Flash News

Nattu Media

മൂടിപ്പുതച്ചുറങ്ങും സൈലൻറ് വാലി


യാത്രകൾ എന്നും സുഖകരവും സന്തോഷകരവുമാണ്. അതും ശാന്തമായ മഴക്കാടുകളും ജൈവ വൈവിദ്ധ്യങ്ങളും മൂടൽമഞ്ഞും നിറഞ്ഞ ഹരിതഭരിത മാറിടം കൂടിയാവുമ്പോൾ എന്തു രസമായിരിക്കും.


അങ്ങനെയുള്ള പ്രകൃതി രമണീയമായൊരിടം അതായിരുന്നു അന്നത്തെ ചർച്ച. ബേങ്കിലെ ജോലി കഴിഞ്ഞ് പിരിയുംനേരം  ഇത്തരം ചർച്ചകൾക്ക് തുടക്കമിടുന്നത് പതിവായിരുന്നു.  സുനിലായിരുന്നു ചർച്ചക്ക് തുടക്കമിട്ടത് ,സൽമയും , അനസും മുകേഷുമെല്ലാം കൂടിയപ്പോൾ ചർച്ച കൊഴുത്തു, വിരാമമിട്ടത് സൈലന്റ് വാലിയിൽ...

 യാത്രക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.പുലർച്ചെക്കുതന്നെ യാത്രയാരംഭിച്ചു. നീലഗിരി കുന്നിന്റെ താഴ്‌വാരത്തെ ലക്ഷ്യമാക്കിയുള്ള യാത്രക്ക് കോരിച്ചൊരിയുന്ന മഴ അനുഗ്രഹാശിസുകൾ നേർന്നു. കൂട്ടിന് സഹജീവനക്കാരായ സന്ധ്യയും , കബീർ കണിയാത്തും , മിഥുനും , ജസ്റ്റിനും കൂടി ചേർന്നപ്പോൾ ആനന്ദലഹരിയിലാണ്ടു.

കൃത്യം എട്ടു മണിക്കു തന്നെ ഞങ്ങൾ കരിമ്പനകളുടെ നാടും കടന്ന് അട്ടപ്പാടിയിലെ മുക്കാളിയിലെത്തി.

 നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ ഫോറസ്റ്റ് ഓഫീസറെ കണ്ടു എൻട്രി പാസെടുത്തു, ഞങ്ങൾക്ക് സഞ്ചരിക്കാനുള്ള വാഹനം ഓഫീസിന്റെ തിരുമുറ്റത്ത് തയ്യാറായി നിൽക്കുന്നു. വാഹനത്തിന്റെ അരികിൽ നിന്ന് വെളുത്ത മെലിഞ്ഞ കാക്കിയിട്ട  ചെറുപ്പക്കാരൻ ഞങ്ങളെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു..
ഭക്ഷണം വല്ലതും കഴിച്ചിട്ട് യാത്രയാരംഭിച്ചാൽ മതിയെന്ന് ,അത് ഞങ്ങളുടെ ഡ്രൈവർ  നജീബായിരുന്നു.

 കാരണം അഞ്ച് മണിക്കൂറാണ് ഞങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. മുന്നറിയിപ്പ് കേൾക്കേണ്ട താമസം ഞങ്ങൾ തൊട്ടടുത്തുള്ള മുളകൊണ്ട് പണിതുണ്ടാക്കിയ മനോഹരമായ തട്ടുകടയിൽ കയറിയപ്പോൾ വിശപ്പിന്റെ കാഠിന്യം കൊണ്ടോ എന്താന്നറിയില്ല വെള്ളപ്പത്തിനും നെറോസ്റ്റിനും  നല്ല രുചി.ഭക്ഷണം കഴിച്ച് ഞങ്ങൾപ്പെട്ടെന്നിറങ്ങി. വാഹനത്തിൽ കയറിയതു മുതൽ പരിചയ സമ്പന്നനായ ഡ്രൈവർ  ഓരോ പ്രദേശത്തെ കുറിച്ചും , മരങ്ങളെ കുറിച്ചും ,പക്ഷിമൃഗാദികളെ കുറിച്ചും കൃത്യമായി ഓർമിപിച്ചു 
 കൊണ്ടേയിരുന്നു.

മുക്കാളിയിൽ നിന്ന് വിജനമായ നിശബ്ദ താഴ്‌വാരത്തെത്താൻ കൃത്യം ഇരുപത്തിരണ്ട് കിലോമീറ്ററുകൾ വേണമെന്ന് നാഴിക കല്ലിലടയാളമിട്ടത് കാണാമായിരുന്നു.

