Flash News

Nattu Media

പെരുന്നാൾ പോരിശകൾ

 എ ആർ കൊടിയത്തൂർ

------------------------------------------



 ആമോദത്തിന്റെയും ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതീകമായ ശവ്വാൽ പിറവി - മാനത്തമ്പിളി കണ്ട് വിശ്വാസികൾ സായൂജ്യം അടയുന്നു.

 എല്ലാ സമുദായങ്ങൾക്കും ആഘോഷം ഉണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു,

 ഇസ്ലാമിക പ്രമാണങ്ങളിൽ രണ്ട് ആഘോഷങ്ങൾ. ഈദുൽ അസ്ഹ, ഈദുൽ ഫിത്തർ---

 ഇതു രണ്ടും രണ്ടു ത്യാഗസ്മരണകളാണ്. ഒന്ന് )ആത്മത്യാഗം : ഒരു മാസക്കാലം വിശുദ്ധ വൃതാനുഷ്ഠാനത്തിൽ ഏർപ്പെട്ട സത്യവിശ്വാസി അങ്ങനെ പെരുന്നാളിലൂടെ വരവേൽക്കുന്നതിലൂടെ സായൂജ്യമടയുന്നു.

2) ഇബ്രാഹിം (അ)യുടെ ത്യാഗം.

 ഇതെല്ലാം പ്രധാന ആരാധനാ കർമ്മങ്ങളുടെ പരിസമാപ്തിയാണ്. വിശുദ്ധ റംസാൻ മാസത്തിന്റെ സമാപനം. ഖുർആനിന്റെ അവതരണം. അവതരണം പൂർത്തിയായ സ്മരണ. ഹജ്ജിന്റെ സമാപ്തി.

-- അല്ലാഹു മഹോന്നതനാകുന്നു, അള്ളാഹു മഹോന്നതനാകുന്നു, അള്ളാഹു മഹോന്നതനാകുന്നു. ഉന്നതനാകുന്ന അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും …

 റംസാനിന് ശേഷം ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. ആരാധനാ നിമഗ്നനായ വർക്കുള്ള സമ്മാനം. നാം തറാവീഹ് നമസ്കാരത്തിന് അണിനിരന്നു.വിശുദ്ധ വചനങ്ങൾ കാതിലും മനസ്സിലും ആഴ്ന്നിറങ്ങി. പ്രാർത്ഥനാ നിരതമായ രാവുകൾ.അന്ന- പാനീയങ്ങളില്ലാത്ത പകലുകൾ,ശരീരവും മനസ്സും വികാരങ്ങളും വിചാരങ്ങളും എല്ലാം നാഥനു സമർപ്പിച്ച രാപ്പകലുകൾ, പ്രാർത്ഥനകളും പ്രതീക്ഷകളുമായി ദൈവ വഴിയിൽ സഞ്ചാരം നടത്തിയവർക്കുള്ള സമ്മാനം.നോമ്പിൽ ഉണ്ടായ പോരായ്മകൾ ഫിത്തർ സക്കാത്തിലൂടെ മായ്ക്കപ്പെടുന്നു. സമ്മാനം ഏറ്റുവാങ്ങി തക്ബീർ ധ്വനികൾ മുഴക്കുന്നു. നമസ്കാരത്തിൽ 12 പ്രാവശ്യം നാം മുഴക്കുന്ന തക്ബീറിന്റെ മാറ്റ് കുറയ്ക്കരുത്. പീഡനത്തിനും കഷ്ടപ്പാടിനും വിധേയനായ ബിലാൽ (റ )മുഴക്കിയ തക്ബീർ ഇന്നും നമ്മുടെ മനസ്സിൽ പ്രതിധ്വനിക്കണം.

 പെരുന്നാൾ ദിവസം വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാനുള്ളതല്ല. അല്പം വിനോദമാകാം.പ്രവാചക പത്നി ആയിഷ (റ )യുടെ വീട്ടിൽ പെൺകുട്ടികൾ പാട്ടു പാടി,പള്ളിയിൽ സുഡാൻകാരുടെ കായികാഭ്യാസം ആയിഷാ ബീവി അടക്കമുള്ളവർ കണ്ടു. മതപരമായ അതിര് പാലിക്കാൻ ആണ് പ്രവാചകൻ പഠിപ്പിച്ചത്. ആഭാസത്തിന് പിന്നാലെ പോകരുത്. പെരുന്നാളിലെ മറ്റു ആഭാസങ്ങൾ നാം ഒരിക്കലും കൂടെ കൂട്ടരുത്.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ ആഘോഷിക്കാൻ പറ്റാത്ത ധാരാളം ആൾക്കാർ ഉണ്ട്. അവരുടെ തലയ്ക്കു മുകളിൽ ബോംബാണ്-- എന്ന യാഥാർത്ഥ്യം നാം മറക്കരുത്.പെരുന്നാളിന് നിഷ്കളങ്കമായി ചിരിക്കാനും സന്തോഷിക്കാനും കഴിയാത്തവരാണ് പിറന്ന മണ്ണിൽ സ്വസ്ഥമായി മരിക്കാൻ പോലും കഴിയാത്തവർ.ഇപ്പോഴും വെടി ഉതിർക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അമേരിക്കയും ഇസ്രയലും ഇറാനെതിരെ തിരിഞ്ഞ ഈ കലുഷിത സന്ദർഭത്തിൽ അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 

മരിച്ചവർ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് എന്നത് നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാം..ഇനിയും അങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കട്ടെ എന്നും നമുക്ക് പ്രതീക്ഷയോടെ കഴിയാം.

