Flash News

Nattu Media

ഒരു ഭീകരാക്രമണ ദിനത്തിന്റെ ഓർമ്മ.....

മെയ് 21 ദേശീയ തീവ്രവാദ വിരുദ്ധ ദിനമാണ്


[അനുഭവങ്ങൾ]        
രചന : അനിൽ മണ്ണത്തൂർ




തീവ്രവാദികളുടെ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട ദിനമായ മെയ് 21 നാണ് രാജ്യം തീവ്രവാദ വിരുദ്ധ ദിനമായി  ആചരിക്കുന്നത്.
തീവ്രവാദത്തി നെതിരെയുള്ള പോരാട്ടത്തിൽ ഒത്തിരി നേതാക്കളേയും സുരക്ഷാഭടൻമാരെയും സാധാരണ പൗരൻമാരെയും നഷ്ടപ്പെട്ട ഭാരതാംബയുടെ വേദന ഏറെയാണ്.
ഒരു ഭീകരാക്രമണം നടന്ന ദിനത്തിൽ എന്റെ കുടുംബത്തിനുണ്ടായ ചെറിയ ചില പ്രയാസങ്ങളാണ് എന്റെ  ഓർമയിൽ വരുന്നത്.
രാജീവ് ഗാന്ധിയുടെ അമ്മ മുൻ പ്രധാനമന്ത്രി ഇന്ദിരാജി കൊല്ലപ്പെട്ട സന്ദർഭമാണ്.
1984 ഒക്ടോബർ 31 ന് രാവിലെയാണ് തീവ്രവാദികളിൽ  നിന്ന് വെടിയേറ്റ് ഉച്ചയോടെ അവർ അന്തരിക്കുകയാണ് ഉണ്ടായത്.ഒരു മത പ്രശ്നത്തിന്റെ പേരിൽ സ്വന്തം അംഗരക്ഷകരാണ് പ്രിയദർശിനിയെ വധിച്ചത്.
മതേതരത്വ ഇന്ത്യയുടെ പൊയ്മുഖം അഴിഞ്ഞു വീണ ആ ദിനത്തിൽ വിവേകത്തേക്കാൾ വികാരം പ്രകടമാകുകയും പലയിടങ്ങളിലും അക്രമം വ്യാപിക്കുകയും ചെയ്തു.
ഞാനും പെങ്ങളും R E C ഹൈസ്കൂളിൽ പഠിക്കുന്ന സമയമാണ് അമ്മ വീടിനടുത്ത പിലാശ്ശേരി സ്കൂളിൽ ആയതിനാൽ പ്രയാസമൊന്നുമുണ്ടായില്ല.
എന്നാൽ അച്ഛൻ ആ സമയത്താണ് പ്രധാനാധ്യാപകനായി  കാക്കഞ്ചേരി സ്കൂളിലേക്ക് പോയിരുന്നത്.  സാധാരണ ഉച്ച ഭക്ഷണം കൊണ്ടുപോകാറുള്ള അച്ഛൻ  അന്ന് പുറത്ത് നിന്ന് കഴിക്കാമെന്ന തീരുമാനത്തിലാണ് പോയത്.
സ്കൂളിൽ പുതുതായ് പണിയുന്ന ശുചിമുറിക്ക് വേണ്ടി സിമന്റ് തരപ്പെടുത്താൻ പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ടിയും വന്നു .അന്ന് സിമന്റ് കിട്ടാൻ പ്രയാസമുള്ള കാലമായിരുന്നു.
എന്തിന് പറയണം ഇന്ദിരാജിയുടെ മരണമറിയാൻ വൈകിയ അച്ഛൻ  ഉടനെ മടങ്ങാൻ തീരുമാനിച്ചു. അപ്പോഴേക്കും വാഹനങ്ങൾ പൂർണ്ണമായി  നിന്നു, കടകൾ അടഞ്ഞു തെരുവുകൾ കാലിയായി.
രാത്രിയായിട്ടും അച്ഛൻ എത്താത്തതിൽ വീട്ടിൽ ആകെ പ്രയാസമായി. അന്നാണെങ്കിൽ വിവരം അറിയാൻ ഫോൺ  സൗകര്യവുമില്ല. നാട്ടിലൊക്കെ അക്രമങ്ങൾ പടരുന്നതായി  ഊഹപ്രചരണവും ഉണ്ടായി. അമ്മയാണെങ്കിൽ വേവലാതി  ഞങ്ങളെ അറിയിക്കാതിരിക്കാനുമുള്ള ശ്രമത്തിലായിരുന്നു.
അച്ഛനാണെങ്കിൽ നടന്നും , കിട്ടിയ വാഹനങ്ങളിലുമായി  നാട് പിടിക്കാനുള്ള ശ്രമത്തിലും. ഭക്ഷണവും വെള്ളവുമില്ലാത്തതിന്റെ ക്ഷീണവും കൂനിൻമേൽ കുരു പോലെ 
ആ ഭാഗത്ത് കനത്ത മഴയും ഇടിയും കാറ്റും മരങ്ങൾ പൊട്ടിവീണതും 
ആ ദിനത്തിലെ രാശി പോലെ മൂപ്പര് കുടയുമെടുത്തിരുന്നില്ല.
ഏറെ നടന്നും കിട്ടിയ വാഹനങ്ങളിൽ കയറിയും ഏറെ കഷ്ടപ്പെട്ട് രാത്രി പതിനൊന്ന് മണിക്ക് അച്ഛൻ വീട്ടിൽ എത്തി.
പിന്നീട് എന്നും ഞങ്ങൾ മിന്നൽ സമരത്തെ ഭയപ്പെട്ടിരുന്നു. കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. കുറഞ്ഞ സമയം കൊണ്ട് ഇത്രമാത്രം ഭയപ്പെട്ടപ്പോൾ സ്ഥിരമായി  തീവ്രവാദ മേഖലയിൽ ജിവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും ? ദിനങ്ങളോളം വെള്ളമോ വെളിച്ചമോ ശുദ്ധവായുവോ ഇല്ലാതെ  അക്രമകാരികളെ പേടിച്ച് ഒളിത്താവളങ്ങളിൽ തങ്ങേണ്ടി വരുന്ന ഹതഭാഗ്യവാൻമാരെ ഓർത്ത് ചിന്തിക്കാം  തീവ്രവാദത്തെ ഇല്ലായ്മ ചെയ്ത സ്വർഗ്ഗതുല്യമായ ഒരു ഭാരതം ഉയർന്ന് വരുന്നതാവട്ടെ നമ്മുടെ സ്വപ്നം.
ഗാന്ധിജിയുടേയും ഇന്ദിരാജിയുടേയും രാജീവ്ജിയുടേയും രക്തസാക്ഷിത്വം തിവ്രവാദത്തിന്  എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്.അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ നാം ബാധ്യസ്ഥരാണ്.   

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)