ചെറുവാടി:പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം രണ്ടാം തവണയും ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു.
പരിസ്ഥിതി പ്രവർത്തകനും ജനകീയ ശാസ്ത്ര പ്രചാരകനുമായ മണലിൽ മോഹനൻ സംസ്ഥാന സർക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാരം നേടിയതിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകിയത്. കോഴിക്കോട് ജില്ലയിലെ മികച്ച മൂന്നാമത്തെ ഹൈസ്കൂളിനുള്ള അംഗീകാരവും സ്കൂളിന് ലഭിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷെരീഫ് കൂട്ടക്കടവത്ത്, ഹെഡ്മിസ്ട്രസ് നിഷ എം എൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം കസ്ന ഹമീദ് പുരസ്കാരം സമ്മാനിച്ചു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ജയലക്ഷ്മി ടീച്ചർ ആശംസകൾ നേർന്നു. മുതിർന്ന പരിഷത്ത് പ്രവർത്തകനും പത്രപ്രവർത്തകനുമായ ശ്രീനിവാസൻ ചെറുകുളത്തൂർ പരിസ്ഥിതി ക്ലാസ് നയിച്ചു.
സ്കൂൾ പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും സയൻസ് ക്ലബ് കൺവീനർ ബജീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി. കൃഷി ഓഫീസർമാരായ മുഹൈമിൻ, നിഷ എന്നിവർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു.പി അബ്ദുൽ നാസർ, അബ്ദുൽ മജീദ് മാസ്റ്റർ, ഫെമിന ടീച്ചർ, ആൻസിറ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.ടി.എ ഭാരവാഹികളായ കരീം, ഫൗസിയ റെജീന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
