Flash News

Nattu Media

കുനിയിൽ ഇരട്ടക്കൊല: 12 പ്രതികൾ കുറ്റക്കാർ,പ്രതികളുടെ ശിക്ഷാ വിധി ബുധനാഴ്ച


കിഴുപറമ്പ് : കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും. കേസിൽ 21 പ്രതികളാണ് വിചാരണ നേരിട്ടത്.
കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷത്തിന് ശേഷമാണ് കുനിയിൽ ഇരട്ടകൊല കേസിൽ വിധി വരുന്നത്. 2012 ജൂൺ 10നാണ് കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37), സഹോദരൻ അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

2012 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്‌ബാള്‍ ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അത്തീഖ് റഹ്മാൻ വധക്കേസിലെ ആറ് പ്രതികളിൽ രണ്ട് പേരായിരുന്നു കൊളക്കാടൻ സഹോദരന്മാർ. ഇവരെ കൊലപ്പെടുത്താൻ 2012 ഏപ്രിലിൽ ഗൂഢാലോചന നടത്തുകയും ജൂൺ 10ന് കൃത്യം നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.



തുടക്കം അത്തീഖ് റഹ്‌മാന്‍ കൊലപാതകത്തില്‍നിന്ന്......

ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഇതേ വർഷം ജനുവരി അഞ്ചിന് നടന്ന മറ്റൊരു കൊലപാതകമായിരുന്നു. മുസ്ലിംലീഗ് പ്രവർത്തകനായ കുനിയിൽ നടുപ്പാട്ടിൽ അത്തീഖ് റഹ്മാനാണ് അന്ന് കൊലചെയ്യപ്പെട്ടത്. ഫുട്ബോളിന്റെ നാടായ അരീക്കോട്ട് ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ആ കൊലപാതകം നടന്നത്. ഈ കേസിൽ ആറു പ്രതികളാണുണ്ടായിരുന്നത്. അതിലെ പ്രമുഖരായിരുന്നു ആസാദും അബൂബക്കറും.ഇവർക്കുപുറമേ കൊളക്കാടൻ ഗുലാംഹുസൈൻ, കൊളക്കാടൻ നാസർ, ഗുലാംപാഷ, കുറ്റൂളി ഉള്ളാടൻ ഫൈസീർ, എന്നിവരും പ്രതികളായിരുന്നു. അടുത്ത ദിവസംതന്നെ ഇവരെയെല്ലാം അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾത്തന്നെ പ്രതികൾക്കെതിരേ പ്രതികാരനടപടിയുണ്ടാകുമെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ അതിനെയെല്ലാം മറികടന്നാണ് കൊല നടന്നത്.



ഫുട്ബോളും രാഷ്ട്രീയവും....

ഫുട്ബോൾ തർക്കമാണ് അത്തീഖ് റഹ്മാന്റെ കൊലപാതകത്തിൽ കലാശിച്ചതെങ്കിലും അതിനു പിന്നിൽ ചില രാഷ്ട്രീയ പശ്ചാത്തലങ്ങൾ കൂടിയുണ്ടായിരുന്നു. അൻവാർ നഗറിലെയും കുനിയിൽ ന്യൂബസാറിലെയും രണ്ട് ഫുട്ബോൾ ക്ലബ്ബുകളുടെ ടൂർണമെന്റുകളായിരുന്നു തർക്കവിഷയം. ടൂർണമെന്റുകൾ നടന്നാൽ
ക്രമസമാധാന പ്രശ്നമാകുമെന്നു കരുതി പഞ്ചായത്ത് രണ്ടിനും അനുമതി നിഷേധിച്ചു. ഇതിനിടയിൽ ഒരു ടീമിന്റെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി. അതിന്റെ ഒടുവിലാണ് കൊലപാതകം നടന്നത്.അതിനു മുമ്പേ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ. ബഷീറിന്റെ കൂടെയായിരുന്നു അത്തീഖ് റഹ്മാൻ. അബൂബക്കറും ആസാദുമാണെങ്കിൽ ബഷീറിന്റെ എതിരാളി പി.വി. അൻവറിന്റെ കൂടെയും. കടുത്ത ശീതസമരമാണ് ഇരുകൂട്ടരും തമ്മിലുണ്ടായിരുന്നത്. ടൂർണമെന്റിന്റെ പ്രശ്നം കൂടിയായപ്പോൾ അത് രൂക്ഷമായി. ഇങ്ങനെ കളിയും രാഷ്ട്രീയവും കലർന്ന പകയുടെ പരിസമാപ്തിയായിരുന്നു അത്തീഖ് റഹ്മാന്റെ കൊലപാതകം.



പ്രതികൾക്കുനേരേ ആക്രമണം....

ഇരട്ടക്കൊലപാതകക്കേസ് പ്രതികളായ രണ്ടുപേരെ ആക്രമിച്ച സംഭവവുമുണ്ടായി. 2013 ഫെബ്രുവരി 11-നായിരുന്നു ആക്രമണം. രണ്ടാം പ്രതി കുനിയിൽ കോഴിശ്ശേരി റാഷിദ്, ഏഴാം പ്രതി ആങ്ങാടൻ ഫസലുറഹ്മാൻ എന്നിവരെയാണ് ആക്രമിച്ചത്. കോഴിക്കോട് ജില്ലയിൽ ലോറി ഓടിച്ചിരുന്ന ഇവർ മുക്കത്തിനടുത്ത് ഗ്രീസ് അടിക്കുന്നതിനിടയിൽ കൊളക്കാടൻ ഗുലാംപാഷ, ജാസിർ എന്നിവർ മർദിച്ചതായാണ് കേസ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)