണ്ടായിരുന്നില്ല.ഖാളി ഇദ്ദേഹത്തെ ചോദ്യം ചെയ്തു സാക്ഷികൾ എല്ലാം ഹാജരാക്കിയതിനു ശേഷം ചിലപ്പോൾ മാസം ഉറപ്പിക്കും.  ചിലപ്പോൾ പെരുന്നാൾ പിറവി അറിയുന്നത് രാത്രി 11 മണിക്ക് 12 മണിക്ക് ഒക്കെ ആയിരിക്കും. പാഴൂരിൽ അരിമ്പ്ര പുതിയോട്ടിൽ മുഹമ്മദ് സാഹിബിന്റെ വീട്ടിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. മുതിർന്നവരും കുട്ടികളും എല്ലാം അവിടെ പോയി കാത്തിരിക്കും. ഖാളിമാർ മാസം ഉറപ്പിച്ചാൽ റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു പറയും. അന്ന് ഖാളിമാർക്ക് നേരിട്ട് റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ച് പറയാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അന്ന് ടെലിഫോൺ എക്സ്ചേഞ്ച് മുഖേന ട്ട്രങ്ക് ബുക്ക് ചെയ്തു ലൈറ്റിംഗ് കോള് അതുപോലെ അർജന്റ് കോള് ഇങ്ങനെയുള്ള കോളുകൾ ബുക്ക് ചെയ്തിട്ടാണ് വിവരം അറിയിക്കുക.  പാഴൂരിലെ MKC അബ്ദുസ്സലാം അദ്ദേഹം കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ചിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു. ടെലിഫോൺ ഓപ്പറേറ്റർ ആയിരുന്നു.ഖാളിമാരുടെ വിവരം അവർ ടെലിഫോൺ എക്സ്ചേഞ്ച് ലൂടെ അറിഞ്ഞ് ഇത് ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് വിവരം കൊടുക്കുമ്പോൾ
 ഇങ്ങനെയൊക്കെ ഉണ്ട് എന്നുള്ള വിവരം പാഴൂരിലെ അബ്ദുസലാം മാഷിന്റെ വീട്ടിലേക്ക് അദ്ദേഹം അറിയിക്കും. അതുകഴിഞ്ഞ് കുറച്ചു കഴിഞ്ഞതിനുശേഷം ആയിരിക്കും ഒരുപക്ഷേ റേഡിയോയിൽ കൂടെ  ആ വിവരം അറിയുക. റേഡിയോയിലൂടെ വിവരം അറിയുന്നതിന് മുമ്പ് തന്നെ  അബ്ദുസ്സലാം മാഷ് വീട്ടിൽ
 ആളുകളെല്ലാം
പോയിരിക്കും.
      അങ്ങനെ മാസം കണ്ട വിവരം കൊടിയത്തൂരിൽ നിന്നും അതുപോലെ താത്തൂരിൽ നിന്നുമെല്ലാം കദീന പൊട്ടിച്ച് ഈ കദീനപൊട്ടിക്കുന്ന ശബ്ദം കേട്ടാണ് മാസം ഉറപ്പിക്കുക. പക്ഷേ പാഴൂർകാർ  അതിനുമുമ്പ് തന്നെ വിവരം അറിഞ്ഞിരിക്കും.
 പെരുന്നാൾ ആയി എന്ന വിവരം അറിഞ്ഞാൽ
 ആളുകൾ കൂട്ടമായി ചൂട്ട് കത്തിച്ച് അന്ന് ടോർച്ച് സംവിധാനങ്ങൾ ഒന്നുമില്ല.
 ഫിത്റ് സക്കാത്തിന്റെ അരി വാങ്ങാൻ ചില വീടുകളിലേക്ക് വരും.
