Flash News

Nattu Media

അകാലത്തിൽ പൊലിഞ്ഞ റോസാപ്പൂവെ കണ്ണീർ പ്രണാമം


നേരത്തെ എന്റെ അയൽവാസിയും എൻ്റെ കുടുംബ സുഹൃത്തുമായ പരേതനായ പി എം കുഞ്ഞുമുഹമ്മദ് കാക്കയുടെ മകളും എന്റെ സഹപാഠിയുമായ കൊടുവള്ളിയിൽ  പി എം ഷെരീഫയുടെ മരണം വല്ലാതെ നൊമ്പരപ്പെടുത്തി.

✍️ ഗിരീഷ് കാരക്കുറ്റി


നമ്മളിൽ നിന്നും യാത്ര പറയാതെ തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് മനസ്സില്ലാ മനസ്സോടെ യാത്ര പറഞ്ഞ പ്രിയ കൂട്ടുകാരി ഷരീഫക്ക് കണ്ണീർ പ്രണാമം.

ജീവിച്ചു കൊതി തീർന്നിട്ടുണ്ടാവില്ല. പലപ്പോഴും ആശിച്ചു പോയിട്ടുണ്ടാവും നമ്മുടെ അരികിൽ തടായിക്കുന്നിൽ ഇത്തിരി നേരം ആ കലാലയ തിരുമുറ്റത്ത്  അല്പം സ്വറ പറഞ്ഞിരിക്കാനും കളി തമാശകൾ പറയാനും ..

 അന്ന് പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു തടായിക്കുന്നിറങ്ങിയതിനുശേഷം  തിരികെ വന്നിട്ടില്ലവൾ. പതിറ്റാണ്ടിലൊരിക്കൽ നമ്മൾ നടത്തിയ ഗെറ്റുഗതറിലും അവൾക്ക് വരാൻ കഴിഞ്ഞില്ല. കുടുംബജീവിതവും അതിനിടക്ക് വരിഞ്ഞുമുറുകിയ അസുഖവും കാരണം.

വളരെ ചെറുപ്പത്തിൽ തന്നെ കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ,മൂന്നു പതിറ്റാണ്ടിലേറെ വൃക്ക സംബന്ധമായ അസുഖം കാരണം വേദന അനുഭവിക്കുകയും .പിതാവ് വൃക്ക പകുത്തു നൽകുകയും ചെയ്തപ്പോൾ  പ്രതീക്ഷയുടെ തളിരൊളി  കണ്ടാശ്വസിച്ചു അവളെപ്പോലെ നമ്മളെല്ലാവരും .

പച്ചപ്പട്ടണിഞ്ഞ തടായി കുന്നും കാറ്റാടി മരങ്ങളെ തഴുകി ഉണർത്തി , മൂളിപ്പാട്ടുമായി വരുന്ന മന്ദമാരുതനും   കലാലയ തിരുമുറ്റത്ത് അക്ഷരം കൊത്തിപ്പൊറുക്കാൻ പറന്നെത്തിയവരും ബഹുവർണ്ണ കാഴ്ചകളായിരുന്നു. അതിനിടയിൽ നിൻെറ ചിരിയും കളിയും യുവജനോത്സവങ്ങളിലെ ഒപ്പനപ്പാട്ടും ഒന്നും ആർക്കും മറക്കാൻ കഴിയുന്നില്ല.

ആരോടും വെറുപ്പില്ല എല്ലാവരോടും സ്നേഹം അത് മാത്രമായിരുന്നല്ലോ നിൻെറ മുഖമുദ്ര.

നിന്റെ പ്രാണനുവേണ്ടി സ്വന്തം വൃക്കദാനം നൽകിയ പിതാവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ നിന്നെ എത്രമാത്രം തളർത്തിയെന്ന് ഞങ്ങൾക്കറിയാം. അതിന്റെ മുറിവുണങ്ങും മുമ്പ്  വേദനകളും യാതനകളും പങ്കുവെക്കുന്ന  ഉമ്മയുടെ മരണം നിന്നെ വല്ലാതെ തളർത്തിയെന്നറിയാം .

നീ പ്രാണന് തുല്യം സ്നേഹിക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും കൂടെ നീലാകാശത്തിലെ താരാപഥത്തിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളിൽ കൂടുതൽ തിളക്കത്തോടെ ഇന്നലെ മുതൽ ഞങ്ങളെ നോക്കി നീ പുഞ്ചിരിക്കുന്നുണ്ടാവും 

 അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ സഹോദരി .  ....
കണ്ണീർ പ്രണാമം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)