നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ ആരംഭിച്ച ഹള്‌റതുല്‍ ഫുതൂഹ് മജ്‌ലിസ് വിശ്വാസികൾക്ക് പുതിയ ആത്മീയ അനുഭൂതിയായി. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅയോടെ ആരംഭിച്ച മജ്‌ലിസ് രാത്രി സമസ്ത മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഹള്റയോടെയാണ് സമാപിച്ചത്. തുടർന്നും മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ എല്ലാ മാസവും മൂന്നാം വെള്ളിയാഴ്ചകളില്‍ ഹള്‌റതുല്‍ ഫുതൂഹ് മജ്‌ലിസ് നടക്കും.
ജുമുഅ നമസ്‌കാരത്തിന് ലോക പ്രശസ്ത പണ്ഡിതന്‍ സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി സന്നിഹിതനായിരുന്നു.
ജുമുഅക്ക് ശേഷം ഡോ.കോയ കാപ്പാടിൻറെയും ചേലേരി വാദി രിഫാഇ സംഘത്തിന്റെയും നേതൃത്വത്തിൽ രിഫാഈ ദഫ് റാതിബ് നടന്നു. ശേഷം ഖത്മു ദലാഇല്‍ ഖൈറാത്, സ്വലാത്ത് മജ്‌ലിസ്, ബദ്‌രിയ, വിര്‍ദുല്ലത്തീഫ് തുടങ്ങിയവയും ഉണ്ടായിരുന്നു. മസ്ജിദുൽ ഫുതൂഹിൽ നടന്ന പരിപാടികളിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.