Flash News

Nattu Media

അരീക്കോട് തൊഴുത്തിന് തീപിടിച്ച് മൂന്ന് പന്തയക്കാളകൾ വെന്തുമരിച്ചു; 21 ലക്ഷം രൂപയുടെ നഷ്ടം

അരീക്കോട്, പത്തനാപുരം പൂവത്തിക്കണ്ടിയിൽ വെള്ളിയാഴ്ച ഉച്ചയോടെ തൊഴുത്തിന് തീപിടിച്ച് വൻ നാശനഷ്ടം. കാളപൂട്ട് മത്സരങ്ങളിലെ താരങ്ങളായിരുന്ന മൂന്ന് കാളകളാണ് ഈ ദാരുണ സംഭവത്തിൽ വെന്തുമരിച്ചത്.


പൂവത്തുംകണ്ടി സ്വദേശിയായ ഫസലിന്റെ ഉടമസ്ഥതയിലുള്ള കാളകളാണ് വെന്തുമരിച്ചത്. ഏകദേശം 21 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ തൊഴുത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മുക്കം ഫയർഫോഴ്സിനെ വിവരമറിയിച്ചത്. സേനാംഗങ്ങൾ അതിവേഗത്തിൽ എത്തി തീയണച്ചെങ്കിലും കാളകളുടെ ജീവൻ രക്ഷിക്കാനായില്ല. തീപിടിച്ച തൊഴുത്തിന് തൊട്ടടുത്തുതന്നെ കെട്ടിയിരുന്ന ഒരു വളർത്തുനായ യാതൊരു പരിക്കുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അരീക്കോട് പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കാളപൂട്ട് വേദികളിലെ മിന്നും താരങ്ങളായിരുന്ന, വർഷങ്ങളായി സ്വന്തം മക്കളെപ്പോലെ പരിപാലിച്ചു പോന്ന കാളകളുടെ അപ്രതീക്ഷിത വിയോഗം ഉടമയായ ഫസലിനും പ്രദേശവാസികൾക്കും വലിയ നൊമ്പരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)