നോളജ് സിറ്റി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് സന്ദർശിച്ച് ജുമുഅക്ക് നേതൃത്വം നൽകി. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ അദ്ദേഹം മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ഫലമായി സംയുക്ത പ്രസ്താവനയും നടത്തി.
ഈജിപ്തിലെ പത്തൊൻപതാമത്തേതും, നിലവിൽ തുടരുന്നതുമായ ഗ്രാൻഡ് മുഫ്തിയും, അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമാണ് ഡോ. ശൈഖ് ശൗഖി അല്ലാം. ലോക ഇസ്ലാമിക പണ്ഡിതരിലെ മുൻനിര നേതാക്കളിൽ ഒരാളായ അദ്ദേഹം, ലോകമെമ്പാടുമുള്ള ഫത്‌വ അതോറിറ്റികൾക്കായുള്ള ജനറൽ സെക്രട്ടേറിയേറ്റ് സുപ്രീം കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് കൂടിയാണ്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനും, ഇന്ത്യയിലെ ഗ്രാൻഡ് മസ്ജിദായ ജാമിഉൽ ഫുതൂഹിലെ ജുമുഅക്ക് നേതൃത്വം നൽകാനുമാണ് പ്രഥമ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം കേരളത്തിലേക്ക് എത്തിയത്. വിവിധ മേഖലകളിലെ പണ്ഡിതന്മാരുമായും, വിശ്വാസികളുമായും ജാമിഉൽ ഫുതൂഹിൽ വെച്ച് അദ്ദേഹം സംവദിച്ചു. നോളജ് സിറ്റിയിലെ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, പാർപ്പിടം, വാണിജ്യം, കൃഷി എന്നീ മേഖലകളിലെ മേധാവികളുമായുള്ള ചർച്ചയും നടത്തി. ശേഷം നോളജ് സിറ്റിയിലെ വിവിധ സംരംഭങ്ങൾ അദ്ദേഹം സന്ദർശിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഇബ്രാഹിം നജം കൈറോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KOZHIKODE

