കാരശ്ശേരി - കൊടിയത്തൂർ റോഡിൽ 4.21 കോടി രൂപ ചെലവഴിച്ച് കക്കാടൻ തോടിന് കുറുകെ പുനർ നിർമിച്ച കോട്ടമുഴി പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. നാളെ പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് കാരശ്ശേരി പഞ്ചായത്തിലെ കോട്ടമുഴി പാലത്തിനടുത്ത് വെച്ച് ഉദ്ഘാടനം ചെയ്യും.
8.07 കോ ടി ചെലവഴിച്ച് നിർമിച്ച പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ചെറുവാടി കവിലട റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഘോഷ യാത്രയായാണ് കോട്ടമുഴി പാലം ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നത്. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും കൊടിയത്തൂർ കാരശ്ശേരി പ്രസിഡൻ്റുമാരായ ടി. കവിത, ജി. അക്ബർ എ ന്നിവർ പങ്കെടുക്കും.
2024 ഫെബ്രുവരിയിലാണ് ചെറുവാടിയിൽ വെച്ച് ഈ പാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം നടന്നത്. 40 വർഷം പഴക്കമുള്ള പാലം തകർന്നതിനെ തുടർന്നാണ് പാലം പുനർനിർമിക്കാൻ അനുമതിയായത്. പാലത്തിൻ്റെ പ്രവൃത്തി നടന്നത് 11 മീറ്റർ വീതിയും 18 മീറ്റർ നീളത്തിലുമാണ്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ പഴയതിനേക്കാൾ കൂടുതൽ ഉയരത്തിലാണ് പാലവും അനുബന്ധ റോഡും നിർമിച്ചിരിക്കുന്നത്. റോഡ് തകരാതിരിക്കാൻ ഗബിയോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷണ ഭിത്തികൾ നിർമിച്ചിട്ടുണ്ട്. പാലം വരുന്നതോടെ മുക്കം, കാരശ്ശേരി, കൊടിയത്തൂർ, ചുള്ളിക്കാപറമ്പ്, ചെറുവാടി ഭാഗങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമാകും. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്ര ഇതിലൂടെ എളുപ്പമാകും.
