Flash News

Nattu Media

ഇരുഗ്രാമങ്ങൾക്ക് ഉത്സവമായി റോഡ് - പാലം ഉദ്ഘാടനം നാളെ

ചെറുവാടി: നാടിന്റെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നവീകരിച്ച ചുള്ളിക്കാപറമ്പ് - ചെറുവാടി - കവിലട റോഡിന്റെയും പുനർനിർമ്മിച്ച കോട്ടമുഴി പാലത്തിന്റെയും ഉദ്ഘാടനം 2026 മാർച്ച് 1 ഞായറാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതികൾ നാടിന് സമർപ്പിക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ആധുനിക സാങ്കേതികവിദ്യയുടെ മികവിലാണ് ചുള്ളിക്കാപറമ്പ് - കവിലട - ചെറുവാടി റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഗ്രാമവാസികളുടെ നവീന സ്വപ്നങ്ങളാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. ഇതിനുപുറമെ, ഇരുവഴിഞ്ഞിപ്പുഴയോരത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള കക്കാടൻ തോടിന് കുറുകെയുള്ള കോട്ടമുഴി പാലവും അത്യാധുനിക രീതിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്.

കാലപ്പഴക്കത്താൽ തകർന്നുതുടങ്ങിയ പഴയ പാലത്തിന് പകരം, നദീതീരത്തെ കുത്തൊഴുക്കിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പൈലിങ് നടത്തി മൂന്ന് തൂണുകളിലായാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ വെള്ളം കയറാത്ത രീതിയിൽ ആവശ്യത്തിന് ഉയരം നൽകിയതിനൊപ്പം, അനുബന്ധ റോഡുകൾ കോട്ടപോലെ ബലവത്താക്കി നിർമ്മിച്ചതും ഇരുവഴിഞ്ഞിയോരത്തിന് മനോഹരമായ ഒരു കാഴ്ചയൊരുക്കുന്നു.
ഉദ്ഘാടന പരിപാടികൾ ഇരുഗ്രാമങ്ങളുടെയും ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഇതിന്റെ ഭാഗമായി ഉദ്ഘാടന ദിനത്തിൽ കവിലടയിൽ നിന്ന് ആരംഭിച്ച് ചെറുവാടി, ചുള്ളിക്കാപറമ്പ്, കൊടിയത്തൂർ വഴി കോട്ടമുഴി പാലത്തിൽ അവസാനിക്കുന്ന കൂറ്റൻ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങൾ അണിനിരക്കുന്ന റോഡ് ഷോ പരിപാടികൾക്ക് മാറ്റുകൂട്ടും.
ഉദ്ഘാടനച്ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്‌ മെമ്പർ മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)