 ഇന്നത്തെപ്പോലെ സംഘടിതമായ ഫിത്റ് സക്കാത്ത് ഒന്നും അന്ന് നാടുകളിൽ ഇല്ല. നാട്ടിലെ ഒരു 5% കുടുംബങ്ങളിൽ മാത്രമാണ് അന്ന് ഫിത്തർ സക്കാത്ത് കൊടുക്കുക. അരിക്ക് വളരെ ക്ഷാമം ആയിരിക്കും. അതുകൊണ്ടുതന്നെ ഫിത്റ് സക്കാത്തിന്റെ അരി വാങ്ങാൻ എല്ലാവരും പോകും. പാവങ്ങൾ ഒക്കെ അങ്ങനെ പോകും. പിന്നെ അരി കൊടുക്കാൻ തീരെ വകയില്ലാത്ത ആളുകൾ ഗോതമ്പ് കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അന്ന് രാത്രി കുട്ടികൾ ഉറങ്ങുകയില്ല. മുതിർന്നവർ ആണെങ്കിൽ ഇറച്ചിക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി പോയിട്ടുണ്ടാകും. വീട്ടിലെ അവരെത്തുമ്പോൾ രണ്ടു മണിയും അങ്ങനെയൊക്കെ ആയിട്ടുണ്ടാവും. രാവിലെ കുട്ടികളെ എണ്ണ തേച്ച് പുഴയിലേക്ക് കൊണ്ടുപോകും. വലിയവർ നേരത്തെ അവരെ പുഴയിൽ കൊണ്ടുപോകും നേരത്തെ എത്തിയില്ലെങ്കിൽ സീറ്റ് പോകും. എല്ലാവരും അന്ന് പുഴയിൽ നിന്ന് തന്നെയാണ് എണ്ണ തേച്ചു കുളിക്കുക. കുളിയെല്ലാം കഴിഞ്ഞ് പുതുവസ്ത്രം എല്ലാം ധരിച്ച് എല്ലാവരും പള്ളിയിലേക്ക് പോകും. മുന്നൂര് ജുമുഅത്ത് പള്ളിയിലാണ് അന്ന് നിസ്കാരമുള്ളത്. ചിറ്റാരി പിലാക്കലിൽ ഒന്നും അന്ന് പള്ളി ഉണ്ടായിരുന്നില്ല. അവർ മുന്നൂര് ജുമുഅത്ത് പള്ളിയിലേക്ക് രണ്ടു പെരുന്നാളുകൾക്കും. തക്ബീർ ജാഥ മുഴക്കി ആയിരിക്കും വരിക. Ap അഹമ്മദ് കുട്ടി മുസ്ലിയാർ അദ്ദേഹമാണ് തക്ബീർ ജാഥയ്ക്ക് നേതൃത്വം നൽകുക. പറമ്പിൽ അഹ്മദ് കുട്ടി കാക്ക, ആകുണ്ണി കാക്ക, ഇണ്ണി കാക്ക,ചെമ്പകശ്ശേരി മുഹമ്മദ് കാക്ക, പറമ്പിൽ ബീച്ചി കാക്ക, കുട്ടൂസ ഹാജി, ഇബ്രാഹിം ഹാജി, കോയാമു കാക്ക,കാണ്ണഞ്ചേരി മനു കാക്ക,തറമ്മൽ കൊടപ്പന  മുഹമ്മദ്‌ ഹാജി, മൊയ്തീൻ മുസ്ലിയാർ,  ഉമ്മ റുട്ട്യാക്ക, മങ്ങാട്ടുപറമ്പിൽ മുഹമ്മദാക്ക, അബ്ദുള്ള കാക്ക, കണ്ണഞ്ചേരി കുഞ്ഞോയി കാക്ക,KCV മുഹമ്മദ് മൗലവി തമ്പലൻകാട്ട് ഹസ്സൻ കുട്ടിയാക്ക, മന്നിങ്ങ ചേക്കുട്ടി കാക്ക,ബിച്ചിണ്ണി കാക്ക ബീരാൻകുട്ടി കാക്ക കുറുമ്പറമ്മൽ  മൊയ്തീനാക്കാ അദ്ദേഹം ഉറക്കനെയാണ് തക്ക്ബീർ ചൊല്ലുക
ഇങ്ങനെ തുടങ്ങിയ എണ്ണിയാൽ ഒതുങ്ങാത്ത ഒരുപാട് വ്യക്തിത്വങ്ങൾ
 അന്ന് ആ ജാഥയിൽ ഉണ്ടാകും.
 വൃദ്ധരെല്ലാ മുന്നിലും കുട്ടികളെല്ലാം പിറകിലും 
 അങ്ങനെ നല്ല അച്ചടക്കത്തോട് കൂടെയുള്ള ഒരു ജാഥയായിരിക്കും അന്ന് മുന്നൂര് ജുമുഅത്ത് പള്ളിയിലേക്ക് പുറപ്പെടുക.
 അന്ന് മദ്രസയുടെ ഇടവഴി എന്നാണ് പറയുക ഇന്നത്തെ പോലെ റോഡ് സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു. ഈയൊരു തകബീർ ജാഥ കാണാൻ വേണ്ടിയിട്ട് കുറഞ്ഞ വീടുകളെ ഉള്ളെങ്കിലും  അവരെല്ലാം കാണാൻ വേണ്ടിയിട്ട്  ഇടവഴിയുടെ 2 സൈഡുകളിലും നിൽക്കാറുണ്ടായിരുന്നു.
