കോട്ടമുഴി പാലം പൂർത്തിയായാൽ സമ്മർദ്ദം ചെലുത്താനാണ് നാട്ടുകാരുടെ തീരുമാനം
കൊടിയത്തൂർ : മലയോരമേഖലയിലെ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്രദവും അത്യാവശ്യവുമായ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നിലച്ചിട്ട് മൂന്നുവർഷത്തിലേറെയായി. കൊടിയത്തൂർ-മുക്കം-കോഴിക്കോട് ബസ് സർവീസാണ് നിലച്ചുപോയത്. കോവിഡിന്റെ ആരംഭത്തിൽ നിർത്തിവെച്ച സർവീസ് ഇന്നേവരെ പുനരാരംഭിച്ചിട്ടില്ല. നല്ല വരുമാനം കിട്ടിയിരുന്നതും ഈ റൂട്ടിൽ ആകെ ഉണ്ടായിരുന്നതുമായ ഒരേയൊരു കെ.എസ്.ആർ.ടി.സി. ബസാണ് ഇല്ലാതായത്.
പുലർച്ചെ അഞ്ചുമണിക്ക് കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽനിന്ന് ആരംഭിച്ചിരുന്ന ബസ് സർവീസ് കൊടിയത്തൂർ, കാരശ്ശേരി, പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രോഗികൾ എന്നിവർക്കുപുറമേ കോഴിക്കോടുവഴി ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും വലിയ അനുഗ്രഹമായിരുന്നു. കൂടരഞ്ഞി,തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോരപ്രദേശങ്ങളിൽനിന്നടക്കം കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിക്കുള്ള ഒട്ടേറെ യാത്രക്കാരും ഇതിനെയായിരുന്നു ആശ്രയിച്ചിരുന്നത്. രാത്രി 10.30-ന് കോഴിക്കോട്ടുനിന്നുള്ള അവസാന ട്രിപ്പും രാത്രി കോഴിക്കോട്ടെത്തുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിൻ യാത്രക്കാർക്കുൾപ്പെടെ ഒരുപാടുപേർക്ക് വലിയ ആശ്രയമായിരുന്നു.