 പെരുന്നാളിന് നമ്മൾ ബന്ധങ്ങൾ മറന്നുകൂടാ ഊട്ടിയുറപ്പിക്കുക, സൃഷ്ടാവുമായുള്ള ബന്ധം, സൃഷ്ടികളുമായുള്ള ബന്ധം,ഹൃദയം അറിഞ്ഞുള്ള പുഞ്ചിരി നമുക്ക് സമ്മാനിക്കണം, കെട്ടിപ്പിടിക്കലും ആഹ്ലാദവും നമ്മിൽ ഉണ്ടാവണം ഹൃദയം അറിഞ്ഞുള്ള സമാധാനത്തിന്റെ പ്രാർത്ഥനയാണ് ഹസ്തദാനം. ഹൃദയം ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതാണ് ആലിംഗനം. കൂട്ടുകുടുംബങ്ങളെ, ബന്ധുക്കളെ, സുഹൃത്തുക്കളെ,നേരിൽ കണ്ട് സൗഹൃദം സമ്മാനിക്കണം.മനോ വിഷമങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ലഘൂകരിക്കുകയും ചെയ്യണം. ആഹ്ലാദം മറ്റുള്ളവരുമായി പങ്കുവെച്ചു ആനന്ദം വർധിപ്പിക്കണം. നമ്മൾ തോളോട് തോൾ ചേർന്നു കഴിയണം. ഇങ്ങനെ കഴിയാത്തവർ നമ്മുടെ വീടുകളിൽ എത്ര പേരുണ്ട്.രോഗങ്ങളോട് പൊരുതി കഴിയുന്നവർ ധാരാളം ഉണ്ട്. അവർക്കായി പ്രാർത്ഥിക്കണം. ആശ്വാസത്തിന്റെ കരസ്പർശം സമ്മാനിക്കണം. കഷ്ടപ്പെടുന്നവരെ സഹായിക്കണം മറ്റുള്ളവരുടെ വേദന നമ്മുടെ വേദനയായി നാം അറിയണം.

 പ്രവാചകൻ സ്വന്തം നാടും വീടും വിട്ട് മക്കയിൽ നിന്നും മദീനയിലെത്തിയപ്പോൾ അവിടെയുള്ള തന്റെ അനുചരന്മാർ അദ്ദേഹത്തെയും കൂട്ടരെയും ആവോളം സ്വീകരിക്കുകയായിരുന്നു ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ നിറവേറ്റി കൊടുത്തിരുന്നു. ഐക്യവും സഹിഷ്ണുതയും അവിടെ കളിയാടി. ആരോടെങ്കിലും പിണക്കം ഉണ്ടെങ്കിൽ അത് നന്നാവാൻ പ്രവാചകൻ ആഹ്വാനം ചെയ്തു .ഔസ്, ഖസ്രജ്‌ ഗോത്രങ്ങൾ തമ്മിൽ പിണക്കം ഉണ്ടായിരുന്നു. ആ പിണക്കം അവസാനിപ്പിച്ചു. മക്കാവിജയ സമയത്ത് പ്രവാചകന്റെ മുമ്പിൽ ഉണ്ടായിരുന്നത് അദ്ദേഹത്തെ അങ്ങേയറ്റം ദ്രോഹിച്ച വ്യക്തികൾ ആയിരുന്നു. അവരോട് ഉറക്കെ പ്രഖ്യാപിക്കുകയാണ്: "നിങ്ങൾ പോകു, നിങ്ങൾക്കിന്ന് ഇവിടെ പ്രതികാരം ഇല്ല." ത്വായിഫിൽഎത്തിയ പ്രവാചകനെ കല്ലെറിഞ്ഞ നേതാവ് അബ്ദുൽ യാസീൻ മദീനയിലെത്തി, റസൂൽ (സ) വീട്ടിലേക്ക് ക്ഷണിച്ചു സൽക്കരിച്ചു. താമസിപ്പിച്ചു. അവിടെയൊന്നും പ്രതികാരം ഇല്ലായിരുന്നു

" തീർച്ചയായും അല്ലാഹു കൽപ്പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധം ഉള്ളവർക്ക് സഹായം നൽകുവാനുമാണ്. അവൻ വിലക്കുന്നത് നീച വൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്.നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് ഉപദേശം നൽകുന്നു (നഹല് 90] 

ഇവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ മനസ്സുകൾ അകലുന്നുണ്ടോ എന്നാണ്.നല്ല കാര്യങ്ങൾ ഒന്നും നിങ്ങൾ നിസ്സാരമാക്കരുത്. നല്ല മുഖത്തോടു കൂടി പുഞ്ചിരിക്കുന്നത് വരെ. എല്ലാ മനുഷ്യരുടെയും മാതാപിതാക്കൾ ഒന്നാകുന്നു. മാതാപിതാക്കൾ അമുസ്ലിംകൾ ആയാലും കുടുംബബന്ധം പുലർത്തണം. പ്രവാചകൻ (സ ) അതിഥികളെ മാന്യമായി സ്വീകരിച്ചിരുന്നു. അക്കൂട്ടത്തിൽ അമുസ്ലിങ്ങളും ഉണ്ടായിരുന്നു.പ്രവാചക വിശ്വാസം സ്വീകരിച്ച ആൾ ജൂതന്റെ മൃതദേഹം കടന്നുപോകുമ്പോൾ അദേഹം പറഞ്ഞു :അത് ഒരു ജൂതന്റേതാണല്ലോ എന്ന്,എന്നാൽ പ്രവാചകൻ പ്രതികരിച്ചത് അതും ഒരു മനുഷ്യനല്ലേ എന്നാണ്. രോഗിയായ അമുസ്ലിമിനെ സന്ദർശിക്കുന്നു.ചപ്പു ചവർ വാരിയെറിഞ്ഞ പെൺകുട്ടിയെ വീട്ടിൽ ചെന്ന് ആശ്വസിപ്പിക്കുകയാണ്. മരിക്കുമ്പോൾ പടയങ്കി ജൂതന്റെ പണയത്തിൽ വച്ചതായിരുന്നു. പിന്നെ ജാതിയോ മതമോ ഇല്ല. ഉമർ(റ )അമുസ്ലിം സഹോദരനെ സ്ഥിരമായി സഹായിക്കാറുണ്ടായിരുന്നു

. മദീന പള്ളിയിൽ നമസ്കരിക്കാൻ പ്രവാചകന് സൗകര്യം ചെയ്തു കൊടുത്തു. ഒരിക്കൽ ഉമർ (റ )അസർ നമസ്കാരത്തിന്ന് സമയമായപ്പോൾ അവിടുന്ന് നമസ്കരിക്കാതെ ഇത് എന്റെ കൂട്ടർ അവകാശവാദം ഉന്നയിക്കും എന്ന് പറഞ്ഞ് മറ്റൊരിടത്തുനിന്ന് നമസ്കരിച്ചു.

 മുസ്ലിം ഉമ്മ എന്ന വിശാലമായ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ മുസ്ലിങ്ങൾ മുന്നോട്ടുവന്നേ പറ്റൂ. പരീക്ഷണങ്ങൾ ഏതുകാലത്തും മുസ്ലിം സമൂഹത്തോടൊപ്പം ഉണ്ട് വിശ്വാസത്തിന്റെ കടുപ്പം കൂടുന്തോറും പരീക്ഷണങ്ങൾ കൂടിക്കൊണ്ടിരിക്കും. പരീക്ഷണങ്ങൾ അതിജയിക്കാനുള്ള വിശ്വാസദാർഢ്യം നേടിയെടുക്കുക. ഇന്നലെകളിൽ ഇസ്ലാമിക പതാക പാറിപ്പറന്ന നാടുകളിൽ കടുത്ത വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത് …റോമിനെയും പേർഷ്യ യും തുരത്തിയ മുസ്ലീങ്ങളുടെ പ്രിയപ്പെട്ട പാരമ്പര്യം അവർക്കുണ്ട്. നൂറുകണക്കിന്ന് വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ചരിത്ര പ്രധാന സ്ഥലങ്ങൾ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. മാറ്റപ്പെട്ടിരിക്കുന്നു. ആറുവർഷമായി തുടരുന്ന കലാപം കൊണ്ട് സിറിയൻ ജനത അനുഭവിച്ചുകൂട്ടിയ വേദനകൾ വിവരണാതീതമാണ് ഇസ്ലാമിന്റെ ശത്രുക്കൾ രാഷ്ട്രീയത്തിന്റെ ഇരകളാണ്.ഷാമിലെ നിരപരാധികളായ ജനത ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വിശ്വാസസ്വാതന്ത്ര്യം. ഭക്ഷണ സ്വാതന്ത്ര്യം വസ്ത്ര സ്വാതന്ത്ര്യം പ്രബോധന സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം കടുത്ത ഭീഷണി നേരിടുകയാണ്. 

" സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകം ആകരുത്.നിങ്ങൾ നീതി പാലിക്കുക,അതാണ് ധർമ്മനിഷ്ഠയോടെ ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് എല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവൻ ആകുന്നു .. ( മാഇദ :8 )




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)