      ജാഥ  മുന്നൂര് പള്ളിയിലേക്ക് എത്തിയാൽ
 ഒരു 10 മിനിറ്റ് കഴിഞ്ഞാൽ നിസ്കാരം തുടങ്ങും. AC സീതി മൗലവിയാണ് അന്നത്തെ ഖത്തീബ്. കുറേക്കാലം അദ്ദേഹം മുന്നൂര് പള്ളിയിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു.
 ഖുതുബയും നിസ്കാരവും എല്ലാം കഴിഞ്ഞാൽ എല്ലാവരും ഖബർ സിയാറത്ത് ചെയ്യാൻ വേണ്ടി പോകും. അന്ന് മുന്നൂര് ഖബർസ്ഥാനിൽ  ഖബറുകൾ എല്ലാം വളരെ കുറവായിരുന്നു. കുട്ടികളെയും എല്ലാം കൂട്ടിയാണ്. എല്ലാവരും ഖബറിന്റെ അരികിലേക്ക് പോവുക. ദുആഇന്ന് വേണ്ടിയിട്ട് മൊല്ലാക്കയെയും ഇമാമിനെയും  എല്ലാം ആളുകൾ കാത്തിരിക്കും. കാരണം കൂട്ടത്തിൽ ഉള്ള ആളുകൾ ദുആ ചെയ്യല് കുറവാണ്. ഇന്ന് ഓരോ കുടുംബത്തിലും ധാരാളം പണ്ഡിതന്മാർ ഉണ്ട്. അവരായിരിക്കും ഖബർസ്ഥാനിൽ ദുആ ചെയ്യുന്നത്. ഇന്ന് വളരെ അപൂർവമായിട്ടാണ് പള്ളിയിലെ ഉസ്താദിനെയും മൊല്ലാക്കയെയും ദുആ ഇരക്കാൻ വേണ്ടിയിട്ട് ഖബറിന്റെ അരികിലേക്ക് ക്ഷണിക്കുന്നത്. ചെറിയ കുട്ടികളെയൊക്കെ അന്ന് പള്ളിയിലേക്ക് കൊണ്ടുവരും. കുറച്ചുനേരം എല്ലാവരും പള്ളിമുറ്റത്ത് ഒക്കെ നിൽക്കും. പിന്നെ വീടുകളിലേക്ക് പോകും. ചോറും ഇറച്ചിക്കറിയും പരിപ്പുകറിയും  പപ്പടവും
 ആണ് അന്ന് മിക്ക വീടുകളിലും ഉണ്ടാവുക. ഇന്നത്തെ പോലെ  ബിരിയാണിയും നെയ്ച്ചോറും ഒന്നും ഉണ്ടാവുകയില്ല. അതുപോലെ പായസം ബേക്കറി സാധനങ്ങൾ ഫ്രൂട്ട് സലാഡുകൾ ജ്യൂസുകൾ ഒന്നും തന്നെ അന്നുണ്ടാവുകയില്ല. 10 മണിക്ക് തന്നെ മിക്കവാറും ആളുകൾ ചോറ് തിന്നും. പിന്നെ അളിയനെ തേടി പോകും. നടന്നാണ് അധികവും പോവുക. ചിലരൊക്കെ അടുത്തുള്ള ബന്ധുവീടുകളിൽ എല്ലാം പോകും അവിടെയും ചോറ് തന്നെയായിരിക്കുംഉണ്ടാവുക. രാത്രിയാണ് അന്നത്തെ സൽക്കാരം പിറ്റേന്ന് ആറു നോമ്പ് ആയതിനാൽ എല്ലാവരും അന്ന് രാത്രി തന്നെ സൽക്കാരത്തിന് വരികയും രാവിലെ നോമ്പ് അനുഷ്ഠിച്ച് തിരിച്ചു പോവുകയും ചെയ്യും. അന്നേ ആറു നോമ്പ് എല്ലാവരും അനുഷ്ഠിക്കാറുണ്ടായിരുന്നു . ചിറ്റാരിപ്പിലാക്കൽ നിന്നും ഘോഷയാത്രയായി നിസ്കരിക്കാൻ വരുന്നവരുടെ കൂട്ടത്തിൽ കോയാമു കാക്ക, കുട്ടൂസ ഹാജി, ഇബ്രാഹിം ഹാജി, ഹസ്സൻ കാക്ക എന്നിവരും അവരുടെ മക്കളും പേരമക്കളും നിസ്കാരം കഴിഞ്ഞ് ഖബർ സിയാറത്ത് കഴിഞ്ഞതിനു ശേഷം വേറെ ഒരു ചെറിയ ജാഥയായി അവർ അടുക്കത്തിൽ തറവാട്ടിൽ പോകും.  സഹോദരങ്ങളായ കുട്ട്യാൻ ഹാജി, ഇസ്മായിൽട്ടി ഹാജി, AC അബ്ദു റഹിമാൻ കുട്ടി ഇവരൊക്കെ അന്ന് താഴത്താണ് താമസിക്കുന്നത്. അവരുടെ വീട് മുന്നൂര് പള്ളിക്കടുത്താണ് വീട് . ഇവരുടെ ഏക സഹോദരി തൃക്കളയൂർലേക്ക് കല്യാണം കഴിപിച്ച പെങ്ങള് 
 അവരും അന്നിവിടെ എത്തും . അവിടെ എല്ലാവരും ഒരുമിച്ചു കൂടി ഒരു സംഗമം തന്നെയായിരിക്കും. ഒരുപക്ഷേ പാഴൂരിലെ പ്രഥമ കുടുംബ സംഗമം ആയിട്ട് ഇതിനെ വിലയിരുത്തേണ്ടി വരും. ഒരു മൂന്നുമണി ഒക്കെ ആയാൽ ചിറ്റാരിപ്പിലാക്കലിൽ നിന്ന് വന്നവര് പാഴൂർലേക്ക് വന്ന്
 ചിലപ്പോൾ തട്ട്യാകടവത്ത് നിന്നും  ഒന്ന് മുങ്ങി കുളിച്ച്  അങ്ങനെ നേരെ വടക്കേതോടി എരട്ടേക്കണ്ടി കാക്കുളങ്ങര
 വഴി അവർ ചിറ്റാരിപ്പിലാക്കലിലേക്ക് പോകും . ആ ഭാഗങ്ങളിലെല്ലാം അന്ന് വീടുകൾ വളരെ തുച്ഛമായിരുന്നു. ഈ വീടുകളിൽ എല്ലാം വന്ന് വീട്ടുകാരോട് എല്ലാം സൗഹൃദങ്ങൾ പങ്കിട്ട് ചിലർക്കൊക്കെ വല്ല സാമ്പത്തിക സഹായങ്ങളും കൊടുത്തിട്ടാണ് അന്ന് കുട്ടൂസ ഹാജിയും  ഇബ്രാഹിം ഹാജിയും ഒക്കെ പോകാറുള്ളത്. ഇതൊക്കെ ഇന്നും ഓർത്തു പോവുകയാണ്. ഏതായാലും പഴയകാല പെരുന്നാൾ ചിന്തകൾ അല്പം ഒന്ന് പങ്കുവെച്ചു എന്ന് മാത്രം. ഒരുപാട് ആളുകളെ കൂട്ടത്തിൽ സ്മരിക്കാൻ ഉണ്ട്. ഇതിൽ പേര് പറഞ്ഞ ആളുകളിൽ 99% പേരും ആറടി മണ്ണിലാണ് ഒരു ശതമാനം ആളുകളാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. റഹ്മാനായ റബ്ബ് മരണപ്പെട്ടവരുടെ ഖബർ  സ്വർഗ്ഗത്തോപ്പാക്കി കൊടുക്കുമാറാകട്ടെ 
 അതുപോലെ ജീവിച്ചിരിക്കുന്നവർക്ക് അള്ളാഹു ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ 
 എന്ന് ആത്മാർത്ഥമായി കൊണ്ട് പ്രാർത്ഥിക്കുകയാണ്.
AC അദ്രേമാൻ കുട്ടി കാക്ക ഇപ്പോൾ രോഗിയായി  കിടപ്പിലാണ്.
 അവരുടെ കുടുംബത്തിലുള്ള ആണുങ്ങളുടെ കൂട്ടത്തിൽ അദ്ദേഹമാണ് ഇപ്പോൾ ബാക്കി ഉള്ളത്. ബാക്കിയുള്ളവരെല്ലാം മരണപ്പെട്ടു പോയി. അള്ളാഹു അദ്ദേഹത്തിന്റെ രോഗത്തിന് ഷിഫാഅ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)