(ചെറുകഥ)
✍️: ഗിരീഷ് കാരക്കുറ്റി
ചിന്നു ...നാളെയല്ലെ തിരികെ യാത്ര ... 29 വർഷത്തെ കാത്തിരിപ്പിന് ശേഷം, അന്നൊരു മിന്നായം പോലെ കണ്ടതിനു ശേഷം നമ്മൾ കണ്ടുമുട്ടാൻ പോവ്വാ ... പക്ഷെ എനിക്കിതു പുതുമയായി തോന്നുന്നില്ല ... കാരണം ദിവസേന നിന്നെ മനസ്സിൽ കാണുന്നുണ്ടല്ലോ, മന: കോട്ടകെട്ടി ഞാൻ കാത്തിരിക്കുന്നു.... മധുരനൊമ്പരങ്ങളുടെ ചെപ്പുതുറക്കാൻ..............
കാലത്തിന്റെ രഥചക്രം ഉരുളുമ്പോൾ .. അതിനടിയിൽപ്പെട്ട് യൗവ്വനവും, മധുര നൊമ്പരങ്ങളും ഞെരിഞ്ഞമരുമ്പോഴും മനസ്സിൽ കല്ലിൽ കോറിയിട്ട പോലെ മായാതെ നീ...കിടക്കും.. അതിനെ ഇടിച്ചു തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല ... എത്ര സംവൽസരങ്ങൾ താണ്ടിയാലും അങ്ങകലെ മണലാരണ്യത്തിൽ നിന്നും ഭൂമിക്കു മുകളിൽ നീലാകാശത്തെ ചുംബി ച്ച് നീ.. പറന്നു വരുമ്പോൾ താഴെ ധരണിയിൽ ,നീ ഭൂമിയെ ചുംബിക്കുന്നതും കാത്ത് ഞാനിരിക്കും...
എടോ, ഞാൻ പോയ കാലത്തെ ആ തടായ്കുന്നിലെ കലാലയ തിരുമുറ്റത്തെ വർണ്ണകാഴ്ചകൾ ഓർമയിൽ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു. അതിന്നെലെ കഴിഞ്ഞതുപോലെ തോന്നുന്നു.. ചൂടു കാറ്റ് വീശിയടിക്കുന്ന നട്ടുച്ച നേരത്ത് കലാലയ തിരുമുറ്റത്തെ കാറ്റാടി മരത്തിന്റെ ചില്ലകൾക്കിടയിലൂടെ ക്ലാസ്സ് മുറിയിലേക്ക് എത്തിനോക്കുന്ന മന്ദമാരുതന്റെ തലോടലിൽ തലയും ചായ്ച്ച് ഡെസ്ക്കിൻമേൽ ഇരിക്കുന്ന നിന്നെ ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ അനുരാഗത്തിന്റെ കുളിർ കാറ്റ് വീശി...ഞാൻ അടുത്തുവന്നു. നെറ്റിയിൽ കൈവച്ച് ,നല്ല 'പനിയുണ്ടല്ലോ' എന്ന് പറഞ്ഞപ്പോൾ ,
ഞെട്ടിയുണർന്ന നീ എന്നെ തന്നെ നോക്കി നിന്നjതും, കണ്ണെടുക്കാത്ത നിന്റെ നോട്ടവും എല്ലാം എന്റെ ഹൃദയത്തിൽ തട്ടിയത് ഓർത്തു പോയി .. വേണു ,തന്റെ ഹൃദയ ചെപ്പിൽ സൂക്ഷിച്ച നൊമ്പരങ്ങൾ എഴുതാൻ തുടങ്ങി.... അവൻ എന്നത്തേതിൽ നിന്നും പ്രസന്നനായിരുന്നു...ഗ്രാമീണ ജീവിതം തൊട്ടറിഞ്ഞ നാട്ടിൻപുറത്തു കാരനാണവൻ,
ആധുനിക സൗകര്യങ്ങൾ ഇഷ്ടപ്പെടാത്തതുമൂലം ,മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും
വേണ്ടെന്നുവെച്ചു. ആണ്ടിലൊരിക്കൽ ചിന്നുവിന് വിശദമായി എഴുത്ത് എഴുതും.. ഗുഹാതുരത്വം തുളുമ്പുന്നവയായിരിക്കും അതിലധികവും, അവളുടെ തിരിച്ചുവരവും, പോയ കാലത്തെ മധുരനൊമ്പരങ്ങളും അയവിറക്കി ദിനരാത്രങ്ങൾ.. കടന്നു പോയതറിഞ്ഞില്ല...താടിയിൽ സൗന്ദര്യ കുഴിയുള്ളവരായിരുന്നു വേണുവും, ചിന്നുവും. അതു കൊണ്ടു തന്നെ അതിന്റെ അഹങ്കാരം ലവലേശം രണ്ടു പേരിലുമുണ്ട്,... കുന്നിൻ ചെരുവിലെ കലാലയ തിരുമുറ്റത്തുനിന്നും തുടങ്ങിയ പ്രണയം ഇന്നും ഹൃദയത്തിലേറ്റി ഋതുഭേദങ്ങൾ മാറി മാറി വന്നിട്ടും മാറ്റമില്ലാതെ തുടരുന്നു..
പ്രണയകാലത്ത് കാരക്കുറ്റിയിലെ ഗ്രാമത്തിന്റെ കൊടിമരം പോലെ ഉയർന്നു നിൽക്കുന്ന നാട്ടുമാവിന്റ ചുവട്ടിൽ മന്ദമാരുതന്റെ തലോടലിൽ ഏറെ നേരം ചിലവഴിക്കാറുണ്ടായിരുന്നു. ഉച്ചവെയിലിന്റ കാഠിന്യം കുറയ്ക്കുവാൻ ഇടക്ക് വീശിയടിക്കുന്ന കാറ്റിൽ ഇവർക്ക് വേണ്ടി മാത്രം പറഞ്ഞുറപ്പിച്ചപോലെ മധുരമുള്ള നാട്ടിൻ മാമ്പഴം വീഴുമ്പോൾ അതോടിയെടുത്ത് പകുത്തു കൊതി തീരുവോളം കഴിക്കുമായിരുന്നു.. ഈ നാട്ടുമാവിൻ പൊത്തി ലായിരുന്നുപോലും പ്രണയ ലേഖനങ്ങൾ പോസ്റ്റ് ചെയ്യാറുള്ള അവരുടെ 'തപാ ൽപ്പെട്ടി'.... ഉച്ചക്കു ഇന്റർബെൽ സമയത്ത് വലിയ തടായിക്കുന്നിലെ പറങ്കിമാവിൻ ചുവട്ടിൽ... ,വാട്ടിയെടുത്ത വാഴയിലയിൽ പൊതിഞ്ഞ ചോറും ചമ്മന്തിയും പകുത്തെടുത്തു മതി വരുവോളം കഴിച്ച് .. പാണൽ കായ, തെച്ചിക്കായ, തോട്ടക്കര എന്നിവയുടെ രുചി നോക്കി ക്ലാസ്സിലെത്തുമ്പോൾ ബെല്ലടിച്ച് കഴിയും..ഗ്രാമത്തിലെ അറിവിന്റെ ഉറവിടമായ യുവധാര ഗ്രാമീണ വായനശാലയുടെ പിറകിൽ കൂടി കടന്നു പോവുന്ന വളഞ്ഞും തിരിഞ്ഞുമുള്ള ചെമ്മൺപാതയിലൂടെ വേണം ഹൈസ്കൂളിലെത്താൻ ...
വിജനമായ കാനന ചോലയിലൂടെ മൈലുകൾ താണ്ടിയുള്ള യാത്രയിൽ രണ്ടു പേരും പ്രകൃതി ഭംഗി നുകർന്ന്, ഇന്നലെ കണ്ട സിനിമാകഥകളം ,മുത്തശ്ശി പറഞ്ഞു കൊടുത്ത ഭൂതത്താൻ കഥകളും പറഞ്ഞു കൊണ്ട് കുന്നിൻ ചെരുവും താണ്ടി നടന്നു നീങ്ങുമ്പോൾ ദൂരം കുറഞ്ഞോ എന്നു തോന്നും..ചിലപ്പോൾ അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ നിന്ന് രക്ഷപെടാൻ ,വാഴയില മുറിച്ചെടുത്ത് രണ്ടു പേരും ചൂടി പകുതി മഴ നനഞ്ഞു, നടന്നു നീങ്ങും..ക്ലാസ്സിലെത്തിയാൽ പ്യൂൺ മുഹമ്മദ്ക്കയുടെ റോന്തുചുറ്റൽ കാണാം .. ഇന്നലെ തിമിർത്തു പെയ്ത മഴയിലും കാറ്റിലും മേൽക്കൂരയിലെ പാറി പോയ ആസ്പറ്റോസ്സ് നേരെയാക്കിയിട്ട് ചോർച്ച അടച്ചിട്ടുവേണം ക്ലാസ്സ് തുടങ്ങാൻ ..
ഉച്ചയ്ക്കുശേഷം മുഹമ്മദ്ക്ക പടിഞ്ഞാറൻ ആകാശനീലിമയിലേക്ക് എത്തിനോക്കും കാർമേഘം ഉരുണ്ടുമറിയുന്നുണ്ടോ എന്ന്, കാറ്റും മഴയും വന്നാൽ മേൽക്കൂര പാറിപ്പോയ് ക്ലാസ്സ് മുടങ്ങും, മഴകോള് ഉണ്ടെന്ന് ഉറപ്പു വരുത്തി ഓഫീസ് റൂമിലേക്ക് ഒറ്റ ഓട്ടമാ ..ഹെഡ്മാസ്റ്ററെ കണ്ട് ഉറപ്പു വരുത്തി നീട്ടിയൊരു' ബെല്ലടിയാ' കേട്ടപാതി കേൾക്കാത്ത പാതി കുട്ടികൾ വീട്ടിലേക്ക് ഓട്ടം തുടങ്ങും...ബാല്യകാല സ്മരണകൾ നിറഞ്ഞു നിന്ന നാട്ടുപച്ചയുടെ ഗ്രാമീണ മേഖലയെ നഗരവൽക്കരണം വിഴുങ്ങിയപ്പോൾ ... എന്തൊരു മാറ്റം ...
നാട്ടുമാവിനടുത്ത് കൂറ്റൻ കെട്ടിടം ഉയർന്ന് ഷോപ്പിങ്ങ് മാൾ ,ഗ്രാമീണ വായനശാലയുടെയരികത്ത് ബസ് സ്റ്റാന്റ് ,കുന്നിൻ ചെരുവിലെ ചോർന്നൊലിക്കുന്ന ഹൈസ്കൂൾ ഇന്ന് ഹൈടെക്കായി അംബരചുംബി കണക്കെ നാല് നില കെട്ടിടം, കോങ്കണ്ണൻ അന്ത്രുവിന്റെ മീൻ കൊട്ട വെച്ചിടം ഹൈടെക്ക് മത്സൃ മാർക്കറ്റ് ... ഹൈസ്കൂളിലേക്കുള്ള ചെമ്മൺപാത കോൺഗ്രീറ്റ് റോഡ് ,വിജനമായ റോഡിനിരുവശവും മനോഹരമായ മാളിക വീടുകൾ നിരനിരയായ്...അങ്ങനെ എന്തൊക്കെ മാറ്റങ്ങൾ ...
വേണു ,ഇന്ന് നാൽപത്തി ആറ് വഴസ്സുള്ള മധ്യവയസ്കനാ .. വീട്ടുകാർ നിർബന്ധിച്ചിട്ടും തന്റെ പ്രിയതമക്ക് വേണ്ടി മറ്റൊരു വിവാഹം കഴിക്കാതെ കാത്തിരിക്കുകയാ....ചിന്നുവിന്റെ തിരിച്ചു വരവും കാത്ത് ,വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിട്ട് കാലമേറെയായി., കല്യാണകുറി യുടെ തിയ്യതി മാത്രം ഇട്ടിട്ടില്ല എന്നു മാത്രം .. നാടാകെ പറഞ്ഞു വേണുവിന്, ചിന്നുമതിയെന്ന്..
അങ്ങനെ ആദിവസം അടുത്തെത്തി ,വേണു വെളുപ്പിന് എഴുന്നേറ്റ് അമ്പലനടയിൽ ചെന്ന് ഇഷ്ടദേവനെ കണ്ടു വണങ്ങി ... നേരെ എയർപ്പോർട്ടിലേക്ക് . കെ.എസ് .ആർ.ടിസിയിൽ തിക്കിതിരക്കി കയറി ... കമ്പിയിൽ ചാരിനിന്ന് അവിടം എത്തുന്നതുവരെ മധുര സ്വപ്നങ്ങൾ ഓർത്തെടുത്തു ,ആനന്ദ ലഹരിയിൽ യാത്ര തുടങ്ങി... വിമാനതാവളത്തിന്റെ വരാന്തയിൽ യാത്രക്കാരെ സ്വീകരിക്കുന്നിടത്ത് തിക്കിതിരക്കിനിന്നു.. 29 വർഷത്തിനു ശേഷം ആ കണ്ടുമുട്ടൽ ! ഇന്നത്തെ ചിന്നുവിന്റെ മാറ്റം എങ്ങനെയായിരിക്കും ,ഒരു ഫോട്ടോ പോലും അവന്റെ കയ്യിലില്ല.. അതിനു മൊബൈൽ ഫോണുപോലും ഉപയോഗിക്കാറില്ലല്ലോ.. കണ്ടു പിടിക്കാൻ അവനാകെ ബുദ്ധിമുട്ടി ..അങ്ങനെയിരിക്കെ അവളുടെ സഹോദരൻ ദാമുവിനെ കണ്ടു, തെല്ലൊരാശ്വാസത്തോടെ അവന്റെ പുറകെ ചേർന്ന് നിന്നു... വേണു അക്ഷമയോടെ ആൾക്കൂട്ടത്തിലേക്ക് നോക്കിനിൽക്കെ ...കൂളിങ്ങ് ഗ്ലാസ്സ് ധരിച്ച ശുഭ്രവസ്ത്രധാരിയായ ഒരു മദ്ധ്യ വയസ്കൻ ,കൂടെ ചുറുചുറുക്കുള്ള രണ്ട് ആൺകുട്ടികൾ ,അതിനു പിറകെ വെളുത്തു തടിച്ച മദ്ധ്യവയസ്ക ,എല്ലാവരും ദാമുവിനു നേരെ കൈവീശി ,അവർ അവനെ കെട്ടിപിടിച്ച് ആ ലിംഗനം ചെയ്തു .... വേണു അവളുടെ താടി കുഴി ശ്രദ്ധിച്ചു .... അതെ.. അത്.. വിറക്കുന്ന ചുണ്ടു കളിൽ അവൻ വിതുമ്പി...ചിന്നു....ചിന്നു .. അവനെ കണ്ട ഭാവം നടിക്കാതെ അവർ നടന്നു നീങ്ങി... വേണുവിന്റെ ശരീരമാകെ വലിഞ്ഞുമുറുകി, കണ്ണുകളിൽ കണ്ണീരിനു പകരം ചോരയും, ഹൃദയത്തിൽ തീക്കനലും ... കോരിയിട്ട പോലെ ...അനുഭവപ്പെട്ടു...
അവൾക്ക് എഴുത്തിൽ ഒരു വരിയിൽ ഒതുക്കി എഴുതാമായിരുന്നില്ലെ.. ഞാൻ വിവാഹിതയാണെന്ന്.... ആ 'തിരികെയാത്ര' വേണു വിന്റെ മനസ്സിൽ മോഹങ്ങളില്ലാത്ത ഊഷരഭൂമിയാക്കി മാറ്റി ... അവിവാഹിതനായി ... ഒരു ഭ്രാന്തനെപ്പോലെ ... ഇന്നും അവൻ.. ചിന്നു... ചിന്നു.... എന്ന് പിറുപിറുത്ത് ... ഈ പട്ടണത്തിൽ അലഞ്ഞു തിരിയുന്നു...
Tags:
KODIYATHUR
