നീലേശ്വരം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മിസ്ട്രസ് കെ. വി. ഉഷ ടീച്ചർക്ക് വിദ്യാലയ കുടുംബത്തിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. സ്കൂൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവർ സംയുക്തമായി ചാവക്കാട് നാലുമണിക്കാറ്റ് കായലോരത്താണ് ടീച്ചർക്കായി സ്നേഹസംഗമം ഒരുക്കിയത്.
പി.ടി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.വി. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിലും അക്കാദമിക നേട്ടങ്ങളിലും ഉഷ ടീച്ചർ പുലർത്തിയ മാതൃകാപരമായ നേതൃത്വത്തെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. ഹസീല, എസ്.എം.സി ചെയർമാനും മുൻ വാർഡ് കൗൺസിലറുമായ എം. കെ. യാസർ, എം.പി.ടി.എ പ്രസിഡന്റ് റെനി ജയപ്രകാശ്, പി.ടി.എ വൈസ് പ്രസിഡന്റ് മജീദ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുസ്തഫ, വിജിലി, റഷീദ് സീൻ, സജീഷ് പടിഞ്ഞാറയിൽ, അധ്യാപകരായ മുഹമ്മദ് റിയാസ് ചാലിൽ, ദീപ്തി, ബിഷാര, അനുഷ, ജാസ്മിൻ, ദിവ്യ, അയ്യൂബ് തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാലയത്തോടുള്ള ടീച്ചറുടെ കരുതലിനും സേവനത്തിനുമുള്ള ആദരമായി പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും എസ്.എം.സി ചെയർമാനും ചേർന്ന് സ്നേഹോപഹാരം കൈമാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ അൻപതോളം പേർ പങ്കെടുത്ത ചടങ്ങ് ഏറെ ആവേശഭരിതമായാണ് സമാപിച്ചത്.