 വിജനമായ കൊടുംകാട്ടിലെ കുണ്ടും കുഴികളുമുള്ള ഒറ്റയടിപാതയിലൂടെ മലകളും താണ്ടി ദുർഘടമായ യാത്ര പലപ്പോഴും പേടിപ്പെടുത്തി.. വാഹനത്തിന്റെ കുലുക്കത്താൽ മേലാസകലം പിടികൂടിയ വേദന ഇരുവശങ്ങളിലെയും പച്ച പട്ടണിഞ്ഞ മലകളും കാടുകളും കൺകുളിർക്കെ കണ്ടപ്പോൾ എങ്ങോ പോയ് മറഞ്ഞു.

യാത്രയിൽ നീലഗിരി മലകൾ ഞങ്ങളുടെ കൂടെ തന്നെസഞ്ചരിക്കുന്നതു പോലെ പലപ്പോഴും തോന്നി.മലമുകളിലെ അനന്തമായി കിടക്കുന്ന കരിമ്പാറ കൂട്ടങ്ങളിൽ ചെന്നിരിക്കാൻ മോഹിച്ചു പോയ്.. ഇടക്കിടക്ക് സിംഹവാലൻ കുരങ്ങൻമാർ ഞങ്ങളെ കണ്ട മാത്രയിൽ ഓടിയൊളിക്കുന്നത് കാണാമായിരുന്നു.

ഡ്രൈവറുടെ വിശദീകരണം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു ഞങ്ങൾ .

നീലഗിരി മലകളിലെ തെക്കുപടിഞ്ഞാറ് കോണിൽ ജൈവവൈവിദ്ധ്യങ്ങളുടെ മഹാ സംസ്കൃതിയുമായി നിശബ്ദ താഴ്‌വാരം മൂടൽമഞ്ഞിന്റെ നനുത്ത കരങ്ങളാൽ മൂടിപ്പുതച്ചുറങ്ങുകയാണ്. 

 ആയിരത്തിതൊള്ളായിരത്തി എഴുപതിന്റെ മദ്ധ്യത്തിൽ ഈ നിത്യവിസ്മയ ഹരിതത്തെ മുറിപ്പെടുത്താൻ ജലവൈദ്യുത പദ്ധതിയുമായി ഭരണകൂടം രംഗത്തെത്തിയതോടെ പാണ്ഡവപുരാണ മുറങ്ങുന്ന സൈരന്ധ്രി വനം ലോക ശ്രദ്ധയാകർഷിച്ചു. പരിസ്ഥിതി സ്നേഹികളായ ഒരു കൂട്ടം മഹാരഥന്മാരുടെ ത്യാഗോജലമായ സഹനസമരങ്ങളുടെ പോരാട്ട ഭൂമിയായിരുന്ന വിടം.

 എൺമ്പതുകളുടെ മദ്ധ്യം വരെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറും ഡോ.എം.കെ പ്രസാദും തിരികൊളുത്തിയ പരിസ്ഥിതി പ്രക്ഷോഭം ചരിത്രത്തിന്റെ ഏടുകളെ സുവർണ്ണമാക്കി.

1976 ൽ ആരംഭിച്ച സൈലന്റ് വാലി പ്രക്ഷോഭം ലോക ശ്രദ്ധയാകർഷിച്ചു.1984 ൽ ദേശീയോദ്യാനമായി  പ്രഖ്യാപിച്ച നിശബ്ദ താഴ് വാരം മാനവരാശിക്ക് ശുഭപ്രതീക്ഷയേകുന്ന പ്രതീകമാണിവിടം..

 നിശബ്ദ താഴ് വരയെയും വാരിപുണർന്ന കോടമഞ്ഞിനെയും സംരക്ഷിക്കാൻ കെടാത്ത സമരവീര്യവുമായി മുന്നിട്ടിറങ്ങിയ സമരഭടന്മാർ വരുംതലമുറയ്ക്കായ് കരുതിവെച്ച  കെടാവിളക്ക് കരിന്തിരി കത്താതെ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മഹാ സംസ്കൃതി, വിവരണങ്ങൾക്കതീതമാണിവിടം...

