ഏറനാട് എം എൽ എ, പി കെ ബഷീർ, പൊതുമരാമത്ത് മന്ത്രി ആയതോടെ നാട്ടുകാർ പ്രതീക്ഷയുടെ കൊടുമുടിയിൽ
മാവൂർ / ചെറുവാടി/എടവണ്ണ : കോഴിക്കോട് - ഊട്ടി ഹൃസ്വപാതയുടെ ഭാഗമായ കോഴിക്കോട് ഗവഃ മെഡിക്കൽ കോളേജ് മുതൽ മാവൂർ- കൂളിമാട് - ചെറുവാടി - എരഞ്ഞിമാവ് - പള്ളിപ്പടി ( പത്തനാപുരം ) - മൂർഖനാട്- ഒതായി - എടവണ്ണ- തിരുവാലി-വണ്ടൂർ വഴി കാളിക്കാവ് വരെയുള്ള റോഡ് സംസ്ഥാന പാതയാക്കി ഉയർത്തി നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കിഴക്കൻ ഏറനാട് പ്രദേശത്ത് നിന്ന് കോഴിക്കോട് നഗരവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റൂട്ടാണിത്. അന്തർസംസ്ഥാന പാതയായ കോഴിക്കോട് - ഊട്ടി ഹൃസ്വപാതയുടെ ഭാഗവും കൂടിയാണീറോഡ്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ചാത്തമഗലം, തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ എന്നീ നിയോജകമണ്ഡലങ്ങളെ കോർത്തിണക്കി കൊണ്ടാണ് റോഡ് കടന്ന് പോകുന്നത്. പ്രസ്തുത മണ്ഡലങ്ങളിലെ ഡസനോളം വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഇത് കാരണമാവും. ജില്ല അതിർത്തിയായ എരഞ്ഞിമാവ് മുതൽ പത്തനാപുരം, പള്ളിപ്പടി വരെയുള്ള നാലര കിലോമീറ്റർ ഭാഗം, കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ ഭാഗമാണ്. ബാക്കി 59 കിലോമീറ്ററാണ് ഇതിൻ്റെ ദൈർഘ്യം.
മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള ഭാഗത്ത് ഇടുങ്ങിയതും കുപ്പിക്കഴുത്ത് വളവുകളും ഉള്ളതിനാൽ അക്വിസിഷൻ നടപടികൾ വേണ്ടി വരും. എടവണ്ണ ടൗൺ മുതൽ ചെമ്പകുത്ത് ഗവഃ ആരോഗ്യ കേന്ദ്രം വരെയുള്ള നിലവിലുള്ള റോഡ് ഇടുങ്ങിയതും ധാരാളം വീടുകൾ ഉള്ളതിനാലും പുതിയ ബൈപാസ് നിർമ്മിക്കേണ്ടിവരും.
റോഡ് വികസിക്കുന്നതോടെ കിഴക്കൻ ഏറനാടൻ മേഖലയിൽ നിന്നുള്ളവർക്ക് കോഴിക്കോട് നഗരം, ഗവഃ മെഡിക്കൽ കോളേജ്, MVR കാൻസർ സെൻ്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, KMCT മെഡിക്കൽ കോളേജ്, വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാവും
നിലവിൽ കാളിക്കാവ് നിലമ്പൂർ, വഴിക്കടവ്, മരുത എന്നിവിടങ്ങളിലേക്ക് 18 KSRTC സർവ്വീസുകൾക്ക് പുറമെ ഒട്ടേറെ സ്വകാര്യ ബസ്സുകളും ഓടുന്നുണ്ട്.
ഏറനാട് എം എൽ എ , പി.കെ ബഷീർ പൊതുമരാമത്ത് മന്ത്രി ആയതോടെയാണ് നാട്ടുകാരുടെ ചിലകാല സ്വപ്നത്തിന് വീണ്ടും ചിറക് മുളച്ചത്.
