കൂളിമാട് പാലം അപ്രോച്ച് റോഡ് ,ജംഗ്ഷൻ വരെ എത്താത്തതും, കൂളിമാട്- കളൻതോട് റോഡ് നവീകരണം അനിശ്ചിതമായി നീണ്ടു പോകുന്നതും തിരിച്ചടി.
ജംഗ്ഷൻ വികസിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക.
കൂളിമാട്: അഞ്ച് റോഡുകൾ സംഗമിക്കുന്ന , കോഴിക്കോട് - ഊട്ടി ഹൃസ്വ പാതയിലെ സുപ്രധാന ജംഗ്ഷനായ കൂളിമാട് ജംഗ്ഷൻ വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
വൻ വികസനത്തിന് വഴി തുറക്കുന്ന കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് കടവ് പാലം തുറക്കുന്നതോടെ ഗതാഗത തിരക്ക് പതിൻ മടങ്ങ് വർദ്ധിക്കും.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ആളുകളെ കയറ്റാൻ നിർത്തുന്ന സ്ഥലം ഇടുങ്ങിയതായതിനാൽ ബസ്സ് നിർത്തുമ്പോഴേക്കും ഗതാഗതസ്തംഭനമുണ്ടാകൽ പതിവാണ്. ചീറിപ്പാഞ്ഞ് വരുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കൂളിമാട് പാലത്തിന്റെ അപ്രോച്ച് റോഡ്, ജംഗ്ഷൻ വരെ എത്താത്തതും വലിയ തിരിച്ചടിയാണ്.
വർഷങ്ങൾക്ക് മുമ്പ് അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം അക്വിസിഷൻ നടത്തുന്ന വേളയിൽ അന്നത്തെ ഉദ്യോഗസ്ഥർ കാണിച്ച സ്വജനപക്ഷപാതത്തിന്റെ തിക്തഫലം ഇന്ന് കൂളിമാട് നിവാസികളും അതിലെ സഞ്ചരിക്കുന്നവരും അനുഭവിക്കുകയാണ്. ജംഗ്ഷന്റെ ഏകദേശം 100 മീറ്റർ മുമ്പായി സമീപന റോഡ് അവസാനിക്കുന്നു. ഇവിടം മുതൽ കൂളിമാട് - കളൻതോട് റോഡ് നവീകരണത്തിന്റെ ഭാഗമായി വികസിപ്പിക്കും എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അക്വിസിഷൻ നടപടികൾക്ക് ഇതിൽ വകുപ്പില്ല.
ഇതിന്റെ നവീകരണം അനിശ്ചിതമായി നീണ്ടു പോകുന്നതും ജംഗ്ഷൻ വികസനത്തിന് തടസ്സമായി നിൽക്കുന്നു.
അക്വിസിഷനില്ലാത്തതിനാൽ നവീകരണം നടന്നാലും അപ്രോച്ച് റോഡിന്റെ വീതി ഈ ഭാഗത്തുണ്ടാവില്ല.
ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ - എരഞ്ഞിമാവ് റോഡിന്റെ നവീകരണവും ജല ജീവൻ മിഷന്റെ പൈപ്പിടൽ കാരണം മുടങ്ങിക്കിടക്കുകയാണ്. എസ്റ്റിമേറ്റ് തുക വർദ്ധിപ്പിക്കണമെന്നാണ് കരാറുകാരന്റെ ആവശ്യം.
കൂളിമാട് - പാഴൂർ റോഡിന്റെ നവീകരണവും നിശ്ചലാവസ്ഥയിലാണ്.
ജംഗ്ഷൻ വികസിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
മലപ്പുറം ജില്ലയിൽ നിന്ന് MVR കാൻസർ സെന്റർ, KMCT മെഡിക്കൽ കോളേജ്, NIT കാംപെസ് എന്നിവിടങ്ങളിലേക്കും കൊടുവള്ളി, താമരശ്ശേരി വഴി വയനാട്ടിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റൂട്ടായതിനാൽ ഗതാഗത തിരക്ക് വർദ്ധിക്കും.
ആയതിനാൽ എത്രയും വേഗത്തിൽ നവീകരണത്തിനാവശ്യമായ പ്രത്യേക ഫണ്ട് വകയിരുത്തി ഫൂട്ട്പാത്തു കൾ , ബസ് ബേകൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ,ട്രാഫിക്ക് ഐലന്റുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ സ്ഥാപ്പിച്ച് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
KOOLIMAD