ഒരിക്കലിവിടെ എത്തുന്നവരെ വീണ്ടും തിരിച്ചുവിളിക്കും, പ്രകൃതി രമണീയ സൗന്ദര്യം തീർച്ച.ഈ കുളിരും മൂടൽമഞ്ഞും മനുഷ്യ സ്പർശമേൽക്കാത്ത കുന്തിയുടെ തെളിനീരും, ജൈവസമ്പന്നതയും നമ്മുടെ സ്വന്തമാണ്.. കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്...റെയിൽ പാളം നിർമ്മിക്കുമ്പോൾ അതിനടിയിൽ ഉറപ്പിക്കുന്ന ഈടുറ്റ മരം തേടിയാണ് വെള്ളക്കാരിവിടെയെത്തിയത്.... ചീവീടുകളില്ലാത്ത വനമെന്ന നിലയിലാണ് ഈ ഇടതൂർന്ന മഴക്കാടിനെ .. ബ്രിട്ടീഷുകാർ സൈലന്റ് വാലി എന്ന പേരിട്ടത്..ഇവിടെ വരുന്നവർ മനസ്സിൽ വന്യമൃഗങ്ങളെ യഥേഷ്ടം കാണാമെന്ന വ്യാമോഹം കൈവെടിഞ്ഞ് കാടിനെ അടുത്തറിയാൻ മാത്രമൊരിടം എന്ന് മനസ്സിൽ കോറിയിട്ടിട്ട് വേണം യാത്ര പുറപ്പെടാൻ,

 ഇടതുർന്ന മഴ കാട്ടിൽ പേരറിയുന്നതും അറിയാത്തതുമായ ഓർക്കിടുകളുടെ കലവറ തന്നെ കാണാം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന സിംഹവാലൻ കുരങ്ങിൻ കൂട്ടങ്ങൾ പലയിടങ്ങളിലായി കാണപ്പെട്ടു...

കുലുങ്ങി കുലുങ്ങി കിലോമീറ്ററുകൾ താണ്ടി  ഏറ്റവും ഉയരത്തിലുള്ള സൈരന്ധ്രിയിലെത്തിയപ്പോയേക്കും ഞങ്ങൾ ക്ഷീണിച്ചവശരായിരുന്നു. ആകാംശയോടെ ജീപ്പിൽ നിന്നിറങ്ങിയ ഞങ്ങളെ വരവേറ്റത് നനുത്ത ചാറ്റൽ മഴയും മൂടൽമഞ്ഞിനാൽ മൂടി പുതച്ച നീലഗിരികുന്നുമായിരുന്നു.. ഒരു നിമിഷം നിരാശരായി നിന്ന ഞങ്ങൾക്കിടയിൽ നിന്ന് സഹപ്രവർത്തക സൽമയുടെ കമന്റ് ''ഇതിനായിരുന്നോ ഇത്രയും ദൂരം താണ്ടി ഇവിടം വന്നത് ! മുകേഷും ജസ്റ്റിനും ഏറ്റുപിടിച്ചു പറഞ്ഞു തീർന്നതും...  ദേ പോയ് ദേവന്നു എന്ന പ്രയോഗം പോലെ ചാറ്റൽ മഴയെയും മൂടൽമഞ്ഞിനെയും കാറ്റിൽ പറത്തി നീലാകാശം തിരികൊളുത്തി.. അതിൻവെട്ടത്തിൽ നീലഗിരികുന്നും, പച്ചപട്ടണഞ്ഞ പൂച്ചപ്പാറയും, കോഴിപ്പാറയും ചാരത്തൊഴുകുന്ന തെളിമയാർന്ന കുന്തിപുഴയെയും കൺകുളിർക്കെ കാണാൻ എന്തു രസമായിരുന്നോ... കാണണ്ടതു തന്നെ..

ഏകദേശം മുപ്പത് മീറ്റർ ഉയരത്തിൽ നിർമ്മിച്ച വാച്ച് ടവറിന്റ പടികൾ ശ്രദ്ധയോടെ ഞങ്ങൾ കയറാൻ തുടങ്ങി, മുകളിലെത്തി താഴേക്ക് നോക്കിയാൽ തല ചുറ്റുന്നപ്പോലെ തോന്നി.. തെളിമയാർന്ന നീലാകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പൂച്ച പാറയും കോഴി പാറയും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. അവയുടെ മാറിടങ്ങൾ ഹരിത ഭരിതമായിരുന്നു...  മന്ദമാരുതന്റെ തലോടലിൽ പുളകമണിഞ്ഞ ഞങ്ങൾ ആ കാഴ്ച കണ്ടു... കോഴി പാറയുടെ മാറിടത്തിലെ പച്ച പട്ടിൽ നിന്ന് വെള്ളിയ രഞ്ഞാണം കണക്കെ ചാലിട്ടൊഴുകുന്ന കുന്തി പുഴ.. നോക്കെത്താ ദൂരത്ത് നിന്ന് കാണാൻ നല്ല ചേലാണ്...

.മഹാഭാരതത്തിലെ കുന്തി ദേവിയും പഞ്ചപാണ്ഡവന്മാരും ധ്യാനത്തിന് കണ്ടെത്തിയ തിവിടമായിരുന്നു... അതു കൊണ്ടാണു പോലും കുന്തിപുഴ എന്ന പേരു വന്നതെന്നഐതിഹ്യം,
ഞങ്ങളുടെ ഗൈഡ് നജീബ്,ഞങ്ങളെ ഓർമ്മപ്പെടുത്തുന്നതിനിടയിൽ നമുക്ക് അതിന്റെ തീരത്തേക്ക് പോവാം എന്ന് പറഞ്ഞതും വാച്ച് ടവറിൽ നിന്നിറങ്ങി മലയടിവാരത്തേക്ക് ഞങ്ങൾ നടന്നു നീങ്ങി..

കിലോമീറ്ററുകൾ താണ്ടിയുള്ള ,കുത്തനെയുള്ള ഒറ്റയടി കാനനപാത ദുർഘടം നിറഞ്ഞതാണങ്കിലും കുന്തിയുടെ തീരത്തെത്താനുള്ള ആകാംശ നടത്തത്തിന്റെ വേഗത വർദ്ധിപ്പിച്ചു. കാലത്തിന്റെ വികൃതിയാണോ എന്നറിയില്ല.. നിശബ്ദ താഴ് വാരത്തിന് കളങ്കം ചാർത്തി ചീവീടുകളുടെ ശബ്ദം ഞങ്ങളെ അലോസരപ്പെടുത്തി.... ആവേശകരമായ പ്രയാണത്തിനിടയിൽ അനസ്സിന്റ പുറംകാലിൽ രക്തം കുടിച്ച് മതിച്ചു രസിക്കുന്ന അട്ടയെ കണ്ടതും.. ഞാൻ 'അട്ട' എന്ന് ആർത്തുവിളിച്ചതും എല്ലാവരെയും പരിഭ്രാന്തിയിലാക്കി.... കടിച്ച അട്ടയെ ഞങ്ങളുടെ ഗൈഡ് നിഷ്പ്രയാസം  പറിച്ചെടുത്തു പറഞ്ഞു .''ഇത് അട്ടയുടെ സീസണാണ് പേടിക്കേണ്ട''... സൈലന്റ് വാലിയെ കുറിച്ച് ഒന്നും അറിയാത്ത ഞങ്ങൾക്ക് അട്ടയെ തോൽപിക്കാൻ ഉപ്പോ, പുകയിലയോ, മറ്റോ കരുതിക്കൊൻ കഴിഞ്ഞില്ല, എന്നത് യാത്രക്ക് അസൗകര്യമുണ്ടാക്കി...
 കൂടാതെ പെട്ടെന്ന് തലോടി പോവുന്ന ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്നതും... അട്ട കടികൊള്ളുമോ എന്ന ചിന്തയും അലോസരപ്പെടുത്തി....

 അതിനിടക്ക് മഴക്കാടിൻ അരികെ നിന്ന് സെൽഫിയെടുത്തപ്പോൾ കാലിൻ വിരലുകളെ  വരിഞ്ഞുമുറുക്കുന്ന അട്ടയെ...തട്ടീട്ടും മുട്ടീട്ടും പിഴുതെറിഞ്ഞ് ഒരുവിതം രക്ഷപ്പെട്ട എന്റ മനസ്സു വിങ്ങി മുറുകി... ഒരുവിതം ഞങ്ങൾ ശാന്തമാഴൊഴുകുന്ന കുന്തിക്ക് സമീപമെത്തി.. അതിന്റെ തെളിനീരിൽ സ്പർശിക്കാനും നീരാടാനും മോഹമുണ്ടായിട്ടെന്താ... ഗൈഡ് അതിന്റെടുത്തേക്ക് ഞങ്ങളെ വിട്ടില്ല.. മനുഷ്യ സ്പർശമേൽക്കാതെ  പാറക്കല്ലിലുടക്കിയും കലഹിച്ചും കഥകൾ പറഞ്ഞു.. കാനന ചോലയിലൂടെ ഇരുപത്തിയഞ്ചു കിലോമീറ്ററുകളോളം ശാന്തമായി രാപകലില്ലാതെ അല്പം വിശ്രമിക്കാതെ അവളിന്നും താഴ് വാരങ്ങളെ തഴുകിയുണർത്തി ഒഴുകി കൊണ്ടിരിക്കുന്നു....